കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ ഇനി ഒരു വർഷത്തേക്ക് മാത്രമേ പുതുക്കി നൽകുകയുള്ളൂ. ഞായറാഴ്ച രാജ്യത്തെ ട്രാഫിക് വകുപ്പാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. നേരത്തെ ലൈസൻസുകൾ മൂന്ന് വർഷത്തേക്ക് പുതുക്കി നൽകിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഒരു വർഷമായി പരിധി നിശ്ചയിച്ചത്. അതേസമയം കുവൈത്തിൽ വീട്ടുജോലിക്കാരായി ജോലി ചെയ്യുന്നവർക്ക് ഇപ്പോഴത്തെപ്പോലെ മൂന്ന് വർഷത്തേക്ക് തന്നെ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കി നൽകുമെന്നും ട്രാഫിക് വകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസുകൾ അനുവദിക്കുന്നതിനും അവ പുതുക്കുന്നതിനുമുള്ള നിബന്ധനകൾ കുവൈത്ത് ട്രാഫിക് വകുപ്പ് കർശനമാക്കിയിരുന്നു. നിയമം അനുവദിക്കുന്ന വ്യവസ്ഥകൾ പ്രകാരം മാത്രമേ ഡ്രൈവിങ് ലൈസൻസുകൾ കരസ്ഥമാക്കാൻ പ്രവാസികളെ അനുവദിക്കൂ എന്നാണ് ഇതിന്റെ ഭാഗമായി അറിയിച്ചിരുന്നതും. പരിശോധനകളിൽ നിബന്ധനകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ ആയിരക്കണക്കിന് ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കുകയും ചെയ്‍തതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലുണ്ടായിരുന്നു.
നിലവിൽ 600 കുവൈത്തി ദിനാറെങ്കിലും പ്രതിമാസ ശമ്പളവും സർവകലാശാലാ ബിരുദ യോഗ്യതയും ഉള്ള പ്രവാസികൾക്കാണ് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത്. അതിന് തന്നെ ഇവർ രണ്ട് വർഷമെങ്കിലും കുവൈത്തിൽ താമസിച്ചവർ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ ഡോക്ടർമാരും എഞ്ചിനീയർമാരും ഉൾപ്പെടെയുള്ള നിരവധി തൊഴിൽ വിഭാഗങ്ങൾക്ക് ഈ നിബന്ധനകളിൽ ഇളവും അനുവദിച്ചിട്ടുണ്ട്.
നേരത്തെ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾക്ക് പത്ത് വർഷമായിരുന്നു കാലാവധി അനുവദിച്ചിരുന്നത്. പിന്നീട് അത് പ്രവാസികളുടെ ഇഖാമയുടെ കാലാവധിക്ക് തുല്യമാക്കി. അതിന് ശേഷം ഏറെ നാൾ ഒരു വർഷ കാലാവധിയിൽ ലൈസൻസ് പുതുക്കി നൽകിയിരുന്നു. 2020ൽ ആണ് ഡ്രൈവിങ് ലൈസൻസുകളുടെ കാലാവധി വീണ്ടും മൂന്ന് വർഷമാക്കി വർദ്ധിച്ചിപ്പിച്ചത്. ഇത് ഇപ്പോൾ വീണ്ടം ഒരു വർഷമാക്കി കുറച്ചിരിക്കുകയാണ് ട്രാഫിക് വകുപ്പ്.