IndiaNEWS

പൗരത്വ ഭേദഗതി നിയമം:  ഒളിച്ചു വച്ചിരിക്കുന്ന  സത്യങ്ങൾ എന്തെല്ലാം, ഒഴിവാക്കപ്പെട്ടവർ ആരെല്ലാം…? കേരളം വീണ്ടും സുപ്രീംകോടതിയിലേക്ക്

    പൗരത്വ ഭേദഗതി നിയമം ഈ രാജ്യത്തുടനീളം നടപ്പാക്കി കഴിഞ്ഞു. മാർച്ച് 11 തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് ഇപ്പോൾ സിഎഎ വഴിയൊരുക്കുന്നു. ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ ആഭ്യന്തരകാര്യ മന്ത്രാലയം വെബ് പോർട്ടൽ ആരംഭിച്ചു കഴിഞ്ഞു.

പൗരത്വ ഭേദഗതി നിയമ പ്രകാരം ഇന്ത്യയുടെ മൂന്ന് അയൽരാജ്യങ്ങളായ പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും. 2014 ഡിസംബർ 31ന് മുമ്പ് വന്നവർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം. അപേക്ഷകൻ ഇന്ത്യയിൽ പ്രവേശിച്ച തീയതി മുതൽ ഇന്ത്യൻ പൗരന്മാരായി കണക്കാക്കുന്നു. ഈ മൂന്ന് അയൽ രാജ്യങ്ങളിൽ നിന്നുള്ള അമുസ്ലിം അഭയാർത്ഥികൾക്കാണ് പൗരത്വം നൽകുക.

Signature-ad

ആഭ്യന്തര മന്ത്രി അമിത് ഷാ ഈ ബിൽ 2019 ഡിസംബർ ഒമ്പതിനാണ് ഭേദഗതികൾക്ക് ശേഷം ലോക്സഭയിൽ അവതരിപ്പിച്ചത്. 2019 ഡിസംബർ 11ന് രാജ്യസഭയിലും പാസായി. 2019 ഡിസംബർ 12-ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. എന്നാൽ വലിയ എതിർപ്പിനെ തുടർന്ന് അന്ന് ഇത് നടപ്പാക്കാനായില്ല. ഏകദേശം നാല് വർഷത്തിന് ശേഷം ഇപ്പോൾ ഈ നിയമം പ്രാബല്യത്തിൽ വന്നു.

ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾ

◼️ ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം പ്രത്യേക പദവി അനുവദിച്ചിട്ടുള്ള പ്രദേശങ്ങൾ ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മിക്ക ആദിവാസി മേഖലകളിലും പൗരത്വ (ഭേദഗതി) നിയമം, 2019 നടപ്പാക്കില്ല.

◼️ ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിൽ സ്വയംഭരണ കൗൺസിലുകൾ രൂപീകരിച്ച ആദിവാസി മേഖലകളെയും സിഎഎയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ സ്വയംഭരണ സമിതികൾ അസം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ നിലവിലുണ്ട്.

◼️ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് യാത്ര ചെയ്യാൻ ഇന്നർ ലൈൻ പെർമിറ്റ് (ILP) ആവശ്യമുള്ള എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഈ നിയമം നടപ്പാക്കില്ല. നോർത്ത് ഈസ്റ്റിലെ അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിൽ ഇന്നർ ലൈൻ പെർമിറ്റ് ബാധകമാണ്.

അപേക്ഷയ്ക്ക് ആവശ്യമായ രേഖകൾ:

◾പാകിസ്താൻ, അഫ്ഗാനിസ്താൻ അല്ലെങ്കിൽ ബംഗ്ലാദേശ് സർക്കാരിൻ്റെ പാസ്‌പോർട്ട് പകർപ്പ്
◾ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസറോ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ഓഫീസർ നൽകുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റസിഡൻഷ്യൽ പെർമിറ്റ്

◾അഫ്ഗാനിസ്താനിലോ ബംഗ്ലാദേശിലോ ഉള്ള സർക്കാർ അതോറിറ്റി നൽകുന്ന ജനന സർട്ടിഫിക്കറ്റ്
◾പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ സ്കൂളോ കോളജോ യൂണിവേഴ്സിറ്റി അധികാരികളോ നൽകുന്ന സ്കൂൾ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്

◾ഈ രാജ്യങ്ങളിലെ സർക്കാർ അധികാരികൾ അല്ലെങ്കിൽ സർക്കാർ ഏജൻസികൾ നൽകുന്ന ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയൽ രേഖ

◾ഈ രാജ്യങ്ങളിലെ സർക്കാർ അതോറിറ്റി നൽകുന്ന ഏതെങ്കിലും ലൈസൻസ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ്
◾പാകിസ്താൻ, അഫ്ഗാനിസ്താൻ അല്ലെങ്കിൽ ബംഗ്ലാദേശിൽ ഉള്ള ഭൂമി അല്ലെങ്കിൽ വാടക രേഖകൾ
◾അപേക്ഷകൻ്റെ മാതാപിതാക്കളോ മുത്തശ്ശി-മുത്തശ്ശന്മാരോ ഈ മൂന്ന് രാജ്യങ്ങളിൽ ഒന്നിൽ പൗരനാണെന്ന് കാണിക്കുന്ന രേഖ
◾അപേക്ഷകർ ഈ മൂന്ന് രാജ്യങ്ങളിൽ ഒന്നിൽ നിന്നുള്ളവരാണെന്ന് സ്ഥാപിക്കുന്ന സർക്കാർ അതോറിറ്റിയോ സർക്കാർ ഏജൻസിയോ നൽകുന്ന മറ്റേതെങ്കിലും രേഖ

ഇതിനിടെ കേരളം പൗരത്വനിയമ ഭേദഗതിക്കെതിരേ (സി.എ.എ.) സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട തുടർ നിയമനടപടികൾ അടിയന്തരമായി തയ്യാറാക്കാൻ മന്ത്രിസഭായോഗം അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.

നിയമവുമായി ബന്ധപ്പെട്ട്‌ കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടങ്ങളിലെ നിയമവിരുദ്ധത പഠിച്ച് കേരളം സ്വീകരിക്കുന്ന നിലപാടിനനുസൃതമായി നിയമനടപടികൾ സ്വീകരിക്കാനാണ്‌ മന്ത്രിസഭാ തീരുമാനം.

Back to top button
error: