കോഴിക്കോട്: ആർഎസ് എസ് കാര്യാലയം സംരക്ഷിച്ചു എന്ന കെ സുധാകരന്റെ പ്രസ്താവന ചർച്ച ചെയ്യാൻ ലീഗ് യോഗം ചേരും. പ്രസ്താവനയിൽ പാർട്ടിക്ക് അതൃപ്തിയുള്ളതായി സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും സൂചന നൽകി. അതേസമയം തലശ്ശേരി കലാപത്തിൽ സുധാകരൻ ആർഎസ്എസിനൊപ്പം നിന്നതിന്റെ തെളിവാണ് പ്രസ്താവനയെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു.
മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ, പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരടക്കം ലീഗ് നേതാക്കൾ കെപിസിസി അധ്യക്ഷന്റെ പ്രസ്താവനയ്ക്ക് എതിരെ നിലപാട് കടുപ്പിച്ചിട്ടുണ്ട്. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന തങ്ങൾ കാലങ്ങളായി പറയുന്ന കാര്യമാണെന്ന് പറഞ്ഞ് ആയുധമാക്കുകയാണ്.
കെ സുധാകരന്റെ പ്രസ്താവനയിൽ ലീഗിന് ശക്തമായ പ്രതിഷേധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സാദിഖലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും പ്രതികരണങ്ങൾ. പ്രസ്താവന അവഗണിക്കേണ്ടതില്ലെന്നാണ് ലീഗിന്റെ നിലപാട്. ലീഗ് കടുപ്പിച്ച സാഹചര്യത്തിൽ കെ സുധാകരൻ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേസമയം തലശ്ശേരി കലാപകാലത്തിന്റെ കാര്യം പറഞ്ഞ് ന്യൂനപക്ഷ വികാരം ഉണർത്താനാണ് സിപിഎമ്മിന്റെ ശ്രമം.മുസ്ലിം ലീഗിനെ കൂടി ലക്ഷ്യമിട്ടാണ് അവർ സുധാകരന്റെ ആർഎസ്എസ് ബന്ധം ചർച്ചയാക്കുന്നത്. കെ സുധാകരന്റെ പ്രസ്താവന സജീവമാക്കി നിർത്താൻ സിപിഎം ശ്രമിക്കുമ്പോൾ, വിഡി സതീശനടക്കമുള്ള കോൺഗ്രസിലെ പ്രമുഖർ കെപിസിസി അധ്യക്ഷന് പിന്തുണ നൽകുന്നില്ല എന്നതും ശ്രദ്ധേയമാണ്.