KeralaNEWS

വിളവെടുക്കാറായ മൂന്ന് ക്വിന്റല്‍ പടവലം മോഷണം പോയി

ചെന്നിത്തല : നാലു മാസത്തെ കഠിനാദ്ധ്വാനത്തിലൂടെ പരിപാലിച്ച്‌ വിളവെടുക്കാറായ മൂന്ന് ക്വിന്റല്‍ പടവലം മോഷ്ടാക്കള്‍ കവർന്നതിന്റെ വേദനയിലാണ് ചെന്നിത്തല സൗത്ത് 18-ാംവാർഡില്‍ പുത്തൻ തറയില്‍ രഘുനാഥൻ എന്ന കർഷകൻ.

വെള്ളിയാഴ്ച പുലർച്ചെ 5.30ന് ചെന്നിത്തല കരിക്കുഴി പുളിമൂട്ടില്‍ കലുങ്ക് ഭാഗത്തെ കൃഷിയിടത്തില്‍ വിളവെടുപ്പിനായി രഘുനാഥൻ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കഴിഞ്ഞ 30വർഷമായി കൃഷി ഉപജീവനമാർഗമാക്കിയ രഘുനാഥൻ ചെന്നിത്തല, മാന്നാർ പ്രദേശങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി നടത്തി വരുന്നത്. കാരിക്കുഴി പുളിമൂട്ടില്‍ കലുങ്ക് ഭാഗത്ത് പുളിമൂട്ടില്‍ ജോർജിന്റെ ഉടമസ്ഥതയിലുള്ള അരയേക്കർ വസ്തു പാട്ടത്തിന് എടുത്താണ് 26,000 ത്തോളം രൂപ മുതല്‍ മുടക്കി പടവലം കൃഷി ഇറക്കിയത്.

Signature-ad

ചെന്നിത്തലയില്‍ തന്നെ മറ്റ് രണ്ടിടങ്ങളിലായി വെള്ളരി, പയർ എന്നിവയും, രണ്ടര ഏക്കറില്‍ നെല്ലും, മാന്നാർ സ്റ്റോർ ജംഗ്ഷന് കിഴക്കായി വാഴ, കപ്പ, വെട്ട് ചേമ്ബ്, മഞ്ഞള്‍ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. മികച്ച സമ്മിശ്ര കർഷകനുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള രഘുനാഥന്റെയും ഭാര്യ ഷീജാകുമാരിയുടെയും കഴിഞ്ഞ നാലുമാസത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതായത്.

പടവലങ്ങ മുറിച്ചെടുക്കാതെ വലിച്ച്‌ പൊട്ടിച്ച്‌ കൊണ്ടുപോയതിനാല്‍ ചെടിയുടെ വേരുകള്‍ പിഴുത നിലയിലാണ്. മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: