CrimeKeralaNEWS

തൃശൂർ പോലീസിന്റെ നിർണായക നീക്കം; ഡല്‍ഹി കേന്ദ്രീകരിച്ച് കേരളത്തിലേക്ക് എം.ഡി.എം.എ. കടത്തുന്ന നൈജീരിയക്കാരന്‍ പിടിയില്‍

പാസ്‌പോര്‍ട്ടും വിസയും രേഖകളുമില്ല; കൈവശം അഭയാര്‍ഥി സര്‍ട്ടിഫിക്കറ്റ് മാത്രം

തൃശൂര്‍: എം.ഡി.എം.എ. ഉള്‍പ്പെടെ മാരക സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്ന നൈജീരിയന്‍ സ്വദേശി തൃശൂർ സിറ്റി പോലീസ് ലഹരിവിരുദ്ധ വിഭാഗത്തിന്റെ പിടിയില്‍. മയക്കുമരുന്ന് ചില്ലറവില്‍പ്പനക്കാര്‍ക്കിടയില്‍ കെന്‍ എന്നു വിളിപ്പേരുള്ള നൈജീരിയന്‍ പൗരന്‍ എബൂക്ക വിക്ടര്‍ അനയോ (27) എന്നയാളെയാണ് അതിസാഹസികമായി ന്യൂഡല്‍ഹി നൈജീരിയന്‍ കോളനിയില്‍ നിന്നും തൃശൂര്‍ സിറ്റി പോലീസ് പിടികൂടിയത്.

എബൂക്ക വിക്ടര്‍ അനയോ

കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്കിടയിലാണ് ഇയാള്‍ ശൃംഖലയുണ്ടാക്കിയത്. മേയ് 13 ന് മണ്ണുത്തിയില്‍ വാഹന പരിശോധനയ്ക്കിടെ ചാവക്കാട് സ്വദേശി ബുര്‍ഹാനുദീന്‍ എന്നയാളില്‍ നിന്നും 196 ഗ്രാം എം.ഡി.എം.എ. പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സുഡാന്‍ സ്വദേശി മുഹമ്മദ് ബാബിക്കര്‍ അലി, പാലസ്തീന്‍ സ്വദേശി ഹസന്‍ എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും ബാംഗ്ലൂരിൽ നിന്നും 300 ഗ്രാം എം.ഡി.എം.എ. സഹിതം പിടികൂടി.

Signature-ad

സുഡാന്‍ സ്വദേശി മുഹമ്മദ് ബാബിക്കര്‍ അലിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് മയക്കുമരുന്ന് കടത്തുന്ന നൈജീരിയന്‍ സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്തുന്നതിനുപിന്നില്‍ കെന്‍ ആണെന്നും അറിഞ്ഞു. ഏറെനാളത്തെ നിരന്തര നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനും ശേഷമാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. കെന്‍ എന്ന വിളിപ്പേരുമാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ച ആദ്യ വിവരം. ഡല്‍ഹിയില്‍ വേഷം മാറിയും വിവിധ പേരുകള്‍ സ്വീകരിച്ചും രഹസ്യാന്വേഷണം നടത്തിയുമാണ് മറ്റുവിവരങ്ങള്‍ ശേഖരിച്ചത്. ഡല്‍ഹി പോലീസിന്റെ സഹായത്തോടെ അതിസാഹസികമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് കുപ്രസിദ്ധരുടെ കേന്ദ്രമായ ന്യൂഡല്‍ഹി നൈജീരിയന്‍ കോളനിയില്‍ നിന്നും അറസ്റ്റുചെയ്തത്. അറസ്റ്റിലായ പ്രതിയെ ന്യൂഡല്‍ഹി സാകേത് കോടതിയില്‍ ഹാജരാക്കി. രണ്ടു ദിവസം തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചതിനു ശേഷമാണ് കേരളത്തിലേക്ക് കൊണ്ടുവരാനാണ് അനുമതി ലഭിച്ചത്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരേയും ചില്ലറ വില്‍പ്പനക്കാരേയും പലവട്ടം പിടികൂടിയിട്ടുണ്ടെങ്കിലും മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്നവരേയും മൊത്തക്കച്ചവടക്കാരേയും പിടികൂടുന്നത് അപൂര്‍വമാണ്. അതിമാരക മയക്കുമരുന്ന് ഇനത്തില്‍ പെട്ട എം.ഡി.എം.എ. വിതരണം ചെയ്യുന്ന കണ്ണികളിലൊന്നിനെയാണ് തൃശൂര്‍ സിറ്റി പോലീസ് പിടികൂടിയത്. നൈജീരിയന്‍ പൗരനെ അറസ്റ്റുചെയ്തതോടെ, മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്ന പ്രധാനിയിലേക്ക് എത്താന്‍ പോലീസിന് കഴിഞ്ഞു.

അറസ്റ്റിലായ നൈജീരിയന്‍ പൗരന്‍ കെനിന് വിദേശികള്‍ ഇന്ത്യയില്‍ താമസിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കരുതേണ്ട പാസ്‌പോര്‍ട്ട്, വിസ തുടങ്ങിയ യാത്രാരേഖകള്‍ ഒന്നുമില്ല. ഐക്യരാഷ്ട്ര സഭയുടെ ഇന്ത്യന്‍ അഭയാര്‍ഥി കാര്യാലയത്തിലെ ഹൈക്കമ്മീഷണര്‍ നല്‍കിയ അഭയാര്‍ഥി സര്‍ട്ടിഫിക്കറ്റ് മാത്രമാണ് കൈവശമുളള ഏക രേഖ. ഇയാള്‍ നൈജീരിയയില്‍ നിന്ന് എങ്ങനെ ഇന്ത്യയിലെത്തി എന്ന കാര്യം എവിടേയും രേഖപ്പെടുത്തിയിട്ടുമില്ല.

Back to top button
error: