CrimeNEWS

തത്ത തെളിയിച്ച കൊലപാതക കേസ്

തത്ത ‘മൊഴി’ നൽകി; മാധ്യമപ്രവർത്തകയുടെ കൊലപാതകത്തില്‍ ബന്ധുവിന് ജീവപര്യന്തം
 
 പ്രമുഖ മാധ്യമപ്രവർത്തകയും ആഗ്ര സ്വദേശിനിയുമായിരുന്ന നീലം ശർമ കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിക്കാൻ കോടതിയെ സഹായിച്ചത് അവരുടെ വീട്ടിൽ വളർത്തിയിരുന്ന തത്തയായിരുന്നു.
2014 ഫെബ്രുവരി 20നാണ് സ്വന്തം വീട്ടിൽ നീലം ശർമയെ വളർത്തുനായയ്ക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വിജയ് ശർമയും രണ്ട് മക്കളും ഫിറോസാബാദിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു.ഇവർ തിരികെ വീട്ടിലെത്തിയപ്പോഴാണ് നീലവും വളർത്തുനായയും മരിച്ച നിലയിലും വീട്ടിലെ പണവും ആഭരണങ്ങളും കൊള്ളയടിക്കപ്പെട്ടതായും കണ്ടെത്തിയത്.പണം കൈക്കലാക്കുകയായിരുന്നു കൊലയുടെ ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും കൊലപതകി. ആരെന്ന ചോദ്യത്തിന് അവർക്കും ഉത്തരമുണ്ടായിരുന്നില്ല.വളർത്ത് നായയുടെ കഴുത്തിൽ കത്തി കൊണ്ടുള്ള 9 മുറിവും നീലത്തിന്റെ ശരീരത്തിൽ 14 മുറിവുമാണ് പൊലീസ് കണ്ടെത്തിയത്.
എന്നാൽ ഇതിനിടയ്ക്ക് നീലത്തിന്റെ വീട്ടിൽ മറ്റൊരു സംഭവവും ഉണ്ടായി. നീലത്തിന്റെ മരണത്തോടെ അവർ ഓമനിച്ചു വളർത്തിയിരുന്ന തത്ത ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നിർത്തുകയായിരുന്നു. ഇതോടെയാണ് കൊലപാതകം തത്ത കണ്ടിട്ടുണ്ടാവാമെന്ന് നീലത്തിന്റെ ഭർത്താവ് വിജയ്​ക്ക് സംശയം തോന്നിയത്. ഇതോടെ വീട്ടിൽ വരുന്നവരുടെയും തനിക്ക് സംശയമുള്ളവരുടെയും പേരുകൾ ഓരോന്നായി വിജയ് തത്തയോട് പറയാൻതുടങ്ങി.അങ്ങനെ ബന്ധുവായ അഷുവിന്റെ പേര് കേട്ടതും തത്ത ആകെ അസ്വസ്ഥത പ്രകടിപ്പിക്കുകയും അഷു അഷു എന്ന് വിളിച്ച് ഓടി നടക്കുകയും ചെയ്തു. ഇതോടെ വിജയ് വിവരം പൊലീസിൽ അറിയിച്ചു.
അഷുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച പൊലീസിന് മുന്നിലും തത്ത പേര് ആവർത്തിച്ചതോടെ സംഭവം പുതിയൊരു രീതിയിലേക്ക് മാറുകയായിരുന്നു.സുഹൃത്ത് റോണിയുടെ സഹായത്തോടെ താൻ നീലത്തെ കൊലപ്പെടുത്തിയാതണെന്ന് അഷു സമ്മതിച്ചു.തത്തയുടെ മൊഴി നിർണായകമായെങ്കിലും നിയമം അനുസരിച്ച് തത്തയുടെ മൊഴി തെളിവായി രേഖപ്പെടുത്താൻ കഴിയുകയില്ല.പക്ഷേ അന്വേഷണത്തിലുടനീളം തത്തയുടെ കാര്യം ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്.
അഷുവിന് ശിക്ഷ വിധിക്കുന്നത് കാണാൻ കാത്തുനിൽക്കാതെ കോവിഡ് കാലത്ത് നീലത്തിന്റെ  ഭർത്താവ് വിജയ് ശർമ മരിച്ചു. വിധിയിൽ സന്തോഷമുണ്ടെന്നും മറ്റാർക്കും ഇത്തരം ഹൃദയഭേദകമായ അവസ്ഥയുണ്ടാകരുതെന്നാണ് ആഗ്രഹമെന്നും നീലത്തിന്റെ മകൾ നിവേദിത മാധ്യമങ്ങളോട് പറഞ്ഞു.
എംബിഎ പഠിക്കുന്നതിനായി ബന്ധുവായ അഷുവിന് 80,000 രൂപ  വിജയ് ശർമ്മ മുൻപ് നൽകിയിരുന്നു. വീട്ടിൽ സ്വർണവും പണവും
ഉണ്ടെന്ന് അങ്ങനെ മനസ്സിലാക്കിയ അഷു കൂട്ടുകാരനുമായി ചേർന്ന് കൃത്യം നടപ്പാക്കുകയായിരുന്നു.

Back to top button
error: