ആരാധകരുടെ ആരവങ്ങൾ അവസാനിച്ചിട്ടില്ല, മാധ്യമങ്ങളുടെ പുകഴ്ത്തലുകളും നിലച്ചിട്ടില്ല, ലോകം ഹൃദയ താലത്തിൽ വരവേൽക്കുകയാണ് അർജന്റീന താരം മെസ്സിയെ. ഇതിനിടെ ചില വിമർശനങ്ങളും ഉയർന്നു വന്നു.
ലോകകിരീടം ഏറ്റുവാങ്ങുന്നതിനുമുൻപ് ലയണൽ മെസ്സിയെ അറേബ്യൻ പരമ്പരാഗത വസ്ത്രമായ ‘ബിഷ്ത്’ ധരിപ്പിച്ചതിൽ വിമർശനവുമായി യൂറോപ്യൻ മാധ്യമങ്ങൾ. ലജ്ജാകരമെന്നാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നടപടിയെ ബി.ബി.സി തത്സമയ സംപ്രേഷണത്തിനിടെ അവതാരകർ വിശേഷിപ്പിച്ചത്. മഹത്തായൊരു നിമിഷത്തെ നശിപ്പിച്ച നടപടിയെന്ന തലക്കെട്ടോടെ ടെലഗ്രാഫ് പ്രത്യേക റിപ്പോർട്ടും പ്രസിദ്ധീകരിച്ചു. യൂറോപ്പിൽനിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകരും വലിയ വിമർശനമാണ് നടത്തിയത്.ഇതൊരു മാന്ത്രിക നിമിഷമാണ്, ഈ സമയത്ത് മെസ്സിയെ, അദ്ദേഹത്തിന്റെ അർജൻീന കുപ്പായത്തെ മറച്ചുവച്ചത് ലജ്ജാകരമാണെന്നാണ് പ്രമുഖ സ്പോർട്സ് ജേണലിസ്റ്റും മുൻ ബാഴ്സലോണ താരവുമായ ഗാരി ലിനേക്കർ പ്രതികരിച്ചത്. ബി.ബി.സിയിൽ സമ്മാനദാന ചടങ്ങിന്റെ തത്സമയ സംപ്രേഷണം നടത്തുന്നതിനിടെയായിരുന്നു പരാമർശം. ഒപ്പമുണ്ടായിരുന്ന മുൻ അർജന്റീന താരം പാബ്ലോ സബലേറ്റ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഒടുവിൽ മെസ്സി ബിഷ്ത് അഴിച്ചുവച്ചതോടെ അദ്ദേഹം ആ ചെറിയ കുപ്പായം ഊരിക്കളഞ്ഞിരിക്കുന്നുവെന്നും ലിനേക്കർ കൂട്ടിച്ചേർത്തു.