കോട്ടയം : തിരുവനന്തപുരം – ബംഗളൂരു – ഹൈദരാബാദ് റൂട്ടിൽ പുതിയ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യം.നിലവിൽ ശബരി എക്സ്പ്രസ് മാത്രമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.അതാകട്ടെ ബംഗളൂരു ടച്ച് ചെയ്യാതെ കാട്പാടി തിരുപ്പതി വഴി ചുറ്റിക്കറങ്ങി സെക്കന്തരാബാദ് വരെയും.സാധാരണ ദിവസങ്ങളിൽ പോലും ഈ ട്രെയിനിൽ ടിക്കറ്റ് കിട്ടുക ബുദ്ധിമുട്ടാണ്.ഫെസ്റ്റിവൽ, ശബരിമല സീസണുകളിലെ കാര്യം പറയുകയും വേണ്ട.അതിനാൽത്തന്നെ മിക്കവരും അമിത ചാർജ് നൽകി സ്വകാര്യ ബസ്സുകളെ ആശ്രയിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്.
ഹൈദരാബാദിൽ നിന്നും ബസുകൾ 18-20 മണിക്കൂർ കൊണ്ട് കൊച്ചിയിൽ ഓടിയെത്തുമ്പോൾ ശബരി എക്സ്പ്രസ് ഈ ദൂരം താണ്ടാൻ എടുക്കുന്നത് 24 മണിക്കൂറിൽ കൂടുതലാണ്.ബംഗളൂർ വഴിയാണ് ബസുകളുടെ സർവീസ്.ട്രെയിനാകട്ടെ ഗുണ്ടൂർ, തിരുപ്പതി, കാട്പാടി വഴിയും.
ഹൈദരാബാദിൽ നിന്നും കൊച്ചി വരെ സാധാരണ സമയങ്ങളിൽ 3070 രൂപയാണ് സ്വകാര്യ ബസ്സുകൾ ഈടാക്കുന്നത്.ഫെസ്റ്റിവൽ സീസണുകളിൽ അത് 5000 കടക്കും.കോവിഡിന് ശേഷം എറണാകുളത്ത് നിന്നും തെക്കോട്ടുള്ള സർവീസുകൾ ഒന്നുംതന്നെ സ്വകാര്യ ബസ്സുകൾ പുനരാരംഭിച്ചിട്ടുമില്ല.തിരു വനന്തപുരത്തു നിന്നും ഹൈദരാബാദിലേക്ക് ഒരു
സർവീസുള്ളത് നാഗർകോവിൽ, മധുരെ, സേലം വഴിയുമാണ്.
തിരുവനന്തപുരം- ഹൈദരാബാദ് എളുപ്പവഴിയായ പാലക്കാട്, പോത്തന്നൂർ, സേലം, ജ്വലാർപേട്ട,ബംഗളൂരു,ചിക്കബല്ലാ പ്പൂർ,പെനുഗോണ്ട, അനന്ത്പൂർ,കുർണൂൽ വഴി പുതിയ പ്രതിദിന ട്രെയിൻ സർവീസ് തുടങ്ങണമെന്നാണ് ഈ റൂട്ടിലെ യാത്രക്കാരുടെ ആവശ്യം.