LocalNEWS

കരുത്തറിയിച്ച് തോമസ് ചാഴികാടന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

കോട്ടയം: അക്ഷരനഗരിയില്‍ കരുത്തറിയിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഇടതുമുന്നണിയുടെ ശക്തിവിളച്ചറിയിച്ച് ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് തോമസ് ചാഴികാടന്‍ പത്രികാസമര്‍പ്പണത്തിനായി കലക്ടറേറ്റിലെത്തിയത്.
മൂന്ന് സെറ്റ് പത്രികകളാണ് തോമസ് ചാഴികാടന്‍ വരണാധികാരിയായ ജില്ലാകലക്ടര്‍ മുന്‍പാകെ സമര്‍പ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗമായ മന്ത്രി വി.എന്‍ വാസവന്‍, കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു എന്നിവരാണ് പത്രികളില്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരിക്കുന്നത്.

രാവിലെ മാതൃഇടവകയായ അരീക്കര സെന്റ് റോക്കീസ് പള്ളിയില്‍ ഭാര്യ ആനി തോമസിനൊപ്പമെത്തി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് മാതാപിതാക്കളുടേയും സഹോദരന്‍ ബാബു ചാഴികാടന്റേയും കബറിടങ്ങളിലെത്തി പ്രാര്‍ത്ഥിച്ചാണ് പത്രികസമര്‍പ്പണദിനത്തിലെ പര്യടനം ആരംഭിച്ചത്. പാലാ കരിങ്ങോഴയ്ക്കല്‍ വീട്ടിലെത്തി കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മയുടെ അനുഗ്രഹം വാങ്ങിയായിരുന്നു തുടര്‍ന്നുള്ള പര്യടനം. ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കേരളാ കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണിക്കൊപ്പമെത്തിയ തോമസ് ചാഴികാടനെ റെക്ടര്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കപറമ്പില്‍ സ്വീകരിച്ചു. കബറിടത്തില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച സ്ഥാനാര്‍ത്ഥിയെ റെക്ടര്‍ അനുഗ്രഹിച്ചു. തുടര്‍ന്ന് മാന്നാനം തീര്‍ത്ഥാടന ദേവാലയത്തിലെത്തി വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിങ്കലും വണങ്ങി പ്രാര്‍ത്ഥിച്ചു.

സ്ഥാനാര്‍ത്ഥി കേരളാ കോണ്‍ഗ്രസ്-എം ഓഫീസിലെത്തുമ്പോള്‍ ഓഫീസ് പരിരസവും റോഡും പാര്‍ട്ടിപ്രവര്‍ത്തകരാല്‍ നിറഞ്ഞിരുന്നു. തുടര്‍ന്ന് കെ.എം മാണിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ സ്ഥാനാര്‍ത്ഥി റോഡ്ഷോയായി കലക്ടറേറ്റിലേക്ക് നീങ്ങി. തിരുനക്കര ക്ഷേത്രപരിസരത്ത് സ്ഥാനാര്‍ത്ഥി എത്തിയതോടെ ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും പ്രവര്‍ത്തകരും റോഡ്ഷോയുടെ ഭാഗമായി.
തോമസ് ചാഴികാടനെ വിജയിപ്പിക്കുകയെന്ന ആഹ്വാനമെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് പല പ്രവര്‍ത്തകരും റോഡ് ഷോയില്‍ പങ്കെടുത്തത്. ചുവപ്പ് ബലൂണുകളും പ്ലക്കാര്‍ഡുകളും കൊടികളും റോഡ് ഷോയുടെ ആവേശം ഇരട്ടിപ്പിച്ചു. എന്നും ചിഹ്നം രണ്ടില മാത്രം എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിച്ചത് തോമസ് ചാഴികാടന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ശ്രേഷ്ഠത വെളിവാക്കി.
ഇടതുമുന്നണി ഘടകകക്ഷി നേതാക്കള്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കി.

 

Back to top button
error: