ഫെബ്രുവരി 9ന് കാസര്‍കോട് നിന്ന് ആരംഭിച്ച് 29 ന് തലസ്ഥാന നഗരിയിൽ സമാപിച്ച ‘സമരാഗ്നി’ കോൺഗ്രസിന് സമ്മാനിച്ചത് നാണക്കേട് മാത്രം. ലോക്‌സഭ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനൊപ്പം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ കൂടിയായിരുന്നു കെ.സുധാകരനും വി.ഡി സതീശനും സംയുക്തമായി നയിച്ച ഈ ‘സമരാഗ്നി’ യാത്ര. പക്ഷേ മാധ്യമങ്ങൾക്കു മുൻപിൽ പോലും മാന്യത കാണിക്കാത്ത ഈ നേതാക്കളാണോ അടുത്ത തവണ കേരളം ഭരിക്കേണ്ടതെന്ന ചോദ്യമാണ് ഇപ്പോൾ ജനങ്ങളിൽ നിന്ന് ഉയരുന്നത്. ജഥയ്ക്കിടെ കണ്ണൂരിൽ ആധിപത്യം നേടാനുള്ള ഇരുനേതാക്കളുടെയും മത്സരം വാർത്താസമ്മേളനത്തിലും ജനകീയ ചർച്ചാസദസിലും വരെ പ്രതിഫലിച്ചു.
സതീശനെ നിശബ്ദനാക്കാൻ കെ.സുധാകരനും സുധാകരനല്ല ജാഥ നയിക്കുന്നത് പ്രതിപക്ഷ നേതാവായ താനാണെന്ന് തെളിയിക്കാൻ വി.ഡി സതീശനും വ്യഗ്രത കൊള്ളുകയായിരുന്നു. പൊട്ടിത്തെറിയുടെ വക്കിലൂടെ കടന്നുപോയ ‘സമരാഗ്നി’യിലെ മ്ലേഛമായ ഒരു സീനാണ് സുധാകരൻ്റെ അസഭ്യവർഷത്തിലൂടെ ആലപ്പുഴയിൽ വെളിപ്പെട്ടത്. പത്തനംതിട്ടയിൽ സംയുക്ത വാർത്താ സമ്മേളനത്തിൽ നിന്ന് ഒഴിഞ്ഞു മാറിയ വിഡി സതീശൻ ഒടുവിൽ സമാപനവേദിയില്‍ പ്രവര്‍ത്തകരോട് രോക്ഷം കൊണ്ട കെപിസിസി പ്രസിഡൻ്റിനെ പരസ്യമായി തിരുത്തി. മാത്രമോ ‘സമരാഗ്നി’ സമാപന ചടങ്ങിൽ ദേശീയഗാനം തെറ്റിച്ചു പാടി പാലോട് രവിയും പരിഹാസ്യനായി. തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ റെഡ്ഡിയും എഐസിസി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റും പങ്കെടുത്ത സമ്മേളനത്തിൽ തന്നെയായിരുന്നു ഈ നാടകങ്ങൾ.
സാധാരണ ഗതിയിൽ പാർട്ടി ജാഥ നയിക്കേണ്ടത് കെ.പി.സി സി അധ്യക്ഷനാണ് എന്നതാണ് കോൺഗ്രസ് ശൈലി. എന്നാൽ സുധാകരനെ അങ്ങനെ ആളാവാൻ വിടേണ്ട എന്ന, ഹൈക്കമാൻ്റിൽ പിടിപാടുള്ള കെ.സി വേണുഗോപാലിൻ്റെ കുരുട്ടുബുദ്ധിയാണ് വി.ഡി സതീശനെയും കൂടി ജാഥാ ലീഡറായി നിയോഗിക്കാൻ കാരണം.
ദേശീയ തലത്തിൽ പാർട്ടി നേതാക്കൾ ബി.ജെ.പിയിലേക്ക് കൂട്ടത്തോടെ ചേക്കേറുമ്പോൾ കേരളമെന്ന പച്ചതുരുത്തിൽ ഉള്ള സാധ്യതയും കളഞ്ഞു കുളിക്കാനാണ് കെ.സുധാകരനും വി.ഡി സതീശനും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. താൻ കെ.പി.സി.സി അധ്യക്ഷനാണെന്നു മറന്നുകൊണ്ടുള്ള ശൈലിയാണ് പലപ്പോഴും സുധാകരനിൽ നിന്നും പുറത്തുവരുന്നത്. വി.ഡി സതീശനാകട്ടെ കൗശലക്കാരനായ ഗ്രൂപ്പ് നേതാവിൻ്റെ നിലവാരത്തിൽ നിന്നും തെല്ലു പോലും പ്രതിപക്ഷ നേതാവിൻ്റെ ഗരിമയിലേക്ക് ഉയരാനും കഴിയുന്നില്ല.
തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റുകൾ പോലും നഷ്ടമായ സാഹചര്യമാണുള്ളത്. ദേശീയ നേതൃത്വത്തിൻ്റെ ഫണ്ടൊന്നും ഈ ഇലക്ഷനിൽ കേരളത്തിലേക്ക് വരാനും സാദ്ധ്യതയില്ല. നമ്പർ ടെൻ ജൻപഥിൻ്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. കർണാടകയിൽ നിന്നും തെലങ്കാനയിൽ നിന്നുമുള്ള ഫണ്ടു കൊണ്ടു വേണം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ. കേരളത്തിൽ അടക്കം നേതാക്കൾക്ക് മത്സരിക്കാൻ താൽപര്യമില്ലാത്തതിൻ്റെ കാരണങ്ങളിലൊന്ന് ഇതാണ്. സ്വന്തം നിലയിൽ ഫണ്ടു കണ്ടെത്തി വേണം കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങാൻ. പോസ്റ്റർ അടിക്കാൻ പോലും കാശില്ലാത്ത പാർട്ടിയുടെ നേതാക്കളാണ് തെരുവിൽ പരസ്യമായി വിഴുപ്പലയ്ക്കുന്നത്. ഒരാൾ തെക്കോട്ടു പോകുമ്പോൾ മറ്റെയാൾ വടക്കോട്ട് എന്ന നിലയിലാണ് ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിബന്ധം. നേതാക്കളുടെ ഈ പോക്കിൽ നിരാശരാണ് കോൺഗ്രസ് അണികളും പ്രവർത്തകരും.