സംഘി പോലീസ് എന്നത് ബോധപൂര്‍വം സൃഷ്ടിച്ച കെട്ടുകഥ; വിസ്ഡം പരിപാടി നിര്‍ത്താന്‍ പറഞ്ഞത് വര്‍ഗീയമാക്കുമ്പോള്‍ മഹല്ലുകളില്‍ 11നു ശേഷവും പാതിരാ പ്രസംഗം നടത്തുന്നതു മറക്കേണ്ട; എട്ടിക്കുളം പള്ളിയില്‍ പോലീസ് വിശ്വാസികളെ ഓടിച്ചത് ലീഗ് ഭരിക്കുമ്പോള്‍: മതം പറഞ്ഞ് മനുഷ്യനെ അകറ്റുന്നവരെ കരുതിയിരിക്കണം: സിദ്ധരാമയ്യയല്ല പിണറായി വിജയന്‍; നിലമ്പൂര്‍ പശ്ചാത്തലത്തില്‍ ഷുക്കൂര്‍ വക്കീലിന്റെ കുറിപ്പ് വൈറല്‍
മുസ്ലിം അല്ലാത്തതു കൊണ്ടു കുറ്റകൃത്യത്തില്‍ പെട്ടവരെ പോലീസ് രക്ഷപ്പെടുത്തിയിട്ടുണ്ടോ? മുസ്ലിമും മുസ്ലിമല്ലാത്തവരും ഒരേ കുറ്റകൃത്യത്തില്‍ പെട്ടാല്‍ മുസ്ലിമീങ്ങളെ മാത്രം പ്രതിയാക്കിയിട്ടുണ്ടോ? തീര്‍ച്ചയായും എല്ലാ ചോദ്യങ്ങള്‍ക്കും നിങ്ങളുടെ ഉത്തരം 'ഇല്ല' എന്നു തന്നെയായിരിക്കും

കാസര്‍ഗോഡ്: നിലമ്പൂര്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ പി.വി. അന്‍വറും കോണ്‍ഗ്രസ് നേതൃത്വവും നിരന്തരം പ്രചരിപ്പിക്കുന്ന പോലീസിലെ സംഘിവത്കരണമെന്ന നരേഷനെതിരേ തുറന്നടിച്ച് ഷുക്കൂര്‍ വക്കീല്‍. അദ്ദേഹം എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ഭരിക്കുമ്പോള്‍ കര്‍ണാടകയില്‍ അരങ്ങേറിയ വര്‍ഗീയ കലാപങ്ങളും കേരളത്തിലെ അന്തരീക്ഷവുമാണ് അദ്ദേഹം പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നത്. തെരഞ്ഞെടുപ്പു കാലത്ത് മതം പറഞ്ഞ് വിഭാഗീയത സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണമെന്നും തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ആളുകള്‍ പിരിഞ്ഞുപോകുമെങ്കിലും വര്‍ഗീയത എളുപ്പം മായില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തില്‍ ഒരാള്‍പോലും മുസ്ലിമായതിന്റെ പേരില്‍ അനധികൃതമായി കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അതു പിണറായി വിജയന്‍ ഭരിക്കുന്നതിന്റെ ആര്‍ജവമാണെന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു.

പോസ്റ്റ് വായിക്കാം…
നമ്മുടെ തൊട്ടു വടക്കാണ് കര്‍ണാടക, മലയാളിയായ അഷ്‌റഫ് മംഗലാപുരത്ത് വെച്ച് കൊല്ലപ്പെടുന്നത് ഏപ്രില്‍ 27 നാണ്. പാക്കിസ്ഥാന്‍ എന്നോ മറ്റോ പറഞ്ഞാണ് ഹിന്ദുത്വ ഭീകരര്‍ ആ വിവേചന ശേഷി പോലും ഇല്ലാത്ത അയാളെ ആള്‍ക്കൂട്ട അക്രമം നടത്തി കൊന്നു കളഞ്ഞത്.തുടര്‍ന്നു വലിയ സമ്മര്‍ദ്ദത്തിനു ശേഷം പ്രതികളെ പിടിക്കുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫ് കൊല്ലപ്പെട്ട അഷ്റഫിന്റെ ബന്ധുക്കളെയും കൂട്ടി കര്‍ണാടക മുഖ്യ മന്ത്രി സിദ്ധാരാമയ്യയെ കാണുന്നു. കൂട്ടത്തില്‍ ഉള്ളാല്‍ എംഎല്‍എയും കര്‍ണാടക സ്പീക്കറുമായ യു.ടി. ഖാദരും ഉണ്ട്. ഇരയാക്കപ്പെട്ടവര്‍ക്ക് വേണ്ടത് പ്രതികള്‍ക്ക് ശിക്ഷയും നഷ്ടപരിഹാരവും.
മഞ്ചേശ്വരം എംഎല്‍എ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വാളില്‍ സിദ്ധരാമയ്യയെ സന്ദര്‍ശിച്ച ഫോട്ടോ ഫീഡില്‍ നിന്നും മായുന്നതിനു മുമ്പ് ആ കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ ഭാഗം എതിര്‍പ്പ് പറയാത്തതു കൊണ്ട് ജാമ്യം ലഭിച്ചു എന്നു വാര്‍ത്തകള്‍ വന്നു. തുടര്‍ന്നു നമ്മള്‍ വായിക്കുന്നതു ന്യൂനപക്ഷ മത വിഭാഗത്തില്‍ പെട്ട മറ്റൊരാളെ കൂടി മംഗലാപുരത്ത് കൊന്നു വെന്നാണ്. അതിന്റെ ബാക്കി ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്‍ പരാജയമാണെന്നു പറഞ്ഞ് 200 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്ന വാര്‍ത്തയും വരുന്നു. സിദ്ധാരാമയ്യ അധികാരത്തില്‍ വന്നതിനു ശേഷം എഫ്ബി പോസ്റ്റ് കാരണം വലിയ വര്‍ഗീയ കലാപങ്ങളാണ് ബാംഗ്ലൂരിലും ഷിമോഗയിലും അവസാനം മംഗലപുരത്തു ഒക്കെ നടന്നത്. ഈ കോണ്‍ഗ്രസ്സ് മുഖ്യ മന്ത്രിക്കെതിരെയാണ് ന്യൂനപഷങ്ങള്‍ ശക്തമായ എതിര്‍പ്പുകള്‍ പറയുന്നത്. കെ.സിയുടെയും വി.ഡി. സതീശന്റെയും അതെ കോണ്‍ഗ്രസ്.
2017 ല്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലെ കാസര്‍ഗോട്ടേക്ക് ജോലി തേടി വന്നയാളായിരുന്നു മുഹമ്മദ് റിയാസ്. അയാളെയാണ് 2017 മാര്‍ച്ച് 20 നു രാത്രി 11ന് ജോലി ചെയ്യുന്ന പള്ളിയിലെ താമസ സ്ഥലത്ത് കയറി മൂന്നു ഹിന്ദുത്വ വര്‍ഗീയവാദികള്‍ കൊന്നതു. കാസര്‍ഗോഡ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു . മൂന്നാം ന്നാള്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്യുന്നു. അതിനിടയില്‍ കാസര്‍ഗോഡ് മത വെറുപ്പിന്റെ പുറത്ത് നിരവധി ചെറിയ ചെറിയ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നു. പോലീസ് കൃത്യവും ശക്തവുമായ നിലപാടു സ്വീകരിക്കുന്നു. അറസ്റ്റ് ചെയ്തു 85 ദിവസം പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് കൊല്ലപ്പെട്ടയാളുടെ ഭാര്യയുടെ ആവശ്യപ്രകാരം സ്പഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നു. 89 ദിവസം പൂര്‍ത്തിയായപ്പോള്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.
പ്രതികള്‍ നിരന്തരം ജാര്യത്തിനു വേണ്ടി സെഷന്‍സ് കോടതി മുമ്പാകെയും ഹൈക്കോടതിയിലും ശ്രമിക്കുന്നു. പോലീസ് കര്‍ശന നിലപാട് സ്വീകരിക്കുന്നു. അവര്‍ 7 വര്‍ഷവും 7 ദിവസവും വിചാരണ തടവുകാരായി വിചാരണ നേരിട്ടു. കേസില്‍ സെഷന്‍സ് കോടതി 3 പ്രതികളെ കുറ്റ വിമുക്തരാക്കുന്നു. സര്‍ക്കാര്‍ അതിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നു.
2012 മുതല്‍ 2017 വരെ യുള്ള കാലയളവില്‍ മത വൈര്യത്തിന്റെ പുറത്ത് മുസ്ലീമിങ്ങള്‍ ഇതെ സ്റ്റേഷന്‍ പരിധിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റിഷാദ്, സാബിത്, സൈനുല്‍ ആബിദും ഇങ്ങിനെ മുഹമ്മദ് റിയാസിനു മുമ്പ് കൊല്ലപ്പെട്ടവരാണ്. പ്രതികള്‍ സംഘ് പരിവാറും. റിഷാദിന്റെയും സാബിത്തിന്റെയും സൈനുല്‍ ആബിദിന്റെയും കേസുകളില്‍ പ്രതികള്‍ക്ക് തടവ് വിചാരണ നേരിടേണ്ടി വന്നില്ല. അവര്‍ക്ക് ജാമ്യം ലഭിച്ചു. എന്നാല്‍ റിയാസ് മൗലവി കേസില്‍ പ്രതികള്‍ ഏഴ് വര്‍ഷം തടവില്‍ കിടക്കേണ്ടി വന്നു. ആദ്യത്തെ രണ്ട് കൊല പാതകങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ സംസ്ഥാന മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ആയിരുന്നു. മന്ത്രി സഭയില്‍ ലീഗിനു 5 മന്ത്രിമാര്‍ ഉണ്ടായിരുന്നു. കാസര്‍ഗോട്ടെ എംഎല്‍എ ലീഗ് തന്നെ. എന്നിട്ടു പോലും സൈനുല്‍ ബിദ് കേസില്‍ സ്പഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയില്ല.
പിന്നീട് വന്ന പിണറായി സര്‍ക്കാറാണ് ഫയലില്‍ ഒപ്പിട്ടത്. മുഹമ്മദ് റിയാസ് കൊല പാതകം നടക്കുമ്പോഴും ജാമ്യം പ്രതികള്‍ക്ക് നിഷേധിക്കുമ്പോഴും പിണറായി വിജയനാണ് സംസ്ഥാന മുഖ്യമന്ത്രി. 2020 മുതല്‍ കോവിഡ് ഘട്ടത്തില്‍ എല്ലാവര്‍ക്കും ജാമ്യം കോടതികള്‍ അനുവദിക്കുന്ന സാഹചര്യം വന്നപ്പോള്‍ മൗലവി കേസിലെ പ്രതികളും ജാമ്യത്തിനു ശ്രമിച്ചു , ജാമ്യം അനുവദിക്കുന്നതിനെ അതി ശക്തമായി തന്നെ പ്രോസിക്യൂഷന്‍ എതിര്‍ത്തു . 2017 മുതല്‍ വര്‍ഗീയ കൊലപാതക- അക്രമ കേസുകളില്‍ അത്തരം കര്‍ശന നിലപാടു സര്‍ക്കാര്‍ സ്വീകരിച്ചതോടെ കാസര്‍ഗോഡ് മതവെറി അക്രമങ്ങളും കൊല പാതകങ്ങളും പാടെ ഇല്ലാതെയായി. അതിനു ശേഷം വര്‍ഗ്ഗീയതയുടെ പേരില്‍ ഒരു കൊല പാതകം പോലും നടന്നിട്ടില്ല. ഈ സ്റ്റേഷനില്‍ വര്‍ഗീയ വിദ്വേഷ കേസുകള്‍ തീര്‍ത്തും ഇല്ലാതായി.
ഈ അനുഭവം കേരള പരിഛേദമാണ്. ആലപ്പുഴയിലും പാലക്കാട്ടും എറണാകുളത്തുമൊക്കെ വലിയ കലാപങ്ങള്‍ ആകുവാന്‍ സാധ്യതയുണ്ടായിരുന്ന അക്രമങ്ങളും കൊല പാതകങ്ങളും ഒക്കെ മത വെറിയുടെ പേരില്‍ ഉണ്ടായ ഘട്ടങ്ങളില്‍ അതിശക്തമായി ഇടപെട്ട് അതൊരു കലാപമോ കൊള്ളി വെപ്പോ ആകാതിരിക്കുന്നതിനു ആവശ്യമായ നില പാടുകള്‍ സ്വീകരിച്ചു നാട്ടില്‍ സമാധാനത്തോടെ മനുഷ്യര്‍ക്ക് ജീവിക്കുവാനുള്ള അവസരം ഉണ്ടാക്കിയത് ഇടതു ഗവര്‍മെന്റിന്റെ നിശ്ചയ ദാര്‍ഢ്യവും കര്‍ക്കശമായ മതേതര നിലപാടുമാണ്. സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു വര്‍ഗീയ കലാപം പോലും ഉണ്ടായിട്ടില്ല. ആള്‍ക്കൂട്ടത്തെ പിരിച്ചു വിടുവാന്‍ പോലീസിനു തോക്ക് എടുക്കേണ്ട ഒരു ഘട്ടവും ഉണ്ടായിട്ടില്ല.
ഇക്കഴിഞ്ഞ കുറെ മാസങ്ങളായി കേരളീയ സമൂഹത്തില്‍ ആകെയും മുസ്ലിം സമുദായത്തിനകത്ത് പ്രത്യേകിച്ചും കൊണ്ടു പിടിച്ചു നടത്തുന്ന ഒരു നരേഷനാണ് സംഘി പോലീസ്. അഭ്യന്തര വകുപ്പ് പൂര്‍ണമായും സംഘി വല്‍കരിക്കപ്പെട്ടു വെന്നത്.
പോലീസ് സംഘി വല്‍ക്കരിക്കപ്പെട്ടുവോ?
നിങ്ങളുടെ പരിചയത്തിലെ പരിസരത്തോ, നിങ്ങളുടെ നേര് അനുഭവത്തിലോ , ഒരാള്‍ മുസ്ലിമായി എന്ന ഒരറ്റ കാരണത്താല്‍ ഏതെങ്കിലും ക്രിമിനല്‍ കേസില്‍ പോലീസ് സ്വമേധയാ ആരെയെങ്കിലും പ്രതി ചേര്‍ത്തിട്ടുണ്ടോ? ആരോടെങ്കിലും പരാതി എഴുതി വാങ്ങി കഴമ്പില്ലാത്ത കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടോ?
മുസ്ലിം സമുദായത്തില്‍ പിറന്നയാള്‍, പോലീസില്‍ നല്‍കിയ പരാതിയില്‍, നിയമപരമായി പോലീസിനു കേസ് എടുക്കുവാന്‍ അധികാരമുള്ള ഏതെങ്കിലും പരാതിയില്‍, പരാതിക്കാരന്‍ മുസ്ലിമായതു കൊണ്ടു മാത്രം അയാളുടെ പരാതി രജിസ്റ്റര്‍ ചെയ്യാതിരുന്നിട്ടുണ്ടോ? മുസ്ലിം സമുദായത്തില്‍ പെട്ടയാള്‍ എന്ന കാരണം കൊണ്ട് അയാള്‍ക്ക് കാരണങ്ങളില്ലാതെ പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നിരാകരിച്ചിട്ടുണ്ടോ? തെറ്റായ കാര്യങ്ങള്‍ ചേര്‍ത്തു പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടോ?
മുസ്ലിം അല്ലാത്തതു കൊണ്ടു കുറ്റകൃത്യത്തില്‍ പെട്ടവരെ പോലീസ് രക്ഷപ്പെടുത്തിയിട്ടുണ്ടോ? മുസ്ലിമും മുസ്ലിമല്ലാത്തവരും ഒരേ കുറ്റകൃത്യത്തില്‍ പെട്ടാല്‍ മുസ്ലിമീങ്ങളെ മാത്രം പ്രതിയാക്കിയിട്ടുണ്ടോ? തീര്‍ച്ചയായും എല്ലാ ചോദ്യങ്ങള്‍ക്കും നിങ്ങളുടെ ഉത്തരം ‘ഇല്ല’ എന്നു തന്നെയായിരിക്കും. ഇനി ഉണ്ട് എന്നു ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഉത്തരം ഉണ്ടെങ്കില്‍, തീര്‍ച്ചയായും അങ്ങിനെ ചെയ്ത പോലീസ് ഓഫീസര്‍ക്കെതിരെ അതി ശക്തമായ നടപടി സ്വീകരിക്കാനുള്ള ആര്‍ജ്ജവം ഉള്ള മുഖ്യമന്ത്രി തന്നെയാണ് കേരളം ഭരിക്കുന്നത്. (അങ്ങിനെ അനുഭവം ഉള്ളവര്‍ ഉണ്ടെങ്കില്‍ ഇന്‍ബോക്‌സില്‍ വരാം. എല്ലാ നിയമ സഹായവും അവര്‍ക്കു നല്‍കും)
അഥവാ, മുസ്ലിം ഉമ്മത്തിനിടയില്‍ സംഘി പോലീസ് നരേഷന്‍ സൃഷ്ടിച്ചു സമുദായ അംഗങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവം സൃഷ്ടിക്കുവാന്‍ ബോധ പൂര്‍വ്വം ഉണ്ടാക്കി എടുക്കുന്ന കെട്ടു കഥകളാണ് ഈ സംഘി പോലീസ് പ്രയോഗം. മുസ്ലിം സമൂഹം, സംസ്ഥാനത്തെ മറ്റെല്ലാ സൂഹത്തെയും പോലെ തുല്യ പരിഗണനയും അര്‍ഹതയും ലഭിക്കുന്ന ഒരു സമൂഹമാണ് കേരളത്തില്‍. മുസ്ലിമായി എന്ന കാരണത്താല്‍ ഒരു വിവേചനത്തിനും പോലീസിലോ മറ്റേതെങ്കിലും ഭരണ രംഗത്തോ ഇവിടെ വിധേയമാകുന്നില്ല.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ദളിത് സമൂഹം പോലെ വിവേചനം അനുഭവിക്കുന്നവരാണ് മുസ്ലിമീങ്ങള്‍. കോണ്‍ഗ്രസ്സ് നേതാവ് സിദ്ധാരാമയ്യ ഭരിക്കുന്ന കര്‍ണാടകയിലെ അനുഭവം നമ്മള്‍ കണ്ടു. പോലീസ് നിഷ്പക്ഷതയെ കുറിച്ചു രണ്ടു അനുഭവം കൂടി പറഞ്ഞ് ഈ കുറിപ്പ് നിര്‍ത്താം. ഇക്കഴിഞ്ഞ പഹല്‍ ഗാം ഭീകര ആക്രമണ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ ഒരു പ്രമുഖ മുസ്ലിം ലീഗ് നേതാവ് എഫ്ബി പോസ്റ്റ് വഴി ആ അക്രമത്തെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചപ്പോള്‍ , സംഘ് പരിവാര്‍ നേതാവ് അയാള്‍ക്കെതിരെ വര്‍ഗ്ഗീയ വിദ്വേഷവും രാജ്യദ്രോഹവും ഒക്കെ ചേര്‍ത്തു പോലീസില്‍ പരാതി കൊടുത്തു . പോലീസ് അവിടെ സംഘ് പരിവാര്‍ സമ്മര്‍ദ്ദത്തിനു വഴങ്ങിയില്ല. അയാള്‍ക്കെതിരെ നിയമം അനുശാസിക്കുന്ന രീതിയില്‍ മാത്രമാണ് നടപടി സ്വീകരിച്ചത്. (നാഴികക്ക് നാല്‍പത് വട്ടം പോലീസിനു സംഘി പട്ടം ചാര്‍ത്തി കൊടുക്കുന്ന ആളാണ് ഈ പ്രാസംഗി).
സംഘ് പരിവാര്‍ പല രീതിയിലും ശ്രമിച്ചു അയാള്‍ക്കെതിരെ രാജ്യ ദ്രോഹ കുറ്റവും മത വിദ്വേഷ വകുപ്പും ചേര്‍ത്തു അറസ്റ്റു ചെയ്യാന്‍. പോലീസ് ബന്ധപ്പെട്ടവരില്‍ നിന്നും കൃത്യമായി നിയമ ഉപദേശം നേടി, ഒരു മുന്‍ വിധിക്കും വഴങ്ങാതെ ഏറ്റവും ന്യായ യുക്തമായ രീതിയില്‍ ആ കേസ് കൈ കാര്യം ചെയ്തു, ലീഗിന്റെ കാസര്‍ഗോഡ് ജില്ലയിലെ മറ്റൊരു ഒരു പ്രമുഖ നേതാവിനെതിരെ, മറ്റൊരു പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കോടതി നിര്‍ദ്ദേശ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അയാളെയും അറസ്റ്റു ചെയ്യുവാന്‍ വലിയ സമ്മര്‍ദ്ദം വന്നു. പോലീസ് ആ കേസില്‍ ഇന്നു വരെ അയാളെ അറസ്റ്റു ചെയ്തിട്ടില്ല, കാരണം ആ കേസില്‍ അയാളുടെ അറസ്റ്റു ആവശ്യമില്ല എന്നതു തന്നെ. (ലീഗ് നേതാക്കള്‍ ഉള്‍പ്പെട്ട കേസുകള്‍ മാത്രം ചൂണ്ടിക്കാണിച്ചതാണ്) ഇങ്ങിനെ, പോലീസിന്റെ നീതിയുക്തവും പക്ഷപാത രഹിതവുമായ നൂറു കണക്കിനു അനുഭവങ്ങള്‍ നിങ്ങള്‍ക്ക് കാണും.
അവിടെ കുറ്റകൃത്യങ്ങളും അതില്‍ പ്രതികളാക്കപ്പെടുന്നവരും വെറും പൗരന്മാര്‍ അല്ലെങ്കില്‍ വ്യക്തികള്‍ മാത്രമാണ്. നിയമം അനുസരിച്ച് ഒരാള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ കുറ്റകൃത്യമായാല്‍ അയാള്‍ക്കെതിരെ പോലീസ് കേസ് എടുക്കും. കുറ്റ കൃത്യത്തിനു മതം പരിചയാക്കരുത്. മതം നോക്കി പ്രതി പട്ടികയില്‍ ആളെ ചേര്‍ക്കാനും ഒഴിവാക്കാനും നിയമം അനുവദിക്കുന്നില്ല. ഇത്തരം കാര്യങ്ങളില്‍ മത ജാതി പരിഗണനയില്‍ കാര്യങ്ങള്‍ നോക്കുന്നത് വര്‍ഗ്ഗീയത ബാധിച്ചതു കൊണ്ട് മാത്രമാണ്.
ചിലരുടെ എഫ്ബി പോസ്റ്റ് എടുത്തു കൊണ്ടു വന്നു ‘എന്തേ കേസ് എടുത്തില്ലാ’ എന്ന കോറസ് നമ്മള്‍ സ്ഥിരം കേള്‍ക്കുന്നതാണ്. പലതിലും എഫ്‌ഐആര്‍ വരും, തുടര്‍ നടപടികള്‍ക്ക് പല കടമ്പകളും തടസമാകും. അതിന്നൊന്നും സംഘി ബന്ധമല്ല കാരണം, മറിച്ചു സാങ്കേതിക പ്രശ്‌നങ്ങളാണ്. പിന്നെ, പോലീസും നമ്മുക്കിടയില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരാണ്. അവരിലും സമൂഹ്യ സ്വാധീനങ്ങളും മുന്‍ വിധികളും നില നില്‍ക്കും, അതു സര്‍ക്കാരിന്റെ നയ പരമായ നിലപാടുകളുടെ പുറത്തല്ല, മറിച്ചു മുന്‍വിധികളാണ്. അത്തരക്കാരെ തിരുത്തുവാനാണ് സര്‍ക്കാര്‍ നയം. ആര്‍ക്കെങ്കിലും അത്തരം അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയും അതു അഡ്രസ് ചെയ്യപ്പെടുക തന്നെ ചെയ്യും. ഒരു സംശയും വേണ്ട.
വിസ്ഡം പരിപാടി 10 മണി കഴിഞ്ഞു നിര്‍ത്തുവാന്‍ പറഞ്ഞതിനെ വര്‍ഗീയ വല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്നവര്‍ സ്വന്തം മഹല്ലുകളില്‍ പതിനൊന്നു മണിക്കു ശേഷവും മൈക്ക് ഉപയോഗിച്ചു പാതിരാ പ്രസംഗം നടത്തുന്നതു മറക്കേണ്ട. ഇക്കഴിഞ്ഞ 9 വര്‍ഷവും ഒരു പള്ളിയും പോലീസ് പൂട്ടിട്ടു പൂട്ടിയിട്ടില്ല. ഒരാളുടെയും നിസ്‌കാരം തടഞ്ഞിട്ടില്ല. മത പ്രഭാഷണങ്ങള്‍ക്ക് മൈക് പെര്‍മിഷന്‍ നിഷേധിച്ചിട്ടില്ല. 2016 വരെ, ലീഗ് അധികാരത്തില്‍ ഉണ്ടായിരുന്നപ്പോഴാണ് കണ്ണൂര്‍ എട്ടിക്കുളം പള്ളിയില്‍ കയറി ലീഗിനു വേണ്ടി പോലീസ് സാധു വിശ്വാസികളെ ഓടിച്ചത്. ആ അനുഭവം മറന്നിരിക്കുവാന്‍ ഇടയില്ല.
ഇവിടെ മനുഷ്യരാണ് പ്രധാനം. അവരുടെ വിശപ്പാണ് ഏറ്റവും പ്രധാനം.
മനുഷ്യ കേന്ദ്രീകൃതമായ ഭരണ വ്യവസ്ഥയാണ് ഇടതു പക്ഷം മുന്നോട്ടു വെക്കുന്നത്. മനുഷ്യരെ മതങ്ങള്‍ പറഞ്ഞു തമ്മില്‍ അകറ്റുവാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കുക. ഇലക്ഷനുകള്‍ വരും പോകും, അതിനിടയില്‍ മനുഷ്യര്‍ക്കിടയില്‍ ചീറ്റുന്ന വര്‍ഗീയ വിഷയം അത്രപെട്ടന്ന് മാഞ്ഞു പോകുന്നതല്ലെന്നു ഓര്‍ക്കുന്നത് നല്ലതാണ്.