KeralaNEWS

രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ; സൗകര്യങ്ങൾ ഇങ്ങനെ

കൊച്ചി: രാജ്യത്തെ ആദ്യത്തെ  ജലമെട്രോ പദ്ധതി ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.പൊതുജനങ്ങളെ കയറ്റിയുള്ള സര്‍വിസ് ബുധനാഴ്ച ആരംഭിക്കും. എറണാകുളം ഹൈകോര്‍ട്ട്-ബോള്‍ഗാട്ടി-വൈപ്പിന്‍ റൂട്ടിലാണ് സര്‍വിസ് തുടങ്ങുന്നത്. 20 രൂപയാണ് മിനിമം ചാര്‍ജ്.
ടെര്‍മിനലുകളിലെ കൗണ്ടറുകളില്‍നിന്ന് ടിക്കറ്റെടുത്ത ശേഷം ടിക്കറ്റ് പോസ്റ്റില്‍ പഞ്ച് ചെയ്ത് അകത്തേക്ക് കയറാം. അവിടെ സ്ഥാപിച്ച ഫ്ലോട്ടിങ് പൊണ്ടൂണുകളിലൂടെ ബോട്ടിലേക്ക് പ്രവേശിക്കാം.
കൊച്ചി മെട്രോ ട്രെയിനിലേതിന് സമാനമായ നീല നിറത്തിലാണ് സീറ്റുകള്‍. വശങ്ങളിലുള്ള വലിയ ഗ്ലാസിലൂടെ കായല്‍ കാഴ്ചകള്‍ ആസ്വദിക്കാം. സുരക്ഷാ നിര്‍ദേശങ്ങള്‍ ദൃശ്യമാകുന്ന സ്ക്രീന്‍ ബോട്ടിനുള്ളിലുണ്ടാകും. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള ലൈഫ് ജാക്കറ്റുകള്‍ സീറ്റുകള്‍ക്ക് അടിയില്‍ സൂക്ഷിച്ചിട്ടുണ്ട്. യാത്രക്കാരുടെ ബാഗുകള്‍ സൂക്ഷിക്കാനും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുമൊക്കെ സംവിധാനങ്ങളുണ്ട്. കായല്‍പരപ്പിലൂടെ വേഗത്തില്‍ പോകുമ്ബോഴും പരമാവധി ഓളം ഉണ്ടാക്കുന്നത് കുറക്കുന്ന രീതിയിലാണ് ബോട്ടിന്‍റെ ഘടന. ഓപറേറ്റിങ് കണ്‍ട്രോള്‍ സെന്‍ററില്‍നിന്ന് ബോട്ടിന്‍റെ സഞ്ചാരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്.
ഹൈകോര്‍ട്ട്, ബോള്‍ഗാട്ടി, വൈപ്പിന്‍ എന്നിവ കൂടാതെ വൈറ്റില, കാക്കനാട് ടെര്‍മിനലുകളുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍ ടെര്‍മിനലുകളുടെ നിര്‍മാണം കഴിഞ്ഞെങ്കിലും പൊണ്ടൂണുകള്‍ സ്ഥാപിക്കാനുണ്ട്. കൂടുതല്‍ ബോട്ടുകള്‍ കൊച്ചി കപ്പല്‍ശാലയില്‍നിന്ന് ലഭിക്കുന്ന മുറക്ക് ഇവിടേക്കും സര്‍വിസ് നീട്ടുമെന്ന് അധികൃതർ അറിയിച്ചു.

ടെര്‍മിനലില്‍നിന്ന് ബോട്ടിലേക്ക് കയറുന്ന ഭാഗത്ത് ഫ്ലോട്ടിങ് പൊണ്ടൂണുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കായലിലെ വെള്ളം ഉയരുകയും താഴുകയും ചെയ്താലും ബോട്ടും പ്ലാറ്റ്ഫോമും ഒരേ നിരപ്പിലായിരിക്കും. അതുകൊണ്ട് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സുരക്ഷിതമായി ബോട്ടില്‍ കയറുകയും ഇറങ്ങുകയും ചെയ്യാം. ബാറ്ററി തീര്‍ന്നാല്‍ യാത്ര തുടരാന്‍ ഡീസല്‍ ജനറേറ്ററുമുണ്ട്.

ആദ്യഘട്ടത്തിലെത്തിച്ച ബോട്ടുകളില്‍ 100 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. ഇതില്‍ 50 സീറ്റാണുണ്ടാകുക. ബാക്കിയുള്ളവര്‍ക്ക് നിന്ന് യാത്ര ചെയ്യാം. കൂടുതല്‍ ടെര്‍മിനലുകള്‍ യാഥാര്‍ഥ്യമാകുമ്ബോള്‍ 50 പേരെ ഉള്‍ക്കൊള്ളുന്ന ബോട്ടുകളുമെത്തും. ഓരോ ബോട്ടിന്‍റെയും ശേഷിയേക്കാള്‍ കൂടുതല്‍ ഒരാള്‍ക്കുപോലും അധികമായി യാത്രചെയ്യാനാകില്ല.യാത്രക്കാര്‍ അധികം കയറിയാല്‍ ബോട്ടിലെ പാസഞ്ചര്‍ കൗണ്ടിങ് സിസ്റ്റം സിഗ്നല്‍ നല്‍കും. തുടര്‍ന്ന് ആളെ ഇറക്കിയതിന് ശേഷമായിരിക്കും സര്‍വിസ് ആരംഭിക്കുക.

Signature-ad

ഒരു ബോട്ട് മാസ്റ്ററും രണ്ട് അസി. ബോട്ട് മാസ്റ്റര്‍മാരുമാണ് ജലമെട്രോ ബോട്ട് നിയന്ത്രിക്കുക. വീല്‍ഹൗസിലിരുന്ന് ബോട്ട് മാസ്റ്റര്‍ യാത്ര നിയന്ത്രിക്കുമ്ബോള്‍ മറ്റുഭാഗങ്ങളിലെ കാര്യങ്ങള്‍ അസി. ബോട്ട് മാസ്റ്റര്‍മാര്‍ പരിശോധിക്കും. ഇവര്‍ തമ്മില്‍ വാക്കിടോക്കിയിലൂടെ നിര്‍ദേശങ്ങള്‍ കൈമാറും. നാലുഭാഗത്തുമുള്ള സി.സി ടി.വി കാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ തത്സമയം ബോട്ട് മാസ്റ്റര്‍ക്ക് നിരീക്ഷിക്കാനാകും.

 

ബോട്ടിലുള്ള റഡാര്‍ സംവിധാനത്തിലൂടെയും നിരീക്ഷണമുണ്ടാകും.ബോട്ടിന്‍റെ വേഗം, ദിശ, സഞ്ചരിക്കുന്ന ഭാഗത്തെ കായലിന്‍റെ ആഴം എന്നിവ കൃത്യമായി അറിയാം. വെള്ളത്തിനടിയിലോ സഞ്ചാരപാതയിലോ തടസ്സങ്ങളുണ്ടെങ്കില്‍ ബോട്ട് മാസ്റ്റര്‍ക്ക് അറിയാനാകും.എത്ര ദൂരെയാണ് തടസ്സം സ്ഥിതി ചെയ്യുന്നതെന്നും അതിലേക്ക് എത്ര സമയത്തിനുള്ളില്‍ എത്തുമെന്നതുമെല്ലാം കൃത്യമായി മുന്നിലുള്ള ഡിസ്പ്ലേയില്‍ ദൃശ്യമാകും.

 

ബോട്ടിന്‍റെ പിന്‍ഭാഗത്താണ് എന്‍ജിന്‍. ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് ബോട്ട്.

Back to top button
error: