ദുബായ്: യുഎഇയിലെ ഏറ്റവും പഴക്കം ചെന്ന പട്ടണം കണ്ടെത്തി. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ പുരാവസ്തു ഗവേഷകരുടെ സംഘം അല്‍-ഖുവൈന്‍ എമിറേറ്റിന് കിഴക്ക് സിന്നിയ്യ ദ്വീപില്‍ നടത്തിയ പര്യവേക്ഷണത്തിലാണ് പേര്‍ഷ്യന്‍ ഗള്‍ഫിലെ ഈ പഴക്കം ചെന്ന പട്ടണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 12 ഹെക്ടര്‍ വ്യാപിച്ച് കിടക്കുന്നതാണ് പട്ടണം. ആറാം നൂറ്റാണ്ടിന്റെ അവസാനത്തിനും 8 നൂറ്റാണ്ടിന്റെ മധ്യത്തിലും ഏറെ സജീവമായിരുന്ന പട്ടണമാണ് ഇതെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.
ഈ പട്ടണം പശ്ചിമേഷ്യയില്‍ ഇസ്ലാം മതം സ്ഥാപിക്കപ്പെടുന്നതിനും മുമ്പ് സൃഷ്ടിക്കപ്പെട്ടതാണെന്നും ഇതൊരു ക്രൈസ്തവ പട്ടണമായിരുന്നുവെന്ന് കരുതുന്നു എന്നും ഉമ്മുല്‍-ഖുവൈന്‍ ടൂറിസം ആന്‍ഡ് ആര്‍ക്കിയോളജി വകുപ്പ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ ഒരു പുരാതന ക്രിസ്ത്യന്‍ ആശ്രമത്തിന് സമീപമാണ് പട്ടണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.അതിനാൽത്തന്നെ ഇവിടുത്തെ താമസക്കാര്‍ ക്രിസ്ത്യാനികളായിരിക്കാമെന്നും പുരാവസ്തു ശാസ്ത്രജ്ഞര്‍ പറഞ്ഞു.
1990കളുടെ തുടക്കത്തില്‍ അബുദാബിയിലെ സര്‍ ബനീ യാസ് ദ്വീപില്‍ ഇതു പോലെ ഒരു ക്രിസ്ത്യൻ ആശ്രമം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
യുഎഇയില്‍ ഒരു വർഷത്തിനിടയിൽ കണ്ടെത്തുന്ന രണ്ടാമത്തെ ക്രിസ്ത്യന്‍ ആശ്രമമാണിത്. അറേബ്യന്‍ ഗള്‍ഫിന്റെ തീരത്ത് ഇതുവരെ ആറ് പുരാതന ക്രൈസ്തവ ആശ്രമങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, അതില്‍ അഞ്ചെണ്ണം ജിസിസി രാജ്യങ്ങളിലാണ്. ഉമ്മുല്‍ ഖുവൈനിലേത് വളരെ അപൂര്‍വമായ കണ്ടെത്തലാണെന്ന് പുരാവസ്തു ഗവേഷക സംഘത്തിലെ അംഗങ്ങൾ വ്യക്തമാക്കി.