അഞ്ചുദിവസം ചോദ്യം ചെയ്തിട്ടും ഒന്നും കിട്ടിയില്ല, ഭാര്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ; സെബാസ്റ്റിയന്റെ ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്നത് കോടികള്‍; ഗള്‍ഫില്‍ പണിയെടുത്തുണ്ടാക്കിയതാണെന്ന് പ്രതി

ആലപ്പുഴ: ചേര്‍ത്തലയില്‍ സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ സെബാസ്റ്റിയനെ ചോദ്യം ചെയ്തിട്ട് രക്ഷയില്ലാതെ അന്വേഷണസംഘം. ഇയാളില്‍ നിന്നും കാര്യമായ ഒരു വിവരവും കിട്ടാത്തസാഹചര്യത്തില്‍ ഭാര്യയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ്. അഞ്ചു ദിവസമായി തുടരുന്നു ചോദ്യം ചെയ്യലില്‍ പോലീസ് ആകെ വലഞ്ഞിരിക്കുകയാണ്. തെറ്റിദ്ധരിപ്പിക്കുന്ന മറുപടികളാണ് സെബാസ്റ്റ്യന്‍ നല്‍കുന്നത്.
ഇതോടെയാണ് ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് സെബാസ്റ്റിയന്റെ ഭാര്യയെ വിളിപ്പിക്കാനാണ് തീരുമാനം. എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കൃത്യത്തെക്കുറിച്ച് ഭാര്യയ്ക്ക് എന്തെങ്കിലും വിവരങ്ങള്‍ അറിയാമോ എന്നതില്‍ വ്യക്തത വരുത്തുന്നതിനൊപ്പം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമ്പോള്‍ പ്രതിയുടെ നിസ്സഹകരണത്തില്‍ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. സംഭവത്തില്‍ സെബാസ്റ്റ്യന് പുറമേ മറ്റൊരാളുടെ പങ്കും സംശയിക്കുന്നുണ്ട്.
ചേര്‍ത്തല ശാസ്താംകവല സ്വദേശി ഐഷയെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെട്ടതോടെ ഈ കേസ് വീണ്ടും അന്വേഷിക്കാനും നീക്കമുണ്ട്. ഈ കേസില്‍ നിര്‍ണായക സാക്ഷിയായ അയല്‍ക്കാരി റോസമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. അതിനിടയില്‍ സെബാസ്റ്റിയന്റെ അക്കൗണ്ടില്‍ കോടികളുടെ നിക്ഷേപവും പോലീസ് കണ്ടെത്തി. ഈ പണം കാണാതായ സ്ത്രീകളില്‍ നിന്നും സെബാസ്റ്റ്യന്‍ തട്ടിയെടുത്തതായിരിക്കാമെന്നാണ് സംശയം. അതേസമയം ഇത് താന്‍ ഗള്‍ഫില്‍ പോയി പണിയെടുത്ത് ഉണ്ടാക്കിയതാണെന്നാണ് ഇയാള്‍ പറയുന്നത്. സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഇതില്‍ കുത്തിയതോട്, വരാപ്പള്ളി സര്‍വീസ് സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍തുക പിന്‍വലിക്കുകയും ചെയ്തിരുന്നു. ഗള്‍ഫിലെ ജോലിയില്‍ നിന്നും സമ്പാദിച്ച പണമാണെന്ന സെബാസ്റ്റ്യന്റെ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തില്‍ എടുത്തിട്ടില്ല.






