
സന: ഇന്ത്യന്‍ നഴ്സ് നിമിഷ പ്രിയയെ മോചിപ്പിക്കാന്‍ വലിയ രീതിയില്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ അമ്മയെ മോചിപ്പിക്കാന്‍ യെമനിലെ ഹൂതി ഭരണകൂടത്തോടുള്ള യാചനയുമായി മകള്‍ മിഷേലും. തന്റെ മാതാവിനെ മോചിപ്പിക്കാന്‍ മിഷേല്‍ വീഡിയോ അഭ്യര്‍ത്ഥനയിലൂടെ ഹൂതി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. നിലവില്‍ യെമനിലാണ് 13 കാരിയായ മിഷേല്‍.
ഇന്ത്യന്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റ് കെഎ പോളിനൊപ്പമാണ് മിഷേലും അഭ്യര്‍ത്ഥിക്കുന്നത്. ”ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, അമ്മേ…” വീഡിയോയില്‍ മിഷേല്‍ പറഞ്ഞു. വീഡിയോ പിടിഐ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ഭാര്യയുടെ വധശിക്ഷ തല്‍ക്കാലം ഒഴിവാക്കിയതില്‍ നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് വീഡിയോയില്‍ ഹൂതി ഭരണകൂടത്തിന് നന്ദിയും പറഞ്ഞു.
”വിദ്വേഷത്തേക്കാള്‍ ശക്തമാണ് സ്‌നേഹം.’ തലസ്ഥാനമായ സന ഉള്‍പ്പെടെ യെമന്റെ പ്രധാന ഭാഗങ്ങള്‍ ഭരിക്കുന്ന സംഘത്തിന്റെ തലവന്‍ അബ്ദുള്‍-മാലിക് അല്‍-ഹൂത്തിയെ ക്ഷണിച്ചുകൊണ്ട് പോള്‍ പറഞ്ഞു. കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ തന്റെ ബിസിനസ് പങ്കാളിയായിരുന്ന യെമന്‍കാരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് യെമനിലെ സന സെന്‍ട്രല്‍ ജയിലിലാണ്.
2017 ജൂലൈയില്‍ നടന്ന സംഭവത്തില്‍ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ യെമനിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അപ്പീല്‍ നിരസിച്ചതിനെ തുടര്‍ന്ന് ശിക്ഷ ജൂലൈ 16 ന് നടപ്പിലാക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇന്ത്യയും യെമന്‍ അധികാരികളും തമ്മിലുള്ള സുസ്ഥിര നയതന്ത്ര ശ്രമങ്ങളെത്തുടര്‍ന്ന് വധശിക്ഷ മാറ്റിവച്ചു. ഇന്ത്യയുടെ ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബൂബക്കര്‍ അഹമ്മദ് കാന്തപുരം സ്വാധീനമുള്ള യെമന്‍ ഷെയ്ഖുകളുമായി മധ്യസ്ഥതയ്ക്കായി ഇടപെടുകയും ചെയ്തിരുന്നു.






