Breaking NewsLead NewsNEWSWorld

ഒടുവിൽ വെടിനിർത്തൽ അംഗീകരിച്ച് ഇറാനും ഇസ്രയേലും; 12 ദിവസത്തെ കനത്ത ആക്രമണത്തിന് പിന്നാലെ സമവായം; നിർണായക പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ്; ധാരണയിലെത്തിയത് ഖത്തറിൻ്റെ സഹായത്തോടെ

ടെഹ്റാൻ: 12 ദിവസം നീണ്ട ദിവസത്തെ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചു. സമവായം സാധ്യമാകുന്നത് കനത്തനാശം വിതച്ച 12 ദിവസത്തെ നേർക്കുനേർ ആക്രമണത്തിന് പിന്നാലെയാണ്. ഇന്ത്യൻ സമയം രാവിലെ ഒന്പതരയോടെയാണ് വെടിനിർത്തൽ നിലവിൽ വന്നെന്ന് ഇറാൻ പ്രസ് ടി.വി. ഇതുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആണ്. വെടിനിർത്തൽ പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ് പറഞ്ഞു.

രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനാണ് ആദ്യം വെടിനിര്‍ത്തുക. 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിര്‍ത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Signature-ad

അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് വരെ കനത്ത ആക്രമണമാണ് ഇറാനും ഇസ്രയേലും നടത്തിയത്. ഇസ്രയേലിലെ ബീർഷേബയിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ടെഹ്റാൻ ലക്ഷ്യമിട്ട് ഇസ്രയേലും കനത്ത ആക്രമണം നടത്തി. ഖത്തറിലേയും ഇറാഖിലേയും വ്യോമതാവളങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തിന് പിന്നാലെയായിരുന്നു ഡോണൾഡ് ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം.

വെടിനിർത്തൽ സന്നദ്ധത യുഎസാണ് അറിയിച്ചതെന്നും വെടിനിർത്തലിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സമ്മതം വാങ്ങിയ ഡോണൾഡ് ട്രംപ്, ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനിയുമായി ഫോണിൽ ബന്ധപ്പെട്ട് ഇറാനുമായി സംസാരിക്കാൻ അഭ്യർഥിക്കുകയായിരുന്നുവെന്നും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു.

ട്രംപിൻ്റെ വാക്കുകൾ ഇങ്ങനെ…

‘എല്ലാവർക്കും അഭിനന്ദനങ്ങൾ. അടുത്ത ആറു മണിക്കൂറിൽ, അവരുടെ നിലവിലെ ദൗത്യങ്ങൾ പൂർത്തിയായി കഴിയുമ്പോൾ, ഇറാനും ഇസ്രയേലും തമ്മിൽ 12 മണിക്കൂർ നീളുന്ന പൂർണവും സമ്പൂർണവുമായ വെടിനിർത്തൽ നിലവിൽ വരും. ആ സമയത്തിനു ശേഷം യുദ്ധം അവസാനിച്ചതായി കണക്കാക്കും. ഔദ്യോഗികമായി ഇറാൻ യുദ്ധവിരാമം ആരംഭിക്കും. 12 മണിക്കൂറിനു ശേഷം ഇസ്രയേൽ യുദ്ധവിരാമം ആരംഭിക്കും. 24 മണിക്കൂറിനു ശേഷം, 12 ദിവസത്തെ യുദ്ധത്തിന് ഔദ്യോഗികമായി അവസാനമാകും. ഓരോ വെടിനിർത്തലിന്റെയും വേളയിൽ മറുപക്ഷം സമാധാനപരമായി നിലകൊള്ളും.

എല്ലാ ശരിയായി പ്രവർത്തിക്കുമെന്ന ധാരണയിൽ, 12 ദിവസത്തെ യുദ്ധമെന്നു വിളിക്കാവുന്നത് അവസാനിപ്പിക്കാൻ ആവശ്യമായ ക്ഷമ, ധൈര്യം, ബുദ്ധി എന്നിവയ്‌ക്ക് ഇറാനെയും ഇസ്രയേലിനെയും അഭിനന്ദിക്കുന്നു. വർഷങ്ങളോളം നീണ്ടു നിൽക്കുകയും മധ്യപൂർവദേശത്തെ മുഴുവൻ നശിപ്പിക്കുകയും ചെയ്യാമായിരുന്ന യുദ്ധമായിരുന്നു ഇത്. പക്ഷെ അങ്ങനെ സംഭവിച്ചില്ല, ഒരിക്കലും സംഭവിക്കുകയുമില്ല. ദൈവം ഇസ്രയേലിനെ അനുഗ്രഹിക്കട്ടെ, ദൈവം ഇറാനെ അനുഗ്രഹിക്കട്ടെ, ദൈവം മധ്യപൂർവദേശത്തെ അനുഗ്രഹിക്കട്ടെ, ദൈവം യുഎസിനെ അനുഗ്രഹിക്കട്ടെ, ദൈവം ലോകത്തെ അനുഗ്രഹിക്കട്ടെ’ – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.

Back to top button
error: