IndiaNEWS

കോണ്‍ഗ്രസ് നേത‍ൃത്വത്തെ വെല്ലുവിളിച്ച് രാജസ്ഥാനില്‍ ഏകദിന ഉപവാസം നടത്തി സച്ചിന്‍ പൈലറ്റ്

ദില്ലി: കോൺഗ്രസ് നേത‍ൃത്വത്തെ വെല്ലുവിളിച്ച് രാജസ്ഥാനിൽ ഏകദിന ഉപവാസം നടത്തി സച്ചിൻ പൈലറ്റ്. ബിജെപിയുടെ അഴിമതിക്കെതിരെ നാല് വർഷമായിട്ടും നടപടിയെടുക്കാത്തതിനാലാണ് സമരം നടത്തിയതെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. സർക്കാർ ഇതുവരെ നടപ്പാക്കിയ ജനകീയ പദ്ധതികൾ വിവരിച്ചുള്ള വീഡിയോ ഇറക്കിയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തിരിച്ചടിച്ചത്.

വസുന്ധര രാജെ സർക്കാരിൻറെ കാലത്തെ അഴിമതികൾക്കെതിരെ സർക്കാരിൽ നിന്ന് നടപടി ആവശ്യപ്പെട്ടാണ് ജയ്പൂരിൽ സച്ചിൻ പൈലറ്റിൻറെ ഉപവാസ സമരം നടത്തിയത്. സമരം ബിജെപിക്കെതിരെയാണെങ്കിലും ഉന്നം വെച്ചത് അശോക് ഗെലോട്ടിനെയായിരുന്നു. അച്ചടക്ക ലംഘനമാകുമെന്ന കോൺഗ്രസ് മുന്നറിയിപ്പ് നൽകിയെങ്കിലും അത് മറികടന്നായിരുന്നു ഉപവാസം. സർക്കാരിനെതിരെ നേരിട്ടുള്ള പ്രതികരണം ഒഴിവാക്കാൻ മൗനവ്രതം എന്ന തന്ത്രവും പൈലറ്റ് പുറത്തെടുത്തു. ബിജെപിയുള്ളിടത്തെല്ലാം കമ്മീഷൻ സർക്കാരാണെന്ന് കുറ്റപ്പെടുത്തിയ പൈലറ്റ്, അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.

Signature-ad

എന്നാൽ, കർണാടകയിലെ തെരഞ്ഞെടുപ്പിനും രാഹുലിൻറെ അയോഗ്യത വിഷയത്തിലും പാർട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ പൈലറ്റ് നടത്തിയ ഉപവാസം പാർട്ടിയുടെ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. രാജസ്ഥാൻറെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രൺധാവയെ ജയ്പൂരിലേക്ക് അയക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പൈലറ്റിനോട് ദില്ലിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി ഗെലോട്ടിനുള്ള പിന്തുണ കോൺഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉപവാസ സമരം തുടങ്ങാനിരിക്കെ രാജസ്ഥാനിലെ സർക്കാർ നീതിയുടെ പാതയിലാണെന്ന് കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു. പൈലറ്റിൻറെ സമരത്തെ പ്രതിരോധിക്കാൻ സർക്കാർ കഴിഞ്ഞ നാലര വർഷം നടപ്പാക്കിയ ജനകീയ പദ്ധതികൾ വിവരിച്ചുള്ള വീഡിയോ അശോക് ഗെലോട്ട് ഇന്ന് പുറത്തിറക്കി. ഇതിനിടെ ഉപവാസ സമരം രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിൻറെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോർ പറഞ്ഞു. രാഹുൽ വയനാട്ടിൽ എത്തിയ ദിവസം പാർട്ടിയ പ്രതിസന്ധിയിലാക്കിയ പൈലറ്റിൻറെ വിഷയത്തിലെ നടപടി ഉടൻ വ്യക്മതാക്കുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

Back to top button
error: