കോട്ടയം:ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ നാളെ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കും.പള്ളികളിൽ കുരിശിന്റെ വഴി പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും കുർബാനയുമുണ്ടാകും.
വിവിധ ദേവാലയങ്ങളിൽ ഇന്ന് നടന്ന പെസഹായുടെ ശുശ്രൂഷകളിൽ ആയിരക്കണക്കിനു വിശ്വാസികളാണ് പങ്കെടുത്തത്.വിവിധ മതമേലദ്ധ്യക്ഷന്മാർ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ചു.ഇതിനോടനുബന്ധിച്ച് കാൽകഴുകൽ ചടങ്ങുകളും നടന്നു.ക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാൽകഴുകിയതിന്റെ ഓർമ്മപുതുക്കലായിട്ടാണ് ഇത് ചെയ്തത്.
ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചടുത്തോളം അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനമാണ് ക്രിസ്തുവിന്റെ കുരിശുമരണം.രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൈവപുത്രന്‍ മനുഷ്യനായി അവതരിക്കുകയും മനുഷ്യ കുലത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരമായി കുരിശുമരണം വരിക്കുകയും ചെയ്തു.
ദു:ഖ വെള്ളി ദിനത്തിലാണ് കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളിലായി യേശുദേവനെ കുരിശിലേറ്റിയത്.മാനവരാശിയുടെ രക്ഷയ്ക്കും വലിയൊരു നന്‍മയ്ക്കും വേണ്ടിയാണ് യേശുദേവന്‍ പീഢാനുഭവങ്ങള്‍ സഹിച്ച് കുരിശുമരണം വരിച്ചത്.ഇതിനാലാണ് ദുഃഖവെള്ളി ഗുഡ് ഫ്രൈഡേ എന്നറിയപ്പെടുന്നത്.നാളെ രാവിലെ 8 മണി മുതൽ ദേവാലയങ്ങളിൽ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് തുടക്കമാകും.