ഒരു കിലോ എം.ഡി.എം.എയുമായി യുവതി പോലീസ് പിടിയിൽ. ബംഗലൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വിപണയിൽ അമ്പത് ലക്ഷത്തിലേറെ രൂപ വിലവരും ഈ മാരക രാസലഹരിയ്ക്ക്. ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഡൽഹിയിൽ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടു വന്നത്.
കൊച്ചിയിൽ യുവാക്കൾക്കിടയിലാണ് വിൽപന . ഡൽഹിയിൽ നിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയിൽ തന്നെ തിരിച്ചു പോവുകയാണ് പതിവ്. സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണ് യുവതി എന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം അവസാനം പറവൂരിൽ നിന്ന് ഒരു കിലോ എണ്ണൂറ്റിയമ്പത് ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. റേഞ്ച് ഡി.ഐ ജി പുട്ട വിമലാദിത്യയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടക്കുകയാണ്.
കൊച്ചിയിൽ എം ഡി എം എയുമായി യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റുചെയ്തത് അടുത്തിടെയാണ്. 24കാരിയായ തൃശൂർ സ്വദേശിനി ശ്രുതി, എറണാകുളം സ്വദേശിയും 28കാരനുമായ മുഹമ്മദ് റോഷൻ എന്നിവരാണ് പിടിയിലായത്.
കൊച്ചി കറുകപ്പള്ളിയില്‍ ഇവർ താമസിക്കുന്ന ഫ്ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. 57 ഗ്രാം എം ഡി എം എയാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്. ഇവർ ഏറെനാളായി മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ഇടുക്കി സ്വദേശികളായ അഭിരാം (20), ടി.എസ് അബിൻ (18), അനുലക്ഷ്മി (18) എന്നീ 3 പേർ എംഡിഎംഎയുമായി കൊച്ചിയിൽ പിടിയിലായത് കുറച്ചു നാൾ മുമ്പാണ്. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 122 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്. കലൂര്‍ ലിബർട്ടി ലൈനിനു സമീപത്തെ വീട്ടിൽ പൊലീസും കൊച്ചി സിറ്റി ഡാൻസ്‌ഫ് ടീമും ചേർന്ന് പരിശോധനയിലാണ് മൂന്നു പേരെയും പിടികൂടിയത്.
ആലുവായിൽ നടന്ന വൻ മയക്കു മരുന്ന് വേട്ട, നർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി വി. അനിൽ, ആലുവ ഡിവൈഎസ്പി എ.പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജുദാസ് എസ് ഐ മാമായ എസ്.എസ് ശ്രീലാൽ, കെ.നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു.