IndiaNEWS

ഇന്‍ഡോറില്‍ 36 പേരുടെ ജീവനെടുത്ത കിണറപകടത്തിന് പിന്നാലെ ക്ഷേത്രത്തിലെ അനധികൃത നിര്‍മ്മിതികള്‍ ബുള്‍ഡോസറുകളുമായെത്തി പൊളിച്ച് മാറ്റി അധികൃതര്‍

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 36 പേരുടെ ജീവനെടുത്ത കിണറപകടത്തിന് പിന്നാലെ ക്ഷേത്രത്തിലെ അനധികൃത നിർമ്മിതികൾ പൊളിച്ച് മാറ്റി കോർപ്പറേഷൻ അധികൃതർ. രാമനവമി ആഘോഷത്തിനിടെയാണ് ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രത്തിലെ കിണറിൻറെ മേൽക്കൂര തകർന്ന് 36 പേർ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ക്ഷേത്രത്തിലെ അനധികൃത നിർമ്മാണങ്ങളും കെട്ടിടങ്ങളും അധികൃതർ പൊളിച്ച് നീക്കി.

അപകടമുണ്ടായ ക്ഷേത്രത്തിലെ പടിക്കിണറിനോട് ചേർന്ന് അനധികൃതമായ നിർമ്മാണപ്രവർത്തികൾ നടന്നിരുന്നുവെന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ കണ്ടെത്തിയത്. ഇതിന് പിന്നാലെ രണ്ട് ബുൾഡോസറുകളുമായെത്തിയാണ് അനധികൃത കെട്ടിടങ്ങൾ പൊളിച്ച് നീക്കിയത്. കനത്ത പൊലീസ് കാവലിലെത്തിയായിരുന്നു നടപടി. ഇൻഡോറിലെ ഏറ്റവും പഴക്കമേറിയ റസിഡൻഷ്യൽ കോളനികളിലൊന്നായ സ്‌നേഹനഗറിൽ ആണ് ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രമുള്ളത്. ഒരു സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് ക്ഷേത്രം.

Signature-ad

അടുത്തിടെ നടന്ന പരിശോധനയിൽ പടിക്കിണറുൾപ്പടെയുള്ള ക്ഷേത്രനിർമിതികൾ കെട്ടിടനിർമാണ ചട്ടം ലംഘിച്ചു നിർമിച്ചതാണെന്ന് കോർപ്പറേഷൻ റിപ്പോർട്ട് നൽകിയിരുന്നു. കിണർ പൊളിച്ചുനീക്കണമെന്ന് കോർപ്പറേഷൻ നേരത്തെ ഉത്തരവിട്ടെങ്കിലും ക്ഷേത്രാധികാരികൾ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് രാമനവമി ആഘോഷത്തിനിടെ ദാരുണമായ അപകടം സംഭവിച്ചത്.

രാമനവമി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്കായിരുന്നു. തിരക്ക് കൂടിയതോടെ മൂടിയിട്ട കിണറിന്റെ അടുത്തേക്ക് കൂടുതൽ പേർ നീങ്ങി. പൂജ ചെയ്യുന്നതിനിടെ ഒരു കൂട്ടം ആളുകൾ പടിക്കിണറിന്റെ മേൽക്കൂരയ്ക്കു മുകളിൽ കയറി. അതോടെ മോൽക്കൂര തകർന്നു വീഴുകയായിരുന്നു. പടിക്കിണറിന് 50 അടിയോളം ആഴമുള്ളതായാണ് വിവരം.

 

 

Back to top button
error: