നിത്യജീവിതത്തില് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്‍ക്കുള്ളത്.ആഹാരത് തിന്റെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കാനും രുചിക്കും പച്ചക്കറികള്‍ അത്യന്താപേക്ഷിതമാണ്.,പ്രായപൂര്‍ത്തി യായ ഒരാള്‍ പ്രതിദിനം 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ എന്നിങ്ങനെ കഴിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.സ്വന്തം ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറികൾ ലഭ്യമായ ശുദ്ധജലം, അടുക്കളയിലെയോ കുളിമുറിയില്‍ നിന്നോ ഉള്ള പാഴ്ജലം എന്നിവ ഉപയോഗിച്ച് നമ്മുടെ അടുക്കളത്തോട്ടത്തില്‍ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ .വീടിനു പിന്നിലോ മുന്നിലോ ഉള്ള ചെറിയ സ്ഥലം തന്നെ ഇതിന് ധാരാളം.ഇതിനു സൗകര്യമില്ലാത്തവർക്ക് ടെറസ്സിലുമാകാം.നമുക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാക്കുവാനും,ഉപയോഗിക്കാത്ത ജലം കെട്ടിക്കിടക്കുന്നത് തടയാനും
പരിസര മലിനീകരണം ഒഴിവാക്കാനും കീടങ്ങളെ നിയന്ത്രിക്കാനുമൊക്കെ ഇതുവഴി സാധിക്കുന്നു.അതിലുപരി ഇതുവഴി ലഭിക്കുന്ന മാനസിക സന്തോഷം പറഞ്ഞറിയിക്കാത്തതാണ്.
പച്ചക്കറികൾ നന്നായി വളരണമെങ്കിൽ നല്ല വെയിൽ വേണം.വിത്തിനേക്കാൾ തൈകൾ നടുന്നതാണ് എപ്പോഴും നല്ലത്.നല്ലയിനം പച്ചക്കറി തൈകൾ വാങ്ങാൻ കിട്ടും.അല്ലാത്തപക്ഷം തൈകൾ പ്രോട്രേകളിലോ പേപ്പർ ഗ്ലാസുകളിലോ സ്വയം പാകി മുളപ്പിച്ചാൽ മതി. ചെലവു കുറയ്ക്കുകയും ചെയ്യും.ട്രേയിൽ വിത്തു പാകുന്നതിന് നടീൽമിശ്രിതമായി തുല്യ അളവിൽ ചാണകപ്പൊടിയും ചകിരിച്ചോറും കൂട്ടിക്കലർത്തി ഉപയോഗിക്കാം. വിത്തുകൾ കുതിർത്തു പാകണം.കട്ടി കൂടിയ വിത്തുകൾ 8–10 മണിക്കൂറും കട്ടി കുറഞ്ഞ തോടുള്ള വിത്തുകൾ 3–4 മണിക്കൂറും കുതിർക്കണം.
പച്ചക്കറികൾക്കു വരാവുന്ന കീടങ്ങളെ തുരത്താനായി ബ്യുവേറിയ, വെർട്ടിസീലിയം എന്നിവയുടെ കൾച്ചറുകൾ വാങ്ങിവയ്ക്കാം.20 ഗ്രാം ബ്യുവേറിയ ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഇടയ്ക്കിടെ തളിച്ചുകൊടുത്താൽ മുഞ്ഞ, ചാഴി, ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പൻ, ശലഭപ്പുഴുക്കൾ എന്നിവയെ നിയന്ത്രിക്കാം. വെർട്ടിസീലിയം 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിച്ചാൽ വെള്ളീച്ച, മീലിമൂട്ട, ശൽക്കകീടങ്ങൾ എന്നിവയെ നിയന്ത്രിക്കാം.അഴുകൽ, വാട്ടം, മഞ്ഞളിപ്പ് തുടങ്ങിയ രോഗങ്ങൾ വരാതിരിക്കാൻ സ്യൂഡോമോണാസ് ഫ്ലൂറസൻസ് എന്ന ബാക്ടീരിയ കൾച്ചർ 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് ഇടയ്ക്കിടെ പ്രയോഗിക്കാം.ഇവയുടെ ലായനികളും ലഭ്യമാണ്.ലായനിയാണെങ്കിൽ 10 മില്ലി ഒരു ലീറ്റർ വെള്ളം എന്നാണ് കണക്ക്.
ജൈവവളമാണ് എപ്പോഴും നല്ലത്.#ചാണകം,# ആട്ടിൻകാഷ്ഠം, #കോഴിക്കാഷ്ഠം എന്നിവ മികച്ച ജൈവവളങ്ങളാണ്.ഇവയിൽ ഏതെങ്കിലും ഒന്ന്, എടുക്കുന്നതിന്റെ തുല്യ അളവിൽ മണ്ണും ചേർത്ത് വെയിലിൽ നല്ലവണ്ണം ഉണക്കിപ്പൊടിച്ച് (രാവിലെയും വൈകിട്ടും വെള്ളം നനച്ചു കൊടുക്കാൻ മറക്കരുത്) കരിയിലയും ചേർത്ത് ചെടികൾക്ക് വളമായി നൽകാം.കരിയില പുതയായി പ്രവർത്തിക്കുന്നതോടൊപ്പം അവിടെ കിടന്ന് അഴുകി മണ്ണിൽ ചേർന്ന് വളമായി മാറുകയും ചെയ്യും.
ഇലകളിൽ നന്നായി ധാതുക്കൾ അടങ്ങിയിട്ടുണ്ട്, ഇവ മണ്ണിരകളെ ആകർഷിക്കുകയും ഈർപ്പം നിലനിർത്തുകയും, കനത്ത മണ്ണിനെ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ ഓരോ ചെടിക്കും ഇത്തരത്തിലുള്ള വളം നൽകാം.ഒപ്പം രാവിലെയും വൈകിട്ടും നന അത്യാവശ്യമാണെന്നതും മറക്കരുത്.
(അസംസ്കൃത ജൈവവളങ്ങളായ ചാണകപ്പൊടി, പച്ചില വളം, ആട്ടിൻകാഷ്ഠം, കോഴിക്കാഷ്ഠം, പിണ്ണാക്കുകൾ, മറ്റു ജൈവവസ്തുക്കൾ എന്നിവ നേരെ മണ്ണിലിട്ടു കൊടുത്താൽ അവ ജീർണിച്ചു പോഷക മൂലകമാവാൻ മാസങ്ങൾ വേണ്ടിവരും.അതിനാൽ ജൈവവസ്തുക്കളെ മറ്റൊരിടത്തുവച്ച് ജീർണിപ്പിച്ച് പാകപ്പെടുത്തിയെടുത്ത് ഉപയോഗിക്കുന്നതാവും നന്ന്.പച്ചിലയ്ക്കു പകരം കരിയില ഉപയോഗിക്കാം)
#ശീമക്കൊന്ന ഇലയും ചാണകക്കുഴമ്പും
ചാണകവും ശീമക്കൊന്നയിലയും ജൈവകൃഷിയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഇനങ്ങളാണ്. പയര്‍,പച്ചമുളക് തുടങ്ങിയ എല്ലാ ഇനങ്ങളും നന്നായി വളരാനും കീടങ്ങളുടെ ശല്യമൊഴിവാക്കാനും ഇവ രണ്ടും ഉപയോഗിക്കാം. പെട്ടന്ന് അഴുകുന്നതാണ് ശീമക്കൊന്നയില. ഇത് തടത്തില്‍ വിതറി അതിനു മുകളില്‍ പച്ചച്ചാണക കുഴമ്പ് അല്‍പ്പം അങ്ങിങ്ങായി തളിക്കണം. ശേഷം അല്‍പ്പം മേല്‍മണ്ണ് വിതറണം. ഇവ രണ്ടും കൂടി ഏതാനും ദിവസങ്ങള്‍ കൊണ്ട് തന്നെ ചീഞ്ഞ് പച്ചക്കറി വിളകള്‍ക്ക് നല്ല വളമാകും.
ശീമക്കൊന്നയുടെ ഇല മണ്ണിലെ രോഗ കീടനിയന്ത്രണത്തിനും നല്ലതാണ്. വള പ്രയോഗം നടത്തുമ്പോള്‍ ചെടിയുടെ മൂട്ടിൽ നിന്നും അല്‍പ്പം മാറ്റി ചുറ്റുമാണിതു ചെയ്യേണ്ടത്.ഗ്രോബാഗില്‍ നട്ട പച്ചക്കറികള്‍ക്കും ഇങ്ങനെ ചെയ്യാം.
#ഗോമൂത്രവും ചാണകത്തെളിയും
പശുവിന്റെ ചാണകം വെള്ളത്തില്‍ കലക്കി അരിച്ച് അല്‍പ്പം ഗോമൂത്രവും ചേര്‍ത്ത് പയറിലും പച്ചമുളക് തുടങ്ങിയ വിളകളില്‍ കീട നീയന്ത്രണത്തിനായി തളിക്കാം. ആഴ്ചയില്‍ ഒരു തവണയിതു പ്രയോഗിക്കാം. മുരടിപ്പു മാറി ചെടി നന്നായി വളരും. നല്ല കായ്ഫലവും ലഭിക്കും.
ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് നാം എത്തണമെങ്കിൽ എല്ലാവരും ചെറിയ രീതിയിലെങ്കിലും മണ്ണിലോ ടെറസിലോ അടുക്കളത്തോട്ടം ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.സവാള, ഉരുളക്കിഴങ്ങ് തുടങ്ങി കേരളത്തില്‍ വളര്‍ത്താന്‍ ബുദ്ധിമുട്ടുള്ളവ(ഇന്ന് ഇതും കേരളത്തിൽ പലയിടത്തും കൃഷി ചെയ്യുന്നുണ്ട്) ഒഴിവാക്കി ബാക്കി പച്ചക്കറികളും പഴങ്ങളും ഇലക്കറികളുമെല്ലാം നമുക്ക് ടെറസ്സിലോ വീട്ടുമുറ്റത്തോ തന്നെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂ .തൊടിയിലാണ് കൃഷിത്തോട്ടം ഒരുക്കുന്നതെങ്കിൽ നന്നായി കിളച്ച് മണ്ണ് ഇളക്കണം. പൊതുവെ നമ്മുടെ നാട്ടിൽ അമ്ലത കൂടിയ മണ്ണ് കാണുന്നതിനാൽ കുമ്മായം അഥവാ ഡോളോമൈറ്റ് ചേർക്കുന്നതും നല്ലതാണ്.സെന്റിൽ രണ്ട് കിലോ കുമ്മായം ചേർത്ത് രണ്ടാഴ്ചയ്ക്കുശേഷം ജൈവവളങ്ങൾ ആയ ചാണകം അല്ലെങ്കിൽ ആട്ടിൻകാഷ്ഠം,എല്ലുപൊടി വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത് ഇളക്കി വിത്ത് അതിലേക്ക് നടാം. മട്ടുപ്പാവിൽ കൃഷി ചെയ്യുന്നവർ ചട്ടിയിലോ ഗ്രോ ബാഗിലോ പച്ചക്കറി നട്ടു വളർത്താവുന്നതാണ്.ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാത്രങ്ങൾ, പെയിന്റ് പാട്ടകൾ തെർമോകോൾ എന്നിവ ഉപയോഗിച്ചും കൃഷി ചെയ്യാവുന്നതേയുള്ളൂ.നടീൽ മിശ്രിതം തയ്യാറാക്കാൻ രണ്ടുഭാഗം മണ്ണ് ഒരു ഭാഗം ട്രൈക്കോഡർമ സമ്പുഷ്ട ചാണകം, ഒരു ഭാഗം മണൽ, ഒരു ഭാഗം ചകിരി ചോറ് എന്നിവ കൂടിക്കലർന്നതാണ് ഗുണം.അതുപോലെ മുരിങ്ങ, കറിവേപ്പ് തുടങ്ങിയ ദീർഘകാല പച്ചക്കറികൾ മണ്ണിൽ തന്നെ നേരിട്ട് നടുന്നതാണ് ഉചിതം.ഗുണമേന്മയുള്ള വിത്തോ തൈകളോ മാത്രം പച്ചക്കറി തോട്ടത്തിൽ ഉപയോഗിക്കുക.നല്ല പ്രതിരോധ ശേഷിയുള്ള വിത്തിനങ്ങൾ ലഭിക്കാൻ അംഗീകാരമുള്ള സ്വകാര്യ സ്ഥാപനങ്ങളെയോ കേരള കാർഷിക സർവ്വകലാശാല, കൃഷിഭവൻ തുടങ്ങിയ സ്ഥാപനങ്ങളെയോ ആശ്രയിക്കുക. വിത്ത് പാക്കറ്റ് വാങ്ങിക്കുമ്പോൾ കാലാവധി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
#രാസ_വളങ്ങൾ പച്ചക്കറികളെ മാത്രമല്ല മനുഷ്യരുടെ ആരോഗ്യത്തിനേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ പച്ചക്കറികൾക്ക് രാസ വളത്തിനേക്കാളുപരിയായി ജൈവ വളമാണ് നല്ലത്. ഇതിന് പണച്ചിലവ് അധികമില്ലെന്നുള്ളതും പ്രത്യേകതയാണ്.