പാലക്കാട്: ഇടുക്കിയിൽ ജനജീവിതത്തിന് ഭീഷണിയായ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ നെൻമാറ എംഎൽഎയും കോടതിയിലേക്ക്. നെൻമാറ എംഎൽഎ കെ ബാബു നാളെ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകാനാണ് തീരുമാനം. അതേസമയം, വിഷയത്തിൽ ഹൈക്കോടതി അഭിപ്രായം തേടിയാൽ സർക്കാർ നിലപാട് അറിയിക്കുമെന്ന് മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ് എന്നിവർ വ്യക്തമാക്കി. ആർക്കും പ്രയാസമില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുക എന്നാണ് മന്ത്രിമാർ പറയുന്നത്.
അതേസമയം, ഇടുക്കിയിലെ അരിക്കൊമ്പനെ മയക്ക് വെടിവച്ച് പിടികൂടാനുളള ദൗത്യം ഏതാനും ദിവസം കൂടി വൈകും. ജിപിഎസ് കോളർ എത്താത്തതാണ് നടപടികൾ വൈകാൻ കാരണം. ചൊവ്വാഴ്ച മയക്കുവെടി വയ്ക്കാനായിരുന്നു ആലോചന. അരിക്കൊമ്പനായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനംവകുപ്പിൻ്റെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനാണ് വനംവകുപ്പ് ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ കോളർ കൈമാറാൻ ആസാം വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതി ലഭിച്ചിട്ടില്ല. ഈസ്റ്റർ അവധി ദിവസങ്ങളായതിനാലാണ് കാലതാമസമുണ്ടാകുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.
തിങ്കളാഴ്ച അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. ജിപിഎസ് കോളർ എത്തുന്നതിനനുസരിച്ച് മോക്ക് ഡ്രില്ലുൾപ്പെടെ നടത്താനുളള തീയതി നിശ്ചയിക്കാനാണ് വനംവകുപ്പിൻ്റെ തീരുമാനം. പറമ്പിക്കുളത്തേക്ക് കൊണ്ടുപോകുന്നത് തടയണമെന്ന ഹർജി കോടതി പരിഗണിച്ചാൽ ദൗത്യം വീണ്ടും നീളുമോയെന്ന ആശങ്ക വനംവകുപ്പിനും നാട്ടുകാർക്കുമുണ്ട്.