38ൽ 36 കേന്ദ്രങ്ങളും റെഡ് സോൺ; പുകമഞ്ഞ് രൂക്ഷം; ഏറ്റവും മോശം വായു ഗുണനിലവാരത്തിൽ രാജ്യ തലസ്ഥാനം

ന്യൂഡൽഹി∙ ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ. ഇന്നു രാവിലെ പുകമഞ്ഞു മൂടിയ നിലയിലാണ് ഡൽഹിയിൽ മിക്കയിടങ്ങളും. 347 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ‘വളരെ മോശം’ നിലയിലാണിത്. ഡൽഹിയിലെ 38 നിരീക്ഷണ കേന്ദ്രങ്ങളിൽ മുപ്പത്തിയാറും വായു ഗുണനിലവാരത്തിൽ റെഡ് സോണിലാണുള്ളത്. ദീപാവലിയുടെ ഭാഗമായി വൻതോതിൽ പടക്കങ്ങൾ പൊട്ടിക്കുന്നത് മലിനീകരണ തോത് ഉയർത്തുകയാണ്.
മലിനീകരണം തടയുന്നതിനായി ഇത്തവണ കർശന നിർദേശങ്ങളുണ്ടായിരുന്നു. ഹരിത പടക്കങ്ങൾ മാത്രം പൊട്ടിക്കാനായിരുന്നു സുപ്രീംകോടതി അനുമതി നൽകിയിരുന്നത്. ദിവസം രാവിലെ 8 മുതൽ രാത്രി 10 വരെയുമാണ് പടക്കം പൊട്ടിക്കാൻ അനുമതിയുള്ളത്. ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാനിന്റെ രണ്ടാംഘട്ടം ഞായറാഴ്ച നടപ്പാക്കിത്തുടങ്ങിയിരുന്നു.
ദീപാവലി ദിവസം രാത്രി 10 മണിക്ക് ഡൽഹിയിലെ നാല് നിരീക്ഷണ കേന്ദ്രങ്ങളിൽ വായു ഗുണനിലവാര സൂചിക ഏറ്റവും അപകടകരമായ തോതായ 400ന് മുകളിൽ കടന്നു. ദ്വാരക (417), അശോക് വിഹാർ (404), വസീർപുർ (423), ആനന്ദ് വിഹാർ (404) എന്നിങ്ങനെയാണിത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലെത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.






