പശ്ചിമഘട്ട മലനിരകളിൽ കർണാടകയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കൊടക് അഥവാ കൂർഗ് . കേരളത്തിലെ വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകൾ കൂർഗുമായി അതിർത്തി പങ്കിടുന്നു. വയനാട് ജില്ലയോട് സമാനമായ ഭൂപ്രകൃതിയാണ് കുടകിനുള്ളത്. അഞ്ചര ലക്ഷം ജനങ്ങളിൽ കുടവരെയും കന്നടിഗരെയും കൂടാതെ ഒന്നര ലക്ഷത്തിലധികം മലയാളികളും ഉണ്ട് . രണ്ട് മൂന്ന് തലമുറമുൻപേ ഇവിടെ എത്തിചേർന്നതാണ് പല മലയാളി കുടുംബങ്ങളും. കാപ്പിയാണ് പ്രധാന കൃഷി. മടിക്കേരിയാണ് ജില്ലാ ആസ്ഥാനം.
മടിക്കേരി
സമുദ്രനിരപ്പിൽ നിന്ന് 1170 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ആസ്ഥാനമായ മടിക്കേരിയെത്തന്നെ ടൂറിസം ആസ്ഥാനമായും കണക്കാക്കാം. ടൂറിസം അടിസ്ഥാനമാക്കിയും ലക്ഷ്യം വെച്ചുമാണ് മടിക്കേരിയുടെ സാമ്പത്തീക രംഗം വളരുന്നത്. സഞ്ചാരികളെ ലക്ഷ്യം വച്ചുള്ള താമസ സൗകര്യങ്ങളും ഷോപ്പിങ് സെന്ററുകളും മടിക്കേരിയിൽ ധാരാളമുണ്ട്.
മടിക്കേരി കോട്ട, മ്യൂസിയം , രാജാവിന്റെ ശവകുടീരം, ഓംകാരേശ്വര ക്ഷേത്രം , രാജാ സീറ്റ് ഗാർഡൻ, മണ്ഡൽപ്പെട്ടി , അബി വെള്ളച്ചാട്ടം എന്നിവയാണ് മടിക്കേരിയിൽ പ്രധാനമായും സഞ്ചാരികൾ കാണേണ്ടത്.
തലക്കാവേരി
1276 മീറ്റർ ഉയരെ ബ്രഹ്മഗിരി മലനിരകളിൽ നിന്നാണ് പുണ്യ നദിയായ കാവേരി ഉത്ഭവിക്കുന്നത്. മനോഹരമായ ഈ വലിയ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനമുണ്ട്. പൊതു ഗതാഗത സംവിധാനം കുറവാണ്. മടിക്കേരിയിൽ നിന്ന് 43 കിലോമീറ്റർ ദൂരമുണ്ട്.
കുശാൽ നഗർ
കാവേരി തീരത്തുള്ള കുടകു പട്ടണം.
പ്രശസ്ഥമായ ടിബറ്റൻ ഗോൾഡൻ ടെംബിൾ കുശാൽ നഗറിന് സമീപമുള്ള ബൈലകുപ്പയിൽ ആണ് സ്ഥിതി ചെയ്യുന്നത്.
കാവേരി നദിയുടെ ദ്വീപിൽ നിർമ്മിച്ചിരി ക്കുന്ന കാവേരി നിസർഗധാമ എന്ന പാർക്ക്,
ദുബാരെ എലിഫന്റ് ക്യാമ്പ് , ഹാരംഗി ഡാം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
നാഗർ ഹോള നാഷ്ണൽ പാർക്ക്
കടുവയും പുലിയും ആനയും കരടിയും കാട്ടുപോത്തുമെല്ലാം വിഹരിക്കുന്ന പ്രശസ്ഥമായ വനമേഖല സഞ്ചാരികളെ കാത്തിരിക്കുന്നു.
കുടകിലെ കാലാവസ്ഥ പൊതുവേ തണുപ്പുള്ളതാണ്. ഇപ്പോൾ കേരളത്തിൽ കടുത്ത വേനൽക്കാലമായതിനാൽ കുടക് സഞ്ചരിക്കാൻ ഇത് അനുയോജ്യമായ സമയമാണ്.
തങ്ങാൻ പറ്റിയ സ്ഥലങ്ങൾ :
കുടകിൽ തങ്ങാൻ ഏറ്റവും പറ്റിയ സ്ഥലം മടിക്കേരിയാണ്. കുശാൽ നഗർ, ഗോണിക്കൊപ്പാൽ, വീരാജ്പേട്ട് എന്നിവിടങ്ങളും പിന്നാലെ ഉണ്ട്. സുരക്ഷിതമായ ഡബിൾ റൂം 1300 രൂപ മുതൽ ലഭിച്ചേക്കും.
എത്തിച്ചേരാൻ :
ട്രെയിൻ .. തിരുവനന്തപുരം ഭാഗത്തു നിന്ന് വരുന്നവർക്ക് തലശേരിയും കാസർഗോഡ് നിന്ന് വരുന്നവർക്ക് കണ്ണൂരും ആണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ. തലശ്ശേരിയിൽ നിന്ന് കുടകിലെ വീരാജ് പേട്ടിലേക്ക് 80 Km ദൂരമേ ഉള്ളു. കർണാടക/ കേരള RTC ബസുകൾ ധാരാളം കിട്ടും. രണ്ടാമത്തെത് മാനന്തവാടി കുട്ട വഴി ഉള്ളതാണ്.
കാര്യമായ തിരക്കില്ലാത്ത റോഡുകൾ , നല്ല കാലാവസ്ഥ, ശാന്തമായ അന്തരീക്ഷം … സ്കോഡ്ലാൻഡ് ഓഫ് ഇന്ത്യയിലേക്ക് ഏവർക്കും സ്വാഗതം …