പണ്ട് നാട്ടിലെ പ്രമാണിമാരുടെ വീട്ടിൽ രണ്ടും മൂന്നും വൈക്കോൽ തുറു കാണും.ചെറുക്കൻ്റെ വീട്ടിലെ തുറുവിൻ്റെ ഉയരത്തിൻ്റെയും വലുപ്പത്തിൻ്റെയും അടിസ്ഥാനത്തിലായിരുന്നു അന്ന് വീട്ടുകാർ പെൺകുട്ടികളെ കെട്ടിച്ചു വിട്ടിരുന്നത്.പശുക്കളും, കാളകളും, കാളവണ്ടിയും ,വൈക്കോൽ തുറുവും അന്നൊക്കെ നാട്ടിലെ പ്രമാണിമാരുടെ വീടിന്റെ അലങ്കാരങ്ങളായിരുന്നു. പ്രമാണി മാരുടെ വീട്ടിൽ പശുക്കളും, പൊക്കത്തിൽ നിർമ്മിച്ച വലിയതൊഴുത്തും അതിനോടൊപ്പം അതിനേക്കാൾ ഉയരത്തിൽ തുറുവും കാണുമായിരുന്നു.അതായിരുന്നു നാട്ടിലെ പണക്കാരന്റെ അന്നത്തെക്കാലത്തെ അടയാളം.
പശുക്കളുടെ തീറ്റയായ വൈക്കോൽ ഈ മയ്യാലിൽ കൂര പോലെ ശേഖരിച്ച് തുറുവാക്കി നിർത്തും.ഈ തുറുവും മയ്യാലും വീട്ടിൽ പെണ്ണുകാണാൻ വരുന്ന കാരണവന്മാർ പ്രത്യേകം ശ്രദ്ധിക്കും.പണ്ട് വീടിനേക്കാൾ പ്രാധാന്യം തുറുവിനും മയ്യാലിനും തൊഴുത്തിനും ആയിരുന്നു.അന്നത്തെ സ്ത്രീധനം, നിലവും, കൃഷി വയലുകളും, കറവപശുക്കളും, വണ്ടിക്കാളകളും, കാളവണ്ടിയുമൊക്കെയായിരുന്നു.
ആടുമാടുകൾക്ക് തീറ്റ കൊടുക്കാനുള്ള കച്ചി, മഴയിൽ നിന്ന് സംരക്ഷിക്കാനുള്ള ഉപധിയായിരുന്നു കച്ചിത്തുറു. മരത്തിനോ കുത്തി നാട്ടിയ വലിയ തടിക്കോ ചുറ്റും, ക്രിസ്തുമസ് അപ്പൂപ്പനെയോ, ഭീമാകരമായ നോക്കുകുത്തികളെയോ അനുസ്മരിപ്പിക്കുന്ന ഈ രൂപം ബാല്യത്തിന്റെ കൗതുകമായിരുന്നു.
സാധാരണ പാഴ്മരങ്ങള്‍ക്ക് ചുറ്റുമാണ് കച്ചിത്തുറു ഇടുന്നത്. കാരണം കച്ചിയുടെ ചൂട് മൂലും മരങ്ങള്‍ക്ക് കേടു വരാന്‍ സാധ്യതയുണ്ട്. നിവൃത്തിയൊന്നുമില്ലെങ്കിൽ തെങ്ങിനു ചുറ്റുമായും തുറു ഇടാറുണ്ട്. മരം തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നെ അതിനും ചുറ്റുമായി രണ്ട് മൂന്നടി പൊക്കത്തില്‍ ഒരു തട്ടുണ്ടാക്കും. പിന്നെ അതില്‍ മെടഞ്ഞ ഓലയോ മറ്റോ വിരിച്ച് കച്ചി താഴേയ്ക്ക് ഊര്‍ന്നു പോകാത്ത വിധത്തില്‍ ക്രമീകരിക്കും. പിന്നെ കച്ചി, മരത്തിനു ചുറ്റുമായി തട്ടില്‍ വിതറി ചവിട്ടിയൊതുക്കി തുറു കെട്ടിപ്പൊക്കും.ശരിയായ രീതിയിലല്ല കച്ചി ചവിട്ടി ഒതുക്കുന്നതെങ്കില് പിന്നെ തുറു മഴക്കാലത്ത് താഴെ പോരാന്‍ സാധ്യതയുണ്ട്.തുറു ഇട്ടു കഴിഞ്ഞ് അതിന്റെ മുകളില്‍ മൂട കെട്ടണം. മരത്തിലൂടെ ഒഴുകി വരാവുന്ന വെള്ളം കച്ചിത്തുറുവിലിറങ്ങാത്ത രീതിയില്‍ മരത്തിനു ചുറ്റും ഓലത്തുമ്പും കച്ചി പിരിച്ചുണ്ടാക്കുന്ന കയറും ചേര്‍ത്ത് പ്രത്യേക രീതിയില്‍ കെട്ടി വെയ്ക്കുന്നതാണത്. വളരെ പ്രധാനപ്പെട്ടതാണ് മൂട കെട്ടൽ.