KeralaNEWS

തട്ടിപ്പുകളിൽ തലവച്ചു കൊടുക്കുന്ന മലയാളി, പാർട്ട് ടൈം ജോലി വാഗ്ദാനത്തിൽ കുടുങ്ങി തലശേരി സ്വദേശിക്ക് നഷ്ടപ്പെട്ടത് 1.57 കോടി രൂപ

ഓൺലൈൻ തട്ടിപ്പിലൂടെ  ഉത്തരേന്ത്യൻ സംഘങ്ങൾ  തുടർച്ചയായി കോടികളാണ് തട്ടിയെടുക്കുന്നത്. തലശേരി സ്വദേശിക്ക് ഓൺലൈൻ തട്ടിപ്പിൽ ഒന്നര കോടി രൂപയിൽ അധികം നഷ്ടമായി. പാർട്ട് ടൈം ജോലിയിലുടെ കൂടുതൽ പണം വാഗ്ദ്ധാനം ചെയ്താണ് തട്ടിപ്പു നടത്തിയത്. 1,57,7000 രൂപയാണ് നഷ്ടമായത്. വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ വഴി പാർട്ട്‌ ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് പണം കൈമാറിയ 4 പേർക്കാണ് വൻ തുകകൾ നഷ്ടമായത്.

സാമൂഹ്യ മാധ്യമങ്ങൾ വഴി ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പ്. 1,57,70,000 രൂപ, 9,45,151 രൂപ, 6,04,894 രൂപ, 17,998 രൂപ എന്നിങ്ങനെയാണ് പരാതിക്കാർക്ക് നഷ്ടമായത്. പരസ്യം കണ്ട് പണം നിക്ഷേപിക്കുന്നവർക്ക് കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. പണം നൽകി അവർ നൽകുന്ന ഓരോ ടാസ്ക് പൂർത്തീകരിച്ചാൽ ലാഭത്തോട് കൂടി പണം തിരികെ നൽകുമെന്നാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്. തുടക്കത്തിൽ ടാസ്ക് പൂർത്തീകരിച്ചാൽ നൽകിയ പണം ലാഭത്തോടെ തിരിച്ചു നൽകി വിശ്വാസം നേടിയെടുക്കും.

Signature-ad

ഇതുപോലെ മൂന്ന് നാല് ടാസ്‌ക്കുകൾ കഴിയുന്നത് വരെ പണം തിരികെ ലഭിക്കും. പിന്നീട് ടാസ്ക് ചെയ്യുന്നതിനായി കൂടുതൽ പണം ആവശ്യപ്പെടുകയും ഒരു അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ആപ്ലിക്കേഷനിൽ പണം ക്രെഡിറ്റ്‌ ആകും എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും. ആപ്ലിക്കേഷനിൽ പണം ക്രെഡിറ്റ്‌ ആകുന്നത് കാണിക്കും എന്നല്ലാതെ അത് പിൻവലിക്കാൻ പറ്റുകയില്ല.

പിൻവലിക്കുന്നതിനായി ടാക്സ് അടക്കണമെന്നും അതിനു വേണ്ടി പണം ആവശ്യമാണെന്നും ഇത്തരത്തിൽ പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെടുന്നതല്ലാതെ പിന്നീട് പണം തിരികെ ലഭിക്കുകയില്ല. ഇതോടെയാണ് പലർക്കും ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. അപ്പോഴേക്കും ഒരു നല്ല തുക തട്ടിപ്പുകാരുടെ കൈകളിൽ എത്തുകയും ചെയ്യും. ഇത്തരത്തിൽ നിരവധി പേർക്കാണ് ദിവസേന പണം നഷ്ടമാകുന്നത്. കണ്ണൂർ സൈബർ പൊലീസിൽ ഒട്ടേറെ പേരാണ് പരാതിയുമായി എത്തുന്നത്.

Back to top button
error: