സമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങൾ കൊണ്ടുമൊക്കെ സമ്പന്നമാണ് കേരളത്തിന്റെ ഭൂപ്രകൃതി.നദികൾ ഒന്നും രണ്ടുമല്ല, നാൽപ്പത്തിനാല് എണ്ണം!
അതിൽ നാൽപ്പത്തിയൊന്നെണ്ണം പടിഞ്ഞാറേക്കും മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നു.എന്നിട്ടും വേനൽക്കാലങ്ങളിൽ നമുക്ക് കുടിവെള്ളമില്ല.അപ്പോഴൊക്കെ, മിന്നാമിനുങ്ങിനെ പിടിച്ചു വച്ച് വെളിച്ചം സംഭരിച്ച മർക്കടന്റെ മട്ടിൽ കുപ്പിയിലാക്കി കുത്തക കമ്പനിക്കാർ കരുതി വച്ച വെള്ളത്തിന്റെ പിന്നാലെ നാം
പോകുന്നു.
ജൂൺ ഒന്നുമുതൽ മേയ് മുപ്പത്തിയൊന്നുവരെയാണ് കേരളത്തിൽ ജലവർഷമായി കണക്കാക്കുന്നത്.അതിൽതന്നെ എഴുപതു ശതമാനം മഴയും ലഭിക്കേണ്ടത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ്.പക്ഷെ മഴ കേരളത്തിൽ ഈ പതിവ് തെറ്റിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി .പലപ്പോഴും ആവശ്യമായ മഴ ഈ കാലയളവിൽ നമുക്ക് ലഭിക്കാറില്ല.ലഭിക്കുന്ന മഴയുടേതാകട്ടെ വെറും എട്ടു ശതമാനം മാത്രമാണ് സംഭരിക്കപ്പെടുന്നതും.
മഴവെള്ളം സംഭരിക്കുന്നതിന് ഇന്ന് പലവിധ മാർഗ്ഗങ്ങളുണ്ട്.പക്ഷെ ഏതു കാര്യത്തിലും എന്നപോലെ ഈ കാര്യത്തിലും ജനപങ്കാളിത്തം കൂടിയേതീരൂ.അങ്ങനെ വന്നാൽ പെയ്യുന്ന മഴയുടെ ഒരു തുള്ളി പോലും കടലിലേക്ക് ഒഴുക്കി വിടാതെ നമുക്ക് സംരക്ഷിക്കുവാനും സാധിക്കും.മഴവഴി ലഭ്യമാകുന്ന ജലം പെയ്തു വീഴുന്നിടത്തു തന്നെ ശേഖരിക്കുന്നതിനുള്ള നടപടികളാണ് നമുക്ക് വേണ്ടത്.കയ്യാലകളും പുൽവരമ്പുകളും ചെറുതും വലുതുമായ മഴക്കുഴികളും നിർമ്മിച്ച് മഴവെള്ളം ഒഴുകിപ്പോകാതെ മണ്ണിലേക്കിറക്കി വിടാൻ സാധിക്കും.തട്ടുതിരിക്കൽ,ചാലു കൾ,ചകിരിക്കുഴി,തെങ്ങിനു തടം,ആവരണ വിള,പുൽച്ചെടികൾ…തുടങ്ങിയവയി ലൂടെയും മഴവെള്ളം മണ്ണിലേക്കിറക്കാൻ കഴിയും.
ചരിഞ്ഞ സ്ഥലങ്ങളിൽ തട്ടുകൾ തിരിച്ചും ബണ്ടുകൾ നിർമിച്ചും മഴവെള്ളത്തെ തടഞ്ഞുനിർത്തി മണ്ണിലേക്ക് ഇറക്കാൻ സൗകര്യമൊരുക്കാം.നമ്മുടെ പുരമുകളിൽ വീണ് ഒഴുകിപ്പോകുന്ന മഴവെള്ളം പാത്തികളിലൂടെ ശേഖരിച്ചു മണ്ണിലേക്ക് താഴ്ത്തുകയോ,അല്ലെങ്കിൽ ഒരു ഫിൽറ്റർ വഴി നേരിട്ടു കിണറുകളിലേക്ക് ഇറക്കി ഭൂജലത്തിലെത്തിക്കുകയോ ചെയ്യാവുന്നതേയുള്ളൂ.ശാസ്ത്രീയ ജലപരിപാലനത്തിലൂടെ ഭൂഗർഭ ജലവിതാനം ഉയർത്തി മാത്രമേ ജലലഭ്യത ഉറപ്പുവരുത്താനാകൂ എന്നോർക്കണം.