തിരുവനന്തപുരം: കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. തിരുവനന്തപുരം കുഞ്ചാലുംമൂട് വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം യൂണിറ്റ് 2 ആണ് പരിശോധന നടത്തിയത്. ജില്ലാ രജിസ്ട്രാർ, കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ ഒഫിഷ്യൽ പരിശോധന നടത്തുന്നതിനിടെ ആയിരുന്നു വിജിലൻസ് മിന്നൽ പരിശോധനക്ക് എത്തിയത് .
പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 50,000 ത്തോളം രൂപയും കണ്ടെത്തി. ഓഫീസിലെ രജിസ്റ്റർ സൂക്ഷിക്കുന്നിടത്ത് പഴയ രജിസ്റ്ററിൽ നിന്ന് 2050 രൂപയും, പാർട്ട് ടൈം സ്വീപ്പർ മലയം അൾത്താര വീട്ടിൽ ആൽഫ്രഡ് 53 ൻ്റെ പഴ്സിൽ നിന്നും 8850 രൂപയും പാൻറ്റിൽ റബ്ബർ ബാൻഡ് കെട്ടി സൂക്ഷിച്ചിരുന്ന 20000 രൂപയും സ്ഥലത്തുണ്ടായിരുന്ന ആധാരം എഴുത്തുകാരനും മുൻ സബ് രജസ്ട്രാർ ഓഫീസറും ആയ മോഹനൻ ചെട്ടിയാരിൽ നിന്നും 24500 രൂപയും സംഘം പിടിച്ചെടുത്തു.
അതേസമയം പിടിച്ചെടുത്ത തുക ഏതുതരത്തിലാണ് എന്നതും ഇതിൻറെ ഉറവിടവും സംഘം പരിശോധിച്ചു വരികയാണ്. അതോടൊപ്പം ബാങ്ക് എ ടി എം ഇടപാടുകളും സംഘം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മൂന്നുമണിയോടെയാണ് സംഘം പരിശോധനയ്ക്ക് എത്തിയത് വൈകിയും പരിശോധന തുടരുകയാണ്.
എസ്പി അജയകുമാറിന്റെ നേതൃത്വത്തിൽ ഡി വൈ എസ് പി സലിംകുമാർ ഇൻസ്പെക്ടർ മുഹമ്മദ് റിജാസ്, മോഹൻ കുമാർ,എസ്സ് സി പി ഒ സാബു,സതീഷ്, സുമന്ത് മഹേഷ്, സജി മോഹന്,സൈജു, റാം കുമാർ, വനിത സി പിഓ ശുഭലക്ഷ്മി , സി പി ഓ അനന്തു, ഷിജിൻ ദാസ്,സാക്ഷി മുരുക്കുമ്പുഴ സബ് രജിസ്ട്രാർ ഓഫീസർ അറാഫത്ത് എന്നിവർ പ്രത്യേക സംഘത്തിലുണ്ട്.