ധനാഢ്യനായ ഒരു കച്ചവടക്കാരൻ തന്റെ കടയില്‍ മാനേജരായി ഒരാളെ നിയമിച്ചു. കച്ചവടക്കാരന് ധാരാളം യാത്ര ചെയ്യണമായിരുന്നു. അതിനാൽ കടയുടെ പൂര്‍ണ്ണ ചുമതല മാനേജര്‍ക്കായിരുന്നു. കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നതിനും, ദിവസവുമുള്ള വിറ്റുവരവിലെ പത്തുശതമാനം മാറ്റിവെയ്ക്കുന്നതിനും അതിൽ ഏഴുശതമാനം തന്റെ വീട്ടിൽ ഏൽപ്പിക്കുന്നതിനും മൂന്നു ശതമാനം ഒരു അനാഥക്കുട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനും ഉടമ നിർദ്ദേശിച്ചിരുന്നു.
തുടക്കത്തില്‍ മാനേജര്‍ കൃത്യമായി പണം അക്കൗണ്ടില്‍ അടച്ചു. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ ‘താന്‍കൂടി കഷ്ടപ്പെടുന്നതില്‍നിന്ന് മൂന്ന് ശതമാനം എന്തിനാണ് ഒരു അനാഥന്റെ അക്കൗണ്ടില്‍ അടയ്ക്കന്നത് ‘ എന്നു മാനേജർ ചിന്തിച്ചു. തുടര്‍ന്ന് അയാള്‍ ഒരുശതമാനം ബാങ്കിലടയ്ക്കുകയും ബാക്കി കൂട്ടുകാരുമായി മദ്യപിക്കുന്നതിനും മറ്റും ചിലവഴിക്കുകയും ചെയ്തു. പിന്നീട് അതും വല്ലപ്പോഴുമൊക്കെയായി. കച്ചവടക്കാരന്‍ ഒരിക്കലും മാനേജരെ സംശയിക്കുകയോ അക്കൗണ്ടിന്റെ വിവരം അന്വേഷിക്കുകയോ ചെയ്തില്ല.
നാളുകള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ രോഗിയായി ജോലിക്കുവരാന്‍ കഴിയാതെ വീട്ടിലിരിക്കുമ്പോള്‍ കടയുടമയുടെ ഒരു കത്തുകിട്ടി.
“നിനക്ക് അസുഖമാണന്നറിഞ്ഞു. ഇനിയും ജോലിക്ക് വരുവാൻ കഴിയില്ലല്ലോ. നിന്നോട് എല്ലാദിവസവും ബാങ്കില്‍ മൂന്നു ശതമാനം അടയ്ക്കണം എന്നു പറഞ്ഞത് ഓര്‍മയുണ്ടല്ലോ? ആ അക്കൗണ്ട് നിന്റെ പേരിലുള്ളതാണ്. ശിഷ്ടകാലം മുഴുവന്‍ നിനക്ക് സുഖമായി കഴിയാനുള്ള പണം ഇപ്പോള്‍ ആ അക്കൗണ്ടില്‍ കാണും. വിവേക ബുദ്ധിയോടെ ആ പണം ഉപയോഗിച്ച് ജീവിക്കണം.”
ഈ കത്തു വായിച്ച മാനേജരുടെ മാനസികാവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ. ഇത് നമ്മിൽ പലരുടെയും അനുഭവമല്ലേ? വിശ്വസ്തതയോടെ കൈകാര്യം ചെയ്യുവാൻ ഏൽപ്പിച്ചിരിക്കുന്ന ദാനങ്ങൾ നാം എത്രമാത്രം വിശ്വസ്തരായിട്ടാണ് ഉപയോഗിക്കുക? മനുഷ്യ ജീവിതത്തിൽ ഏറ്റവും അനിവാര്യമായ ഘടകമാണ് വിശ്വസ്തത. വിശ്വസ്തതയാണ് ജീവിതത്തിന്റെ മഹത്വവും വിജയവും. വിശ്വസ്തത ഇല്ലാത്ത ഏതൊരു വ്യക്തിയും, സ്വയം വഞ്ചിക്കുകയും നശിപ്പിക്കുകയും ആണ്. അവിശ്വസ്തരായ പലർക്കും ഒരുപക്ഷേ മറ്റുള്ളവരുടെ മുൻപിൽ വിശ്വസ്തരായി അഭിനയിക്കുവാൻ കഴിയുമായിരിക്കും. എന്നാൽ തന്റെ സ്വന്തം മനസ്സാക്ഷിയുടെ മുൻപിൽ എന്നും കുറ്റക്കാർ ആയിരിക്കും.
അവിശ്വസസ്തരായവർ മറ്റാരെയെല്ലാം വഞ്ചിക്കുന്നു എന്നതിനേക്കാൾ അധികം, തന്നെ തന്നെയാണ് വഞ്ചിക്കുന്നത് എന്നത് ഒരിക്കലും വിസ്മരിപ്പാൻ പാടില്ല. അങ്ങനെയുള്ളവർക്ക് ഈ കഥയിലെ മാനേജരെ പോലെ സ്വയ വിനാശവും ദുഃഖവുമാണ് ഫലം.