ഗേള്‍ഫ്രണ്ടുമായി ശിഖര്‍ ധവാന്‍ മുറിയില്‍; ഉറങ്ങാന്‍ സമ്മതിക്കുമോ എന്നു രോഹിത്ത്! ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഗേള്‍ഫ്രണ്ടിനെ മുറിയില്‍ ഒളിപ്പിച്ചു കടത്തിയ കഥ പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം; ആത്മകഥ വൈറല്‍!

ബംഗളുരു: ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ആത്മകഥയില്‍ പഴയ പ്രണയകഥകള്‍ പറയുന്ന ഭാഗങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറല്‍. രോഹിത് ശര്‍മയുമായി മുറി പങ്കിടുന്ന സമയം കാമുകിയെ ധവാന്‍ മുറിയിലേക്ക് ഒളിച്ചുകടത്തിയ രസകരമായ സംഭവത്തെ കുറിച്ചും ധവാന്റെ ആത്മകഥയില്‍ പറയുന്നതായി സ്‌പോര്‍ട്സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2006ലെ ഇന്ത്യ എയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇടയിലെ സംഭവം ആണ് ഇത്. എങ്ങനെയാണ് ഗേള്‍ഫ്രണ്ടിനെ കണ്ടെത്തിയത് എന്നും ആരും അറിയാതെ ഹോട്ടല്‍ റൂമിലേക്ക് കടത്തിയത് എന്നും ധവാന്‍ പറയുന്നു. ഇതിനോട് രോഹിത് ശര്‍മ എങ്ങനെയാണ് പ്രതികരിച്ചത് എന്നതും ധവാന്‍ വെളിപ്പെടുത്തുന്നുണ്ട്. ‘അവള്‍ ഏറെ സുന്ദരിയായിരുന്നു. അവളുമായി ഞാന്‍ പ്രണയത്തിലായി. എന്റെ പെണ്ണാണ് അവള്‍ എന്ന് തോന്നി. ഞാന്‍ അവളെ വിവാഹം കഴിക്കും എന്ന് തീരുമാനിച്ചു’-ആത്മകഥയില്‍ ധവാന്‍ പറയുന്നു.

‘പരിശീലന മത്സരത്തില്‍ അര്‍ധ ശതകത്തോടെയാണ് ഞാന്‍ തുടങ്ങിയത്. നന്നായി കളിക്കാന്‍ എനിക്കായി. ഓരോ മത്സരം കഴിയുമ്പോഴും ഞാന്‍ എലനെ(യഥാര്‍ഥ പേരല്ല) കാണാനായി പോയി. പിന്നാലെ ഞാന്‍ അവളെ എന്റെ മുറിയിലേക്ക് കൊണ്ടുവരാന്‍ തുടങ്ങി. രോഹിത്തായിരുന്നു ആ സമയം എന്റെ റൂംമേറ്റ്. ‘എന്നെ ഒന്ന് ഉറങ്ങാന്‍ സമ്മതിക്കുമോ’ എന്ന് രോഹിത്ത് എന്നോട് ദേഷ്യത്തോടെ ചോദിക്കും.’
‘ഒരു വൈകുന്നേരം ഞാന്‍ എലനൊപ്പം രാത്രി ഭക്ഷണം കഴിക്കാന്‍ എത്തിയതോടെ ഗേള്‍ഫ്രണ്ട് എനിക്കൊപ്പം ഉണ്ടെന്ന കാര്യം സ്‌ക്വാഡിനുള്ളില്‍ എല്ലാവരും അറിഞ്ഞു. ഒരു സീനിയര്‍ നാഷണല്‍ സെലക്ടര്‍ ഞാനും ഗേള്‍ഫ്രണ്ടും ലോബിയില്‍ കൈകോര്‍ത്ത് നടക്കുന്നത് കണ്ടു.’ ‘എന്നാല്‍ അവളുടെ കൈ വിടാന്‍ എനിക്ക് തോന്നിയില്ല. കാരണം ഞാന്‍ തെറ്റൊന്നും ചെയ്യുന്നില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. ആ ഓസീസ് പര്യടനത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയല്‍ എനിക്ക് സീനിയര്‍ ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ അവസരമുണ്ടായി. എന്നാല്‍ എന്റെ പ്രകടനം മോശമായി വന്നു,’ ആത്മകഥയില്‍ ശിഖര്‍ ധവാന്‍ പറഞ്ഞു.
ഇപ്പോള്‍ സോഫിയ ഷൈനിനൊപ്പം
ആദ്യ ഭാര്യയുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശിഖര്‍ ധവാന്‍ ഇപ്പോള്‍ സോഫിയ ഷൈനുമായി പ്രണയത്തിലാണ്. അയര്‍ലന്‍ഡുകാരിയാണ് സോഫി ഷൈന്‍. 2024 മുതല്‍ ആയിഷയും ധവാനും ഒരുമിച്ച് ആരാധകരുടെ കണ്ണില്‍ പ്രത്യക്ഷപ്പെട്ടിരുന്നു എങ്കിലും ധവാന്‍ താന്‍ പ്രണയത്തിലാണെന്ന കാര്യം ആരാധകരുമായി പങ്കുവയ്ക്കുന്നത് 2025 മെയിലാണ്.
മെല്‍ബണ്‍ സ്വദേശിയായിരുന്ന ആയിഷ മുഖര്‍ജിയായിരുന്നു ധവാന്റെ ആദ്യ ഭാര്യ. ഫിറ്റ്‌നസ് ട്രെയ്‌നറും കിക്ക് ബോക്‌സറുമായിരുന്നു ആയിഷ. ആയിഷയുമായി ധവാന്‍ പ്രണയത്തിലാവുകയും 2012ല്‍ ഇരുവരും വിവാഹിതരാവും ചെയ്തു. ധവാനേക്കാള്‍ 12 വയസ് കൂടുതലായിരുന്നു ആയിഷയ്ക്ക്. ആയിഷയ്ക്ക് രണ്ട് മക്കളുണ്ടായിരുന്നു. ആയിഷയുമായുള്ള ബന്ധത്തില്‍ ധവാന് ഒരു മകനാണ് ഉള്ളത്.