SportsTRENDING

ഒന്നാമത് ഓൾ കേരള ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗ് ഇന്നും നാളെയും തൊടുപുഴയിൽ

തൊടുപുഴ: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി (കെ.യു.ഡബ്ല്യു.ജെ) സംഘടിപ്പിക്കുന്ന ഒന്നാമത് ഓൾ കേരള ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗ് -2022 (ജെ.സി.എൽ 2022)’ ഇന്നും, നാളെയും തൊടുപുഴയിൽ നടക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ ) തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾക്ക് ഇടുക്കി പ്രസ്‌ക്ലബ് ആതിഥേയത്വം വഹിക്കും. ഒരു ലക്ഷം രൂപയും അൽ-അസ്ഹർ ഗ്രൂപ്പ് സ്‌പോൺസർ ചെയ്യുന്ന അൽ-അസ്ഹർ കപ്പുമാണ് ചാമ്പ്യൻമാരാകുന്ന ടീമിന് നൽകുന്നത്. അൻപതിനായിരം രൂപയും ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് നൽകും. കെ.യു.ഡബ്ല്യു.ജെയുടെ കീഴിലുള്ള 14 പ്രസ്സ് ക്ലബുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി ആദ്യമായാണ് എല്ലാ ജില്ലകൾക്കും പങ്കെടുക്കാവുന്ന ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്.

എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപെയിനുമായി സഹകരിച്ചാണ് ക്രിക്കറ്റ് ലീഗ് നടത്തുന്നത്. 20-ന് രാവിലെ 8.30-ന് മത്സരങ്ങൾ ആരംഭിക്കും. 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ആദ്യ ദിനം ലീഗ് മത്സരങ്ങളാണ്. നാല് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായാണ് ആദ്യദിനം മത്സരങ്ങൾ. ഇതിൽ നിന്ന് ഓരോ ടീമുകൾ വീതം രണ്ടാം ദിവസത്തെ സെമിയിലേക്ക് യോഗ്യത നേടും. ഉച്ചയ്ക്ക് ശേഷം ഫൈനലും തുടർന്ന് സമാപന സമ്മേളനവും നടക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

Signature-ad

ആകെ 27 മത്സരങ്ങൾ ഉണ്ടാകും. എല്ലാ മത്സരങ്ങളിലും മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ഉണ്ടായിരിക്കും. കൂടാതെ ലീഗിലെ ബെസ്റ്റ് ബാറ്റർ, ബെസ്റ്റ് ബോളർ, ബെസ്റ്റ് വിക്കറ്റ് കീപ്പർ, ബെസ്റ്റ് ഫീൽഡർ തുടങ്ങിയ പ്രത്യേക പുരസ്‌കാരങ്ങളും ഉണ്ടാകും. അകാലത്തിൽ അന്തരിച്ച മാധ്യമ പ്രവർത്തകരായ സനിൽ ഫിലിപ്പ്, യു.എച്ച്.സിദ്ധിഖ്, എം.എസ്.സന്ദീപ്, സോളമൻ ജേക്കബ്, ജോമോൻ വി.സേവ്യർ  തുടങ്ങിയവരുടെ മെമ്മോറിയൽ ട്രോഫിയും ഫെയർ പ്ലേ അവാർഡും ഉണ്ടായിരിക്കും. ക്രിക്കറ്റ് ലീഗിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി മുന്നൂറോളം മാധ്യമ പ്രവർത്തകർ പങ്കെടുക്കും.

Back to top button
error: