സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം പെണ്‍കുട്ടികളെ പ്രണയ ബന്ധങ്ങളിലും ലൈംഗീക ചൂഷണങ്ങളിലും കുരുക്കുന്നതായി പൊലീസ്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ അമിതമായി ഉപയോഗിക്കുന്ന കുട്ടികളെയാണ് വലയില്‍ വീഴ്ത്താന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നത്. പ്രണയം നടിച്ച് പെൺകുട്ടികളെ പലയിടങ്ങളിലേക്കും പ്രലോഭിപ്പിച്ചു കൊണ്ടുപോയി ലൈംഗിക ചൂഷണത്തിനിരയാക്കുകയാണ് ചെയ്യുന്നത്.
കണ്ണൂരിൽ നിന്നും വയനാട്ടിലെ റിസോര്‍ട്ടിലേക്കും ബെംഗ്ളൂറിലേക്കും പെണ്‍കുട്ടികളെ തന്ത്രപരമായി കൂട്ടിക്കൊണ്ടു പോയി ലൈംഗീക ചൂഷണത്തിനിരയാക്കിയ സംഭവങ്ങൾ പൊലീസ് കഴിഞ്ഞ ദിവസം വെളിച്ചത്തു കൊണ്ടു വന്നു. പാവപ്പെട്ട വീട്ടിലെ കുട്ടികളാണ് സെക്സ് റാക്കറ്റുകളുടെ ഇരയാവുന്നത്. കൗമാരക്കാരെ ലക്ഷ്യമിട്ടാണ് സെക്സ് മാഫിയ പ്രവര്‍ത്തിക്കുന്നത്. കണ്ണൂരിലെ മലയോര മേഖലയില്‍ നിന്നും വീടുവിട്ടിറങ്ങിയ ഈ പെണ്‍കുട്ടികള്‍ ഇന്‍സ്റ്റഗ്രാം പ്രണയത്തില്‍ കുടുങ്ങിയവരാണെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.
തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും 16 കാരികളെ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിങ്ക് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് ഇന്‍സ്റ്റഗ്രാം പ്രണയം മൂത്ത് വീട്ടില്‍ നിന്നും ചാടിപ്പോന്നതാണെന്ന് വ്യക്തമായത്. തലശേരിയില്‍ നിന്നും ബെംഗ്ളൂറിലേക്ക് വരാനായിരുന്നു ഇവരോട് പ്രണയിതാക്കള്‍ നിര്‍ദേശിച്ചിരുന്നത്. ഇതിനായുളള പണവും വസ്ത്രങ്ങളും കുട്ടികൾ കരുതിയിരുന്നു. കോടതിയില്‍ ഹാജരാക്കി കൗണ്‍സിലിങ് നല്‍കിയതിന് ശേഷമാണ് ഇവരെ രക്ഷിതാക്കളോടൊപ്പം വിട്ടയച്ചത്.
കഴിഞ്ഞ ഒരു മാസത്തിനിടെ കണ്ണൂർ- കാസർകോട് ജില്ലകളിലായി 12ലേറെ പെണ്‍കുട്ടികളാണ് ഇന്‍സ്റ്റഗ്രാം വലയില്‍ വീണ് നാടുവിടാന്‍ ശ്രമിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട്ടെ തീരദേശമേഖലയില്‍ നിന്നും 16 വയസുളള പെണ്‍കുട്ടികളെ കാണാതായിരുന്നു. രക്ഷിതാക്കളുടെ പരാതി ലഭിച്ചയുടന്‍ ചന്തേര എസ്ഐ എം.വി ശ്രീദാസിന്റെ നേതൃത്വത്തിലുളള സംഘം നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കോഴിക്കോടു റെയിൽവെ സ്റ്റേഷനിൽ നിന്നും ആർ.പി.എഫ് കണ്ടെത്തിയത്.
കാസർകോട് ജില്ലയിലെ ചന്തേരയിൽ നിന്നും കാണാതായ 15 ഉം 16 ഉം വയസുള്ള ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലാണ് കണ്ടെത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട രണ്ട് യുവാക്കളോടൊപ്പം ഇരുവരും ആര്‍പിഎഫിന്റെ പിടിയിലാക്കുകയായിരുന്നു. ബന്ധുക്കളായ ഇരുവരും ചന്തേരയിൽ നിന്ന് ബസില്‍ പയ്യന്നൂരിൽ പോയി അവിടെ നിന്നും രാത്രിയിലെ മലബാര്‍ എക്സ്പ്രസില്‍ കോഴിക്കോട്ടേക്ക് പുറപ്പെടുകയായിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കുന്നമംഗലം സ്വദേശികളായ രണ്ട് യുവാക്കള്‍ പെണ്‍കുട്ടികളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കാത്ത് നിൽപ്പുണ്ടായിരുന്നു. അര്‍ധരാത്രിയോടെ ട്രെയിന്‍ കോഴിക്കോട് എത്തി, കാത്തുനിന്ന യുവാക്കള്‍ക്കൊപ്പം സ്ഥലം വിടാനുള്ള ഒരുക്കത്തിനിടെ ഇവര്‍ റെയില്‍വേ സംരക്ഷണ സേനയുടെ പിടിയിലാവുകയായിരുന്നു. അതിനിടെ, ചന്തേരയിൽ നിന്ന് കുമ്പളയിലേയ്ക്കു പുറപ്പെട്ട പെണ്‍കുട്ടികള്‍ സന്ധ്യ കഴിഞ്ഞിട്ടും വീട്ടിലെത്തിയിട്ടില്ലെന്ന് അറിഞ്ഞ ബന്ധുക്കള്‍ ചന്തേര പൊലീസില്‍ പരാതി നല്കി.
കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍പിഎഫ് ഇവരെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പിടികൂടിയത്. ഇരുവരെയും ചന്തേരയില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
കോവിഡിന് ശേഷമാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി കുട്ടികളില്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നത് വ്യാപകമായത്. എന്നാല്‍ പിന്നീട് ഇത് സോഷ്യല്‍ മീഡിയ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്നതിലേക്ക് വഴിമാറുകയായിരുന്നു. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണം എന്ന് പൊലീസ് മുന്നറിയിപ്പ് നല്കുന്നു.