കിഴക്കൻ ആഫ്രിക്കന്‍ ഭൂമിയില്‍
കണ്ട വിള്ളൽ വന്‍കരയില്‍ പുതിയ സമുദ്രം രൂപം കൊള്ളുന്നതിലേക്ക് നയിച്ചേക്കാമെന്ന് ശാസ്ത്രജ്ഞര്‍. ആഫ്രിക്കന്‍ ഭൂമിയില്‍ ആദ്യം വിള്ളൽ കണ്ടെത്തിയത് എത്യോപ്യയിലെ മരുഭൂമിയിലാണ്.പിന്നീടിത് കെനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലേക്ക് വളര്‍ന്നു പന്തലിക്കുകയായിരുന്നു.
വിള്ളല്‍ വളരുന്നതിന് അനുസൃതമായി ഇവിടങ്ങളിൽ ഭൂമി രണ്ടായി പിളര്‍ന്ന് അകലാന്‍ തുടങ്ങിയിട്ടുണ്ട്.നിലവില്‍ ഈ പ്രക്രിയയുടെ വേഗം കുറവാണെങ്കിലും പിന്നീട് ഇത് ശക്തമാകാനും അതുവഴി പുതിയ തീരപ്രദേശം തന്നെ ഉടലെടുക്കാനുമുള്ള സാധ്യതയാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ട് വയ്ക്കുന്നത്.
‘കിഴക്കൻ ആഫ്രിക്കൻ വിള്ളൽ’ (East African Rift) എന്നറിയപ്പെടുന്ന 35 മൈൽ നീളമുള്ള വിള്ളല്‍ 2005 -ലാണ് ആദ്യമായി കണ്ടെത്തിയത്.എന്നാല്‍ ഇവിടെ പുതിയൊരു സമുദ്രം രൂപപ്പെടുത്തിന് സാക്ഷ്യം വഹിക്കാന്‍ നമ്മുടെ ജീവിതകാലം മതിയാകില്ല. അതിന് ഏകദേശം അഞ്ച് മുതൽ 10 ദശലക്ഷം വർഷങ്ങൾ വരെ വേണ്ടിവരുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ‘ഏദൻ ഉൾക്കടലും ചെങ്കടലും അഫാർ മേഖലയിലേക്കും കിഴക്കൻ ആഫ്രിക്കൻ വിള്ളല്‍ രൂപപ്പെട്ട താഴ്വരയിലേയ്ക്കും ഒഴുകി ഒരു പുതിയ സമുദ്രമായി മാറും, കിഴക്കൻ ആഫ്രിക്കയുടെ ആ ഭാഗം അതിന്റെതായ ഒരു പ്രത്യേക ചെറിയ ഭൂഖണ്ഡമായി രൂപപ്പെടും.’ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ എമറിറ്റസും മറൈൻ ജിയോഫിസിസ്റ്റായ കെൻ മക്ഡൊണാൾഡും പറഞ്ഞു.