തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന് പത്തനംതിട്ടയിലെ തിലുവല്ലയിലും മലപ്പുറത്തെ തിരൂരിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ റയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതി.
തിരുവല്ല, തിരൂര്‍ സ്റ്റേഷനുകളില്‍ നിന്ന് നിരവധി പേരാണ് നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതെന്നും അതിനാല്‍ റെയില്‍വെക്ക് വരുമാനം കൂടാന്‍ ഇടയാക്കുന്ന ഈ രണ്ട് സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.രണ്ട് സ്റ്റേഷനുകളുടെ പ്രാധാന്യവും കത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ ഏക റയിൽവേ സ്റ്റേഷനാണ് തിരുവല്ല.യാത്രക്കാർ ഏറെയുള്ള മധ്യതിരുവിതാംകൂറിലെ ഒരു സ്റ്റേഷൻ കൂടിയാണിത്.ശബരിമല, ചക്കുളത്തുകാവ്, എടത്വ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾക്കും മാരാമൺ, കുമ്പനാട്, ചെറുകോൽപ്പുഴ തുടങ്ങിയ അധ്യാത്മിക സെന്ററുകൾക്കും ഏറെ അടുത്താണ് സ്റ്റേഷൻ.അതിനാൽ ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ ഒരു പ്രധാന റയിൽവെ സ്റ്റേഷനാണ് തിരൂർ.ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നത്.നേരത്തെ ഇവിടെ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചിരുന്നെങ്കിലും പിന്നീടത് ഷൊർണൂരിലേക്ക് മാറ്റുകയായിരുന്നു.സ്റ്റോപ്പ് പുനഃസ്ഥാപിക്കാനുള്ള നടപടിയുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.