
തിരുവന്തപുരം: സംസ്ഥാനത്ത് 2022 ഡിസംബർ മാസത്തെ റേഷൻ വിതരണം 2023 ജനുവരി 5 വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. 7 ജില്ലകളിലെ വീതം റേഷൻ കടകൾ രാവിലെയും വൈകിട്ടുമായി പ്രവർത്തിക്കുന്ന ക്രമീകരണം ജനുവരി മാസം മുഴുവൻ തുടരും. ശനിയാഴ്ചയും ഇ പോസ് നെറ്റ്‌വർക്കിലെ തകരാർ മൂലം പലയിടത്തും റേഷൻ വിതരണം മുടങ്ങിയ സാഹചര്യത്തിലാണു വിതരണവും ക്രമീകരണവും നീട്ടിയത്.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിലെ റേഷൻ കടകൾ ജനുവരി 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കും. 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും ഉച്ചകഴിഞ്ഞ് 2 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് ഈ ജില്ലകളിലെ കടകൾ പ്രവർത്തിക്കുക.
മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലെ കടകൾ 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണു പ്രവർത്തിക്കുക. ഈ ജില്ലകളിലെ കടകൾ 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും ഉച്ചയ്ക്കു ശേഷം 2 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.






