Breaking NewsIndiaLead NewsLIFEMovieNEWSSocial MediaTRENDING

പൊന്നിയന്‍ സെല്‍വനിലെ വീര രാജ വീര ഗാനം കോപ്പിയടി? ഡല്‍ഹി കോടതിയില്‍ എ.ആര്‍. റഹ്‌മാനു തിരിച്ചടി; റഹ്‌മാനും നിര്‍മാതാവും രണ്ടുകോടി വീതം കെട്ടിവയ്ക്കണം; സംഗീത സംവിധായകരായി പരാതിക്കാരുടെ പേരു ചേര്‍ക്കണം

ന്യൂഡല്‍ഹി: പാട്ടിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ടു സംഗീത സംവിധായകനും ഓസ്‌കര്‍ ജേതാവുമായ എ.ആര്‍. റഹ്‌മാനും അദ്ദേഹത്തിന്റെ നിര്‍മാണക്കമ്പനിയായ മദ്രാസ് ടാക്കീസിനും തിരിച്ചടി. 2023ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ പൊന്നിയിന്‍ സെല്‍വന്‍ 2 (പിഎസ് 2)ല്‍ ഉള്‍പ്പെടുത്തിയ ‘വീര രാജ വീര’ എന്ന ഗാനത്തിന്റെ രചനയുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത പകര്‍പ്പവകാശ ലംഘന കേസിലാണു ഡല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസിന്റെ അന്തിമ വിധി വരുന്നതുവരെ റഹ്‌മാനും നിര്‍മാണക്കമ്പനിയും രണ്ടുകോടി വീതം കോടതിയില്‍ കെട്ടിവയ്ക്കണം.

2023-ല്‍ പത്മശ്രീ അവാര്‍ഡ് ജേതാവും ഇന്ത്യന്‍ ക്ലാസിക്കല്‍ ഗായകനുമായ ഫയാസ് വസിഫുദ്ദീന്‍ ദാഗര്‍, തന്റെ പിതാവ് നാസിര്‍ ഫയാസുദ്ദീന്‍ ദാഗറും അമ്മാവന്‍ സാഹിറുദ്ദീന്‍ ദാഗറും ചേര്‍ന്ന് രചിച്ച ‘ശിവ സ്തുതി’ എന്ന ഗാനത്തില്‍ നിന്ന് ഗാനത്തിന്റെ രചന പകര്‍ത്തിയതാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചു. റഹ്‌മാനും മദ്രാസ് ടാക്കീസും ഉള്‍പ്പെടെയുള്ള പ്രതികള്‍ ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് തടയുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും ധാര്‍മ്മിക അവകാശങ്ങള്‍ അംഗീകരിക്കുന്നതിനും ഉത്തരവിടണമെന്നായിരുന്നു ആവശ്യം.

Signature-ad

വീര രാജ വീര എന്ന ഗാനം ‘ശിവസ്തുതി’യെന്ന ഗാനത്തിന്റെ രചനയെയോ അതില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടതോ മാത്രമല്ല, അല്‍പം വ്യത്യാസമുണ്ടെങ്കിലും ഗാനത്തിനു സമാനമാണെന്നും ജസ്റ്റിസ് പ്രതിഭ എം. സിംഗ് നിരീക്ഷിച്ചു. കേസ് നിലനില്‍ക്കുന്ന സമയത്തു റഹ്‌മാനും മദ്രാസ് ടാക്കീസും ഹൈക്കോടതി രജിസ്ട്രിയില്‍ രണ്ടുകോടി കെട്ടിവയ്ക്കണമെന്നും ഉത്തരവിട്ടു.

പാട്ടിന്റെ രചനയ്ക്ക് ജൂനിയര്‍ ദാഗര്‍ സഹോദരന്മാര്‍ക്ക് തുടക്കത്തില്‍ ഒരു ക്രെഡിറ്റും സംഗീത സംവിധാനത്തില്‍ റഹ്‌മാനും മദ്രാസ് ടാക്കീസും നല്‍കിയിരുന്നില്ല. അതിനാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇവരുടെ പേരുകള്‍ ചേര്‍ക്കാനും സിനിമാ നിര്‍മാതാക്കളോടു കോടതി ഉത്തരവിട്ടു. നിര്‍മാതാക്കള്‍ക്കും കോടതി രണ്ടുകോടി പിഴ ചുമത്തി.

വീര രാജ വീരയുടെ വരികള്‍ വ്യത്യസ്തമാണെങ്കിലും താല്‍, ബീറ്റ്, സംഗീത നിര്‍മിതി എന്നിവ ശിവസ്തുതിക്കു തുല്യമാണ്. ഇതു ജൂനിയര്‍ ദാഗര്‍ സഹോദരന്‍മാര്‍ ലോകമെമ്പാടും അവതരിപ്പിച്ചിരുന്നു. പാന്‍ റെക്കോഡ്‌സ് പുറത്തിറക്കിയ ആല്‍ബത്തിലും ഇതുള്‍പ്പെടുത്തി.

എന്നാല്‍, ധ്രുപദ് രീതിയിലുള്ള പരമ്പരാഗത കോംപോസിഷനാണ് ഇതെന്നു ചൂണ്ടിക്കാട്ടിയാണു റഹ്‌മാന്‍ എതിര്‍ത്തത്. ഇത് എല്ലാവര്‍ക്കും ലഭ്യമാണ്. പാശ്ചാത സംഗീതത്തെ അടിസ്ഥാനമാക്കി കംപോസ് ചെയ്തതതാണു വീര രാജ വീരയെന്നും 227 ലെയറുകള്‍ ഗാനത്തിനുണ്ടെന്നും അതു ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തില്‍നിന്ന് അകലെയാണെന്നും അദ്ദേഹം വാദിച്ചു. ദാഗറിനുവേണ്ടി അഡ്വ. നീല്‍ മാസനും റഹ്‌മാനുവേണ്ടി അമിത് സിബലും ഹാജരായി. മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷന്‍ എന്നിവയ്ക്കുവേണ്ടി അഡ്വ. സായ്കൃഷ്ണ രാഗഗോപാല്‍, സ്‌നേഹ ജെയിന്‍ എന്നിവരും ഹാജരായി.

സിനിമ ഇറങ്ങിയതിനു പിന്നാലെ വന്‍ തരംഗമായ ഗാനത്തിന് യുട്യുബില്‍ മാത്രം ഇരുപതു മില്യണ്‍ കാഴ്ചക്കാരുണ്ട്. ജയം രവിം ശോഭിത ധൂലിപാല എന്നിവര്‍ അഭിനയിച്ച രംഗത്തിനും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. മണി രത്‌നം സംവിധാനം ചെയ്ത സിനിമയുടെ ആദ്യ ഭാഗവും വന്‍ തരംഗമായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: