ശബരിമല: മകരവിളക്കിന് ദിനങ്ങള്‍ മാത്രം ശേഷിക്കെ ശബരിമല സന്നിധാനം തീര്‍ത്ഥാടകരെക്കൊണ്ട് നിറഞ്ഞു. മകരജ്യോതി ദര്‍ശനം സാധ്യമാകുന്ന പ്രധാന ഇടങ്ങളിലെല്ലാം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. പാണ്ടിത്താവളത്തും കൊപ്രാക്കളത്തിന് സമീപവും അടുത്ത ദിവസം മുതല്‍ തമ്പടിക്കുന്ന തീര്‍ഥാടകര്‍ പര്‍ണശാലകള്‍ കെട്ടി വിരിവെച്ചു തുടങ്ങും. തീപിടുത്ത സാധ്യത ഒഴിവാക്കാനായി പര്‍ണശാലകളില്‍ ആഹാരസാധനങ്ങള്‍ പാകം ചെയ്യുന്നതിന് അഗ്നിരക്ഷാസേനയും പോലീസും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വഴിപാട് സാധനങ്ങള്‍ വാങ്ങാന്‍ സന്നിധാനത്തെ മൂന്ന് മണ്ഡപങ്ങളിലും നീണ്ട ക്യൂവാണ്. ഇവരില്‍ നല്ലൊരു ശതമാനം പേര് ജ്യോതി ദര്‍ശനത്തിനായി സന്നിധാനത്ത് തങ്ങുകയും ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കുക എന്നതാണ് പോലീസ് നേരിടുന്ന പ്രധാന വെല്ലുവിളി. മകരവിളക്ക് ദിനം കാത്ത് ശബരിമലയില്‍ തങ്ങുന്ന പതിനായിരണക്കിന് തീര്‍ത്ഥാടകര്‍ക്ക് ശുദ്ധജലം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നത് ദേവസ്വം ബോര്‍ഡിനെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. മകരവിളക്ക് ദിനമായ 14 ന് മൂന്നു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ജ്യോതി ദര്‍ശനത്തിനും തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പനെ കണ്ടു തൊഴാനുമായി സന്നിധാനത്തും സമീപ പ്രദേശങ്ങളിലുമായി നിലയുറപ്പിക്കുമെന്നാണ് ദേവസ്വം ബോര്‍ഡും പോലീസും കണക്കുകൂട്ടുന്നത്. അതുകൊണ്ട് തന്നെ മകരവിളക്ക് ദര്‍ശന ശേഷം കൂട്ടത്തോടെ മലയിറങ്ങുന്ന തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമാകാതിരിക്കാന്‍ പോലീസ് പ്രത്യേക ബന്തവസ് സ്കീം നടപ്പാക്കുന്നുണ്ട്. തിരക്ക് മുന്നില്‍ കണ്ട് തീര്‍ഥാടകരുടെ മടക്ക യാത്രയ്ക്കായി ആയിരത്തോളം ബസുകള്‍ ആണ് കെഎസ്ആര്‍ടിസി അധികമായി ഒരുക്കിയിരിക്കുന്നത്.