KeralaNEWS

ലോക്സഭ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാൻ ആഹ്വാനം; കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി

കാസർഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി. ലോക്സഭ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാൻ പാർട്ടിയില്‍ ഒരു വിഭാഗത്തിന്റെ ആഹ്വാനം.

പാർട്ടി ബലിദാനികളെ അപമാനിച്ച സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവർക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

2020 ല്‍ കുമ്ബള പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപി പ്രവർത്തകരുടെ കൊലപാതകത്തില്‍ പങ്കാളിയായ  കൗണ്‍സിലറെ ബിജെപി  പിന്തുണച്ചതാണ് പ്രശ്നത്തിന് കാരണം. ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്, മേഖല പ്രസിഡന്റ് സുരേഷ് കുമാർ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി മണികണ്ഠ റായ് എന്നിവരാണ് പിന്തുണ നല്‍കാൻ ആവശ്യപ്പെട്ടതെന്നാണ് ആക്ഷേപം.

ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടും നേതാക്കള്‍ക്കെതിരെ പാർട്ടി സംസ്ഥാന ഘടകം നടപടി എടുത്തില്ലെന്നാണ് വിമത വിഭാഗത്തിന്റെ പരാതി. സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും, ബലിദാനികളോട് മുഖം തിരിയ്ക്കുകയാണ് ചെയ്തത്. അതിനാല്‍ പൊതു തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് വോട്ട് ചെയ്യുമെന്നും വിമത വിഭാഗം പറയുന്നു.

വോട്ട് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട് കാസറഗോഡ് മുൻസിപ്പാലിറ്റി ബിജെപി കൗണ്‍സിലർമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ രഹസ്യ യോഗം ചേർന്നു. ഇന്നലെ രാത്രി ജെ പി നഗറില്‍ ചേർന്ന യോഗത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറിലധികം പ്രവർത്തകർ പങ്കെടുത്തു. വോട്ട് ബഹിഷ്കരണം ആവശ്യപ്പെട്ട് ഫൈറ്റ് ഫോർ ജസ്റ്റിസ് എന്ന പേരില്‍ വാട്സ്‌ആപ് കൂട്ടായ്മയും രംഗത്തുണ്ട്.

Back to top button
error: