തുടർച്ചയായി ആറാം തവണയും ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യമായി ഫിൻലൻഡ്. അന്താരാഷ്ട്ര സന്തോഷദിനമായ മാർച്ച് 20-ന് പ്രസിദ്ധീകരിച്ച വേൾഡ് ഹാപ്പിനെസ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതിശീർഷവരുമാനം, സാമൂഹികപിന്തുണ, ആയുർദൈർഘ്യം, സ്വാതന്ത്ര്യം, ഉദാരസമീപനം, കുറഞ്ഞ അഴിമതി തുടങ്ങിയ വിവിധ ഘടകങ്ങൾ വിലയിരുത്തിയുള്ള സ്കോർ അടിസ്ഥാനമാക്കിയാണ് ഒരു രാജ്യത്തിന്റെ സന്തോഷത്തിന്റെ തോത് നിർണയിക്കുന്നത്. ഉയർന്ന സ്കോർ ലഭിക്കുന്ന രാജ്യങ്ങൾ പട്ടികയിൽ മുൻനിരയിലെത്തും. പട്ടികയിൽ 126-ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.
ഐക്യരാഷ്ട്രസഭയുടെ സസ്റ്റെയിനബിൾ ഡെവലപ്മെന്റ് സൊല്യൂഷ്യൻസ് നെറ്റ്വർക്ക് ആണ് വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് എല്ലാവർഷവും പ്രസിദ്ധീകരിക്കുന്നത്. 150-ലേറെ രാജ്യങ്ങളിലെ ജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.
നേപ്പാൾ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം!