NEWSSocial Media

”ഞാന്‍ ഞെട്ടിപ്പോയി, സിദ്ദിഖ് സാര്‍ അച്ഛനെപോലെയുള്ളയാളാണ്; നിരപരാധിത്വം തെളിയിക്കുന്നതുവരെ അതിജീവിതയ്ക്കൊപ്പം”

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ മാദ്ധ്യമങ്ങള്‍ തന്നെ സമീപിച്ചെങ്കിലും അപ്പോള്‍ നിലപാടറിയിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലെന്ന് നടി അര്‍ച്ചന കവി. സിനിമയില്‍ നമ്മള്‍ ഏറ്റവുമധികം നന്മയുള്ളവര്‍ എന്ന് കരുതുന്നവരാണ് യഥാര്‍ത്ഥ തെമ്മാടികളെന്നും നടി പറഞ്ഞു. ലാല്‍ മജസ്-എം.ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘നീലത്താമര’യിലൂടെ സിനിമാ രംഗത്ത് എത്തിയ നടിയാണ് അര്‍ച്ചന. തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അര്‍ച്ചനയുടെ പ്രതികരണം.

അര്‍ച്ചന കവിയുടെ വാക്കുകള്‍:

Signature-ad

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതുമുതല്‍ മാദ്ധ്യമങ്ങള്‍ എന്റെ നിലപാടറിയാന്‍ വിളിച്ചുകൊണ്ടിരുന്നു. പക്ഷേ, അപ്പോള്‍ ഞാനതിന് തയ്യാറായിരുന്നില്ല. ആദ്യംതന്നെ ഞാന്‍ ഡബ്യുസിസിയോട് നന്ദി പറയുകയാണ്. മലയാളത്തിലെന്നല്ല, സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. ഡബ്യുസിസിയിലുള്ള പലരെയും വ്യക്തിപരമായി എനിക്കറിയാം. ഇതുവരെ കൊണ്ടെത്തിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. അവരെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു.

അഞ്ചും പത്തും വര്‍ഷം മുമ്പ് നടന്ന കാര്യങ്ങള്‍ എന്തിനാണ് ഇപ്പോള്‍ തുറന്നുപറയുന്നതെന്ന് ചോദിക്കുന്നവരുണ്ട്. അതിജീവിതകള്‍ അനുഭവിച്ചതും കടന്നുപോയതുമായ സാഹചര്യങ്ങള്‍ നമുക്കൊരിക്കലും ജഡ്ജ് ചെയ്യാന്‍ പറ്റില്ല. അതിനുള്ള അവകാശം നമുക്കില്ല. ശരീരത്തിലൊരു മുറിവുണ്ടായാല്‍ ഓരോരുത്തര്‍ക്കും അത് ഉണങ്ങുന്നതിന് വേണ്ട സമയം വ്യത്യസ്തമായിരിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാന്‍ സമയമെടുക്കുന്നതിന് ആരെയും കുറ്റപ്പെടുത്തരുത്. സ്വന്തം വീട്ടില്‍ നടക്കുമ്പോള്‍ മാത്രമേ നമുക്കവരുടെ ബുദ്ധിമുട്ടും വിഷമവും മനസിലാവുകയുള്ളു.

ഞാന്‍ സിദ്ദിഖ് സാറിനൊപ്പം ജോലിചെയ്തിട്ടുണ്ട്. ഇപ്പോഴും ഞാനദ്ദേഹ?ത്തെ സാര്‍ എന്നാണ് വിളിക്കുന്നത്. അച്ഛനെപ്പോലുള്ളയാളാണ്. ജോലി സ്ഥലത്ത് നല്ല അനുഭവമേ അദ്ദേഹത്തില്‍ നിന്ന് എനിക്കുണ്ടായിട്ടുള്ളൂ. അദ്ദേഹത്തിനെതിരെ ഒരു ആരോപണം വന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അത്രതന്നെ വേദനിക്കുകയുംചെയ്തു. എന്നാല്‍, എനിക്ക് മോശം അനുഭവമുണ്ടായില്ലെന്നുകരുതി അയാള്‍ മറ്റൊരാളെ വേദനിപ്പിക്കില്ല എന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. ഞാന്‍ അതിജീവിതയ്‌ക്കൊപ്പമാണ്. ആരോപണവിധേയന്‍ നിരപരാധിത്വം തെളിയിച്ച് വരുന്നതുവരെ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കും.

ഇത്രയും നന്മ ചെയ്യുന്നവര്‍ ഈ ലോകത്ത് വേറെയില്ലെന്ന് ചിലരെക്കുറിച്ച് നമ്മള്‍ വിചാരിക്കും. അവരായിരിക്കും സിനിമാ സെറ്റുകളിലെ തെമ്മാടികള്‍. നമ്മുടെ മനസിന്റെ ദൗര്‍ബല്യം എന്താണെന്ന് അവര്‍ക്കറിയാം. ഷോട്ടെടുക്കുന്നതിന് തൊട്ടുമുമ്പായിരിക്കും എല്ലാവരുടെയും മുന്നില്‍വച്ച് അവര്‍ അതേക്കുറിച്ച് പറയുക. അസ്വസ്ഥത തോന്നുമെങ്കിലും ക്യാമറയുടെ മുന്നില്‍ അഭിനയിക്കേണ്ടി വരും.

ഡാന്‍സ് മാസ്റ്റേഴ്‌സ് മിക്കവാറും തമിഴ്‌നാട്ടില്‍ നിന്നായിരിക്കും വരുന്നത്. അവരോട് ചില സംവിധായകര്‍ പറയും ഏത് നടനെയും നടിയെയുമാണ് ബുദ്ധിമുട്ടിക്കാന്‍ പോകുന്നതെന്ന്. ഇതുപോലെ സ്റ്റണ്ട് മാസ്റ്റര്‍മാരോടും പറയും. ഇത്തരക്കാര്‍ അവരുടെ കയ്യിലെ മൈക്കിലൂടെ തോന്നിയതെല്ലാം വിളിച്ചുപറയും. ഇതൊക്കെ തങ്ങളെ ഉപദ്രവിക്കുകയാണെന്നുപോലും മനസിലാകാത്ത നടീനടന്മാരുണ്ടെന്നതാണ് സത്യം. മാനസികമായതും ശാരീരികമായതുമായ സാമ്പത്തികവുമായ ഉപദ്രവങ്ങള്‍ എന്തൊക്കെയാണെന്ന് സ്‌കൂളില്‍ തന്നെ പഠിപ്പിച്ചുകൊടുക്കണം.

ശാരീരികമായ ഉപദ്രവങ്ങള്‍ മാത്രമല്ല, അതിനുമപ്പുറം പല പ്രശ്നങ്ങളിലൂടെ അഭിനേതാക്കളും സാങ്കേതികവി?ദ?ഗ്ദ്ധരും കടന്നുപോകുന്നുണ്ട്. ആളുകളെ ഉത്തരവാദിത്തത്തോടെ ചേര്‍ത്തുനിര്‍ത്തി ഒരു മാറ്റം കൊണ്ടുവരുന്നതിന് ഇപ്പോള്‍ പ്രാധാന്യം നല്‍കാം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: