KeralaNEWS

ഇന്ന് പരീക്ഷ തുടങ്ങുകയാണ്, ഈ പരീക്ഷയിൽ മക്കൾ വിജയിക്കണോ? രക്ഷിതാക്കൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക…!

    ഇന്ന് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​  തുടങ്ങുന്നു. സം​സ്ഥാ​ന​ത്ത് 4,27,105 വി​ദ്യാ​ർ​ഥി​ക​ൾ റെ​ഗു​ല​ർ വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ എ​ഴുതുന്നു. ഹയർസെക്കൻഡറി പരീക്ഷ വെള്ളിയാഴ്ച തുടങ്ങി. 6,78,188 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

എന്തിനാണ് പരീക്ഷ? ഇത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പ്രതികൂല സാഹചര്യങ്ങളെ മനക്കരുത്തോടെ നേരിടാനുള്ള പര്യാപ്തത കൈവരുന്ന ആദ്യത്തെ ഘട്ടം സ്കൂൾ പരീക്ഷയാണ്. ഒപ്പം പഠനത്തിന്റെ നിലവാരം മനസിലാക്കാനും സഹായിക്കുന്നു. ഒരാളുടെ ജീവിതത്തിന്റെ നേരും വേരും കയ്പ്പും മധുരവും തിരിച്ചറിയാനുള്ള പ്രാപ്തി നേടാനുള്ള വേദിയാണ് വിദ്യാഭ്യാസ കാലഘട്ടം.

Signature-ad

കുട്ടികളെ പരീക്ഷയുടെ പേര് പറഞ്ഞു മാനസികമായും ശരീരികമായും ശിക്ഷണം നൽകുന്ന മാതാപിതാക്കൾ ഇന്ന് കുറവല്ല. പല വീടുകളിലും പരീക്ഷ കാലം കുട്ടികളിൽ ഭയാനകവും ഭീതിപൂർവവും ആക്കി തീർക്കുന്നത് രക്ഷിതാക്കൾ തന്നെയാണ്. ആവശ്യമില്ലാതെ മാനസിക സമ്മർദം നൽകി അവരെ തളർത്തരുത്. പകരം അവർക്കൊപ്പം ചേർന്ന് പരീക്ഷ കൊണ്ടുള്ള പ്രയോജനവും നല്ല വശങ്ങളും പറഞ്ഞു മനസിലാക്കി കൊടുക്കുക. പഠന നിലവാരം ഉയർത്താനും അത് മൂലം അവർക്കുള്ള പ്രയോജനവും ബോധ്യപ്പെടുത്തുക.

പരീക്ഷയുടെ വലിപ്പമല്ല എളുപ്പമാണ് ചെറിയ പ്രായം മുതൽ കുട്ടികളിൽ പകർന്നു കൊടുക്കേണ്ടത്. എന്നാൽ പരീക്ഷയിലൂടെയുള്ള നല്ല പഠന നിലവാരത്തിലൂടെ അവർക്കുള്ള ഗുണങ്ങൾ പറഞ്ഞു കൊണ്ട് പരീക്ഷയുടെ കാര്യാഗൗരവം മനസിലാക്കി കൊടുക്കുന്നതിൽ തെറ്റില്ല. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് കുട്ടികളിൽ അനാവശ്യ സ്‌ട്രെസ്, ടെൻഷൻ ഉണ്ടാകാതിരിക്കുക. അത് ഗുണത്തെക്കാളേറെ ദോഷം മാത്രമേ ഉണ്ടാക്കുകയുള്ളൂ.

പരീക്ഷ സമയങ്ങളിൽ വീടുകളിൽ പഠിക്കാനുള്ള നല്ല അന്തരീക്ഷവും ഉണ്ടാക്കിയെടുക്കുക. നല്ല ഉറക്കവും പോഷകാഹാരവും ഉറപ്പു വരുത്തുക. മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം നിയന്ത്രിതമാക്കുക. സ്ക്രീൻ ടൈം കഴിവതും ചുരുക്കുക. മാർക്കിന്റെ അടിസ്ഥാനത്തിലോ പഠിക്കുന്ന രീതിയുടെ അടിസ്ഥാനത്തിലോ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യാതിരിക്കുക. പഠിക്കാത്തതിന്റെ പേരിൽ കുറ്റം പറഞ്ഞ് മനസ് തളർത്താതിരിക്കുക.

പഠിക്കുന്നത് മൂലവും പരീക്ഷ വിജയിക്കുന്നത് കൊണ്ടുമുള്ള നല്ല ഭാഗങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുത്ത് പഠിക്കാനുള്ള പ്രോത്സാഹനം നൽകാനും മാതാപിതാക്കൾ ശ്രദ്ധിക്കുക. കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിലാണ് മിക്ക കുട്ടികളും രക്ഷിതാക്കളിൽ നിന്ന് മാനസിക സമ്മർദം നേരിടുന്നത്. കുട്ടികളിൽ മനക്കരുത്തും മനോധൈര്യവും വളർത്തിയെടുക്കാൻ ശ്രമിക്കുക.

കുടുംബ- സാമ്പത്തിക പ്രശ്നങ്ങൾ പറഞ്ഞ് പരീക്ഷ സമയങ്ങളിൽ  അവരുടെ ശ്രദ്ധ പഠനത്തിൽ നിന്ന് വ്യതിചലിപ്പിക്കാതിരിക്കുക. നല്ല അന്തരീക്ഷവും, കുട്ടികളോടുള്ള നല്ല പെരുമാറ്റവും നല്ല മാനസിക അവസ്ഥയ്ക്ക് വഴിയൊരുക്കും. ഓരോ പരീക്ഷകളും ഭാവിയിൽ പ്രതിസന്ധികളെ നേരിടാനുള്ള മനക്കരുത്ത് വളർത്തിയെടുക്കും.

രക്ഷിതാക്കൾ കുട്ടികൾക്ക് നല്ല കൂട്ടുകാരാവാം, അവരുടെ പോരായ്മകളെ മാത്രം പറഞ്ഞ് അവരെ ഒറ്റപ്പെടുത്താതെ അവരുടെ നല്ല വശങ്ങളും ചൂണ്ടിക്കാട്ടി അഭിനന്ദനങ്ങൾ അറിയിക്കുക. പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പറഞ്ഞ് കൊണ്ടല്ല പരീക്ഷ വിജയിച്ചാൽ ഉണ്ടാകുന്ന നല്ല ഭാവിയെ കുറിച്ച് പറഞ്ഞ് കൊണ്ടേയിരിക്കണം ഇനിയൊരു പരീക്ഷക്കാലം വരവേൽക്കുന്നത്.

വീടുകളിലും വിദ്യാലയങ്ങളിലും നല്ല മക്കൾ വളരട്ടെ, അവരിൽ നാളത്തെ ഡോക്ടറും എൻജിനീയറും കലാകാരനും  മന്ത്രിയും ഒളിഞ്ഞിരിപ്പുണ്ട്. അവരെ വെളിച്ചം കാണിക്കാൻ നല്ല അധ്യാപകരും നല്ല രക്ഷിതാക്കളും നല്ലൊരു സമൂഹവും ആവശ്യമാണ്. അത് നൽകേണ്ടത് നമ്മുടെ കടമയ്‌ക്കൊപ്പം നമ്മുടെയൊക്കെ ഉത്തരവാദിത്തവുമാണ്. അങ്ങനെയാണ് നല്ലൊരു സമൂഹം സൃഷ്ടിക്കപ്പെടുന്നത്.

Back to top button
error: