Breaking NewsIndiaLead NewsNEWSSportsTRENDING

ഇംഗ്ലണ്ടിനെതിരേ കളിക്കുന്നത് കൃത്യമായ ‘ബ്ലൂ പ്രിന്റുമായി’; രോഹിത്തും കോലിയും അശ്വിനും എന്തു ചെയ്യണമെന്നു പറഞ്ഞു തന്നിട്ടുണ്ട്; കളിക്കാരെ അറിഞ്ഞ് അവസരത്തിനൊത്ത് ചുമതല നല്‍കുന്നതാണ് ക്യാപ്റ്റന്‍സി; ബാറ്റിംഗിന് ഇറങ്ങിയാല്‍ ക്യാപ്റ്റാണ് എന്നതു മറക്കാനാണ് ഇഷ്ടമെന്നും ശുഭ്മാന്‍ ഗില്‍

ഞാന്‍ കുട്ടിയായിരുന്നപ്പോള്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്മാരില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നും എനിക്ക് എപ്പോഴും പ്രചോദനം ലഭിച്ചിരുന്നു. വിരാടിനും രോഹിത്തിനുമൊപ്പം കളിക്കാനുള്ള ഭാഗ്യമുണ്ടായി. രണ്ടുപേരുടെയും ശൈലി വളരെ വ്യത്യസ്തമായിരുന്നു.

ബംഗളുരു: രോഹിത് ശര്‍മയും വിരാട് കോലിയും ആര്‍. അശ്വിനും ചേര്‍ന്നു വിദേശത്തു ടെസ്റ്റ് പരമ്പര ജയിക്കാനുള്ള ‘ബ്ലൂ പ്രിന്റ്’ നല്‍കിയിട്ടുണ്ടെന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. കോലിക്കും രോഹിത്തിനും വ്യത്യസ്ത നേതൃശൈലിയുണ്ടായിരുന്നെന്നും ഗില്‍. ഇരുപത്തഞ്ചുകാരനായ ഗില്ലിന്റെ ആദ്യ ചുമതല ഇംഗ്ലണ്ടിലെ ടെസ്റ്റ് വിജയമാണ്. കോലി, രോഹിത്ത് എന്നിവരുടെ അഭാവത്തില്‍ ഏറെക്കാലത്തിനുശേഷം നടക്കുന്ന കളിയെന്ന പ്രത്യേകതയുമുണ്ട്.

വിദേശത്തു പര്യടനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എങ്ങനെ ജയം കൈപ്പിടിയിലാക്കാമെന്നതിനുമുള്ള ബ്ലൂ പ്രിന്റ് നല്‍കിയിട്ടുണ്ടെന്നും ബിസിസിഐ പുറത്തിറക്കിയ വീഡിയോയില്‍ ഗില്‍ പറഞ്ഞു. ‘പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും വ്യത്യസ്ത കാര്യങ്ങളാണ്. പക്ഷേ, ഞങ്ങള്‍ക്കു ബ്ലൂ പ്രിന്റ് ഉള്ളതിനാല്‍ വിദേശത്ത് എങ്ങനെ ജയിക്കണമെന്നതില്‍ ധാരണയുണ്ട്’-ഗില്‍ പറഞ്ഞു.

Signature-ad

‘ഞാന്‍ കുട്ടിയായിരുന്നപ്പോള്‍, ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്മാരില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നും എനിക്ക് എപ്പോഴും പ്രചോദനം ലഭിച്ചിരുന്നു. വിരാടിനും രോഹിത്തിനുമൊപ്പം കളിക്കാനുള്ള ഭാഗ്യമുണ്ടായി. രണ്ടുപേരുടെയും ശൈലി വളരെ വ്യത്യസ്തമായിരുന്നു. ഇരുവരും ഒരു പൊതു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നത് കാണുന്നത് വളരെ പ്രചോദനാത്മകമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയണം. അവരുടെ ശൈലികള്‍ വ്യത്യസ്തമായിരിക്കാം. പക്ഷേ അവരുടെ ലക്ഷ്യം ഒന്നായിരുന്നു’

‘വിരാട് ഭാഗ് എപ്പോഴും ആക്രമണോത്സുകനകായിരുന്നു. എപ്പോഴും വിജയിക്കാനുള്ള ആവേശവും കാട്ടി. രോഹിത്തും ആക്രമണോത്സുകനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രതികരണത്തിലോ ഭാവത്തിലോ അതു കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. രോഹിത് ഭായ് ശാന്തനും തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നയാളുമാണ്. കളിക്കാരുമായി എപ്പോഴും ആശയവിനിമയം നടത്തി. കളിക്കാരില്‍നിന്ന് എന്താണു വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഞാനും ഇതു കണ്ടാണ് കളിക്കളത്തില്‍ വളര്‍ന്നത്’-‘- ഗില്‍ പറഞ്ഞു.

‘നായകനാകുകയെന്നത് ബാറ്റിംഗിനെ പലപ്പോഴും ബാധിക്കും. പക്ഷേ രോഹിത്തിന്റെ ശൈലിയില്‍ കളിച്ചാല്‍ രണ്ടും രണ്ടായി കാണാന്‍ കഴിയും. ബാറ്റിംഗിന് ഇറങ്ങിയാല്‍ ക്യാപ്റ്റന്‍ എന്ന നിലയിലായിരിക്കില്ല, മറിച്ച് ബാറ്റ്‌സ്മാന്‍ എന്ന നിലയിലാകും തീരുമാനങ്ങള്‍ എടുക്കുക. മറ്റു കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നതു സമ്മര്‍ദം കൂട്ടും. പുറത്തുള്ള കളികളില്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ചില റിസ്‌കുകള്‍ എടുക്കാന്‍ തയാറാകണം. അതിനു ക്യാപ്റ്റന്‍ എന്ന പദവി തടസമാകരുത്. അത് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. ‘ക്യാപ്റ്റന്‍ ആണു ഞാന്‍’ എന്ന നിലയില്‍ കളിക്കളത്തില്‍ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ല.

ടെസ്റ്റ് ക്യാപ്റ്റനായി നിയമിക്കപ്പെട്ടത് എന്നെത്തന്നെ അതിശയിപ്പിക്കുന്നുണ്ട്. വലിയ ഉത്തരവാദിത്വമാണത്. അവസരം ലഭിക്കുക എന്നത് ഒരു വലിയ ബഹുമതിയാണ്. ഇംഗ്ലണ്ടിലെ മത്സരം ആവേശകരമാകുമെന്നും കരുതുന്നു. കളിക്കാര്‍ക്ക് അവരുടേതായ ഇടം നല്‍കാന്‍ ശ്രമിക്കും. കളിക്കളത്തിനു പുറത്തും അച്ചടക്കവും കഠിനാധ്വാനവും ആവശ്യമാണ്. ഒരു ക്യാപ്റ്റനെന്ന നിലയില്‍ കളിക്കാര്‍ക്ക് എപ്പോള്‍ അവസരം നല്‍കണമെന്ന് അറിയാന്‍ കഴിയണം. എല്ലാവരും വ്യത്യസ്തരാണ്. അവര്‍ വളര്‍ന്നുവന്നതും വ്യത്യസ്ത തലത്തിലാണ്. കളിക്കാരുമായി ആ സംഭാഷണം നടത്താന്‍ കഴിയണം. ക്രിക്കറ്റിനേക്കാള്‍ ആഴത്തിലുള്ള തലത്തില്‍ അവരെ അറിയാന്‍ കഴിയണം. അപ്പോള്‍ നിങ്ങള്‍ക്ക് അവരില്‍നിന്ന് ഏറ്റവും മികച്ചതെന്താണെന്നു മനസിലാക്കാന്‍ കഴിയും’- ഗില്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: