കോഴി വളർത്തൽ ലാഭകരമായ ഒരു ബിസിനസ് ആണോ എന്ന് ചോദിച്ചാൽ
തീർച്ചയായും ആദായകരമായ ഒരു ബിസിനസ് തന്നെയാണെന്നാണ് മറുപടി.പക്ഷേ ഏതൊരു ബിസിനസിനെയും പോലെ അത്യാവശ്യം ചില കാര്യങ്ങൾ മനസ്സിലാക്കിയിട്ട് വേണം ഈ രംഗത്തേക്കും കടന്നു വരാൻ.
വാക്സിനേഷൻ ചെയ്ത കോഴികളെ മാത്രം വളർത്താനായി വാങ്ങുക കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.വെള്ളപ്പാത്രം , തീറ്റ നൽകുന്ന പാത്രം എന്നിവ എല്ലാ ദിവസവും വൃത്തിയാക്കണം. പൂപ്പൽ ഉള്ള ഭക്ഷണം കൊടുക്കരുത്.ചോറ് അധികമായി കൊടുത്താൽ കോഴിക്ക് നെയ്യ് മുറ്റും.ഇത് ബാലപാഠം.
തീറ്റ ചിലവ് കുറച്ചാൽ മാത്രമേ കോഴി വളർത്തൽ ലാഭകരമായി കൊണ്ടു പോകാൻ പറ്റുകയുള്ളൂ. തീറ്റയുടെ അളവ് കുറഞ്ഞാൽ മുട്ട ഉത്പാദനത്തെ ബാധിക്കും.തീറ്റയുടെ അളവ് കൂടിയാൽ കോഴിക്ക് നെയ്യ് മുറ്റും.അപ്പോൾ എന്തുചെയ്യും…?
ഒരു കോഴിക്ക് ഒരു ദിവസം ശരാശരി 120 ഗ്രാം ഭക്ഷണം മതി.ഈ ഭക്ഷണത്തിൽ തന്നെ ഇലകളും ,പുല്ലുകളും ഉൾപ്പെടുത്തണം. മുരിങ്ങയില, തുളസിയില ,ചേമ്പില വാഴയില, തുടങ്ങി ഒട്ടുമിക്ക ചെടികളുടെ ഇലകളും കോഴികൾക്ക് കൊടുക്കാം.എന്നാൽ കപ്പയുടെ ഇല നൽകരുത്.
കോഴിയെ കാഷ്ഠത്തിൽ നിർത്തി കഷ്ടപ്പെടുത്തരുത്.അസുഖം ഉണ്ടാകും. തീറ്റയിലൂടെയും വെള്ളത്തിലൂടെയും കാഷ്ഠം കോഴിയുടെ ഉള്ളിൽ പോകാതെ ശ്രദ്ധിക്കണം.കോഴിക്ക് എന്തെങ്കിലും അസുഖം വന്നാൽ കൊടുക്കാനുള്ള മരുന്ന് കയ്യിൽ സൂക്ഷിക്കണം. വിറ്റാമിനും ,കാൽസ്യവും കൂടാതെ സമയാസമയങ്ങളിൽ വിരയുടെ മരുന്നും നൽകണം.
കോഴിത്തീറ്റക്ക് ഇപ്പോൾ ഭയങ്കര വിലയാണ്.അതിനാൽതന്നെ ഭക്ഷണത്തിൽ ഇലകൾ, പുല്ലുകൾ ,അരി ,ഗോതമ്പ് പച്ചക്കറി അരിഞ്ഞ് വേസ്റ്റ്, മീൻ വേസ്റ്റ് ,ഇറച്ചി വേസ്റ്റ് തുടങ്ങിയവ ഉൾപ്പെടുത്തണം. ഓരോ പ്രായത്തിലും കോഴികൾക്ക് കൊടുക്കുന്ന കോഴിത്തീറ്റ കൃത്യമായിരിക്കണം. രണ്ടുമാസം വരെ സ്റ്റാർട്ടർ തീറ്റ കൊടുക്കണം .രണ്ടു മാസം മുതൽ കോഴി മുട്ടയിടാൻ തുടങ്ങുന്നതുവരെ അവരെ ഗ്രോവർ തീറ്റ കൊടുക്കണം മുട്ടയിടാൻ തുടങ്ങിക്കഴിഞ്ഞാൽ ലെയർ മാഷ് കൊടുക്കണം.
ഒരു കോഴിക്ക് ഒന്നര സ്ക്വയർഫീറ്റ് സ്ഥലം ചുരുങ്ങിയത് കൂട്ടിൽ ഉണ്ടാകണം.അല്ലെങ്കിൽ കൊത്ത് പിടിക്കും. ശരീരത്തിൽ സോഡിയം അളവ് കുറഞ്ഞാൽ കൊത്ത് പിടിക്കും അതിനായി സ്വല്പം ഉപ്പ് വെള്ളത്തിൽ കലർത്തി കൊടുത്താൽ മതി. സാധിക്കുമെങ്കിൽ കോഴിയെ ഇടയ്ക്കൊക്കെ ഒന്നഴിച്ചു വിടുന്നത് നല്ലതാണ്. കോഴിക്കൂട്ടിൽ കൊഴുപ്പ പോലുള്ള പുല്ലുകൾ കെട്ടാക്കി തൂക്കിയിട്ടാൽ കോഴികൾ കൊത്തിത്തിന്നു കൊത്ത് പിടിക്കൽ ശീലം മാറും.
നെയ്യ് മുറ്റിയാൽ പുളിയരി വേവിച്ച് കുറേശ്ശെ തീറ്റയിൽ ഇട്ടുകൊടുക്കാം. നെല്ല് കൊടുക്കാം .ബയോഗ്യാസ് പ്ലാൻറ് വാങ്ങിയാൽ കോഴിക്കാഷ്ടം ഉപയോഗിച്ച് വീട്ടിലേക്കാവശ്യമായ ഗ്യാസ് ഉണ്ടാക്കാം .മുട്ട ഉത്പാദനം കുറഞ്ഞാൽ അവയെ ഇറച്ചി വിലയ്ക്ക് വിറ്റ് ഒഴിവാക്കുന്നതാണ് നല്ലത്.