കൊച്ചി: ലോകത്തിലെ ആദ്യ സീറോ എമിഷൻ ഫീഡർ കണ്ടെയിനർ വെസൽ നിർമ്മിക്കാനുള്ള 550 കോടി രൂപയുടെ ഓർഡർ നോർവയിൽ നിന്നും കഴിഞ്ഞ മാസമാണ് കൊച്ചിൻ ഷിപ്പ് യാർഡിന് ലഭിച്ചത്. ഇപ്പോഴിതാ ജർമ്മനിയിലേക്ക് കരാർ ലഭിച്ചിട്ടുള്ള 8 മൾട്ടി പർപ്പസ് വെസലുകളുടെ നിർമ്മാണവും കൊച്ചിൻ ഷിപ്പ് യാർഡിൽ ആരംഭിച്ചിരിക്കുകയാണ്.
110 മീറ്റർ നീളത്തിലും 16.5 മീറ്റർ വീതിയിലും നിർമ്മിക്കുന്ന വെസലുകൾക്ക് 7,000 ടൺ വരെ ഭാരം വഹിക്കാൻ കഴിയും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്നതിനായി ഏറ്റവും പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഈ വെസലുകൾ തയ്യാറാക്കുന്നത്.
രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഓട്ടോമാറ്റിക് ബാർജും ആദ്യത്തെ തദ്ദേശീയ വിമാനവാഹിനി കപ്പൽ നിർമ്മിച്ചതും കേരളത്തിലാണ്. ഇതിൽ കേരളത്തിലെ 29 എംഎസ്എംഇകളും രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും സഹകരിച്ചിരുന്നു. ജർമ്മനിയിലേക്ക് നിർമ്മിക്കുന്ന വെസലുകളും നോർവേയിലേക്ക് നിർമ്മിക്കുന്ന സീറോ എമിഷൻ ഫീഡർ കണ്ടെയിനർ വെസലും കൊച്ചിൻ ഷിപ്പ്യാർഡിന്റെ യശസ്സ് കൂടുതൽ ഉയരങ്ങളിലെത്തിക്കും എന്നതിൽ സംശയമില്ല.