KeralaNEWS

വ്യത്യസ്തനാമൊരു ബാലചന്ദ്രനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! തൃശൂര്‍ എം.എല്‍.എയുടെ എഫ്.ബി. പോസ്റ്റ് അത്ര നിഷ്‌കളങ്കമല്ലെന്നു വിലയിരുത്തല്‍

തൃശ്ശൂര്‍: രാമായണത്തെപ്പറ്റി വിവാദപോസ്റ്റിട്ട പി. ബാലചന്ദ്രന്‍ എം.എല്‍.എയെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചെങ്കിലും ഇതുസംബന്ധിച്ച വിവാദം സി.പി.ഐയില്‍ കെട്ടടങ്ങുന്നില്ല. നടപടി കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിയുണ്ടെന്ന വിവരം ചില നേതാക്കളെങ്കിലും നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഇതില്‍ത്തന്നെ വനിതാനേതാക്കള്‍ കടുത്ത അമര്‍ഷവും ആശങ്കയുമാണ് പങ്കുവെച്ചിരിക്കുന്നത്.

എം.എല്‍.എയുടെ പ്രവൃത്തി അത്രമേല്‍ നിഷ്‌കളങ്കമല്ലെന്നാണ് പാര്‍ട്ടിയിലെ വലിയൊരു ഭാഗം നേതാക്കളുടെയും അണികളുടെയും വിലയിരുത്തല്‍. പഴയ സാഹിത്യകൃതിയിലെ ഒരുഭാഗം അബദ്ധത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് ആദ്യഘട്ടത്തില്‍ ബാലചന്ദ്രന്‍ നല്‍കിയ വിശദീകരണം. എന്നാല്‍, പോസ്റ്റിന്റെ ലിങ്ക് പല ഗ്രൂപ്പുകളിലേക്കും അദ്ദേഹവും അടുപ്പമുള്ളവരും പങ്കുവെച്ചിരുന്നതായാണ് തെളിയുന്നത്.

Signature-ad

കേരളവര്‍മ കോളേജിലെ പൂര്‍വവിദ്യാര്‍ഥികളുടെ ഗ്രൂപ്പിലേക്കും ലിങ്ക് വന്നിരുന്നു. ഖേദം പ്രകടിപ്പിച്ചശേഷവും ചില സൗഹൃദവേദികളിലും മറ്റും ബാലചന്ദ്രന്‍ വിഷയം നിസ്സാരവത്കരിച്ച് സംസാരിച്ചതായും ഇക്കൂട്ടര്‍ കുറ്റപ്പെടുത്തുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വി.എസ്. സുനില്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വം അപകടത്തിലാക്കാന്‍ ബോധപൂര്‍വശ്രമമുണ്ടായതായാണ് ഇവരുടെ സംശയം.

പാര്‍ട്ടിക്കുള്ളില്‍ ഏറെക്കാലമായി പറഞ്ഞുകേള്‍ക്കുന്ന വിഭാഗീയതയുടെ വിത്തുകള്‍ ഇവിടെയുമുണ്ടെന്നാണ് സൂചന. എം.എല്‍.എക്കെതിരേ കടുത്ത നടപടിയില്ലാത്തതിനെ എങ്ങനെ ന്യായീകരിക്കുമെന്ന സംശയമാണ് പല നേതാക്കളും ഉന്നയിക്കുന്നത്. ജനപ്രതിനിധിയെന്നതിനു പുറമേ തൃശ്ശൂര്‍ ജില്ലയിലെ അസിസ്റ്റന്റ് സെക്രട്ടറിമാരിലൊരാളുമാണ് ബാലചന്ദ്രന്‍.

ഒരാള്‍ക്ക് ഒരു പദവിയെന്നപോലെയുള്ള നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ. സംസ്ഥാനനേതൃത്വത്തിന് ബാലചന്ദ്രനോടുള്ള അമിത താത്പര്യത്താല്‍ സംഭവിച്ചതാണെന്ന വിമര്‍ശനം അന്നേ ഉയര്‍ന്നിരുന്നതാണ്. ഇതേനിലയില്‍ മേല്‍ക്കമ്മിറ്റിയില്‍നിന്നുള്ള പിന്തുണ ഇപ്പോഴത്തെ നടപടി ലഘൂകരിക്കുന്നതില്‍ നിര്‍ണായകമായി.

തിരഞ്ഞെടുപ്പുവേളയില്‍ പാര്‍ട്ടിയെ ഗുരുതരപ്രതിസന്ധിയിലാക്കിയ നേതാവിന്റെ സ്ഥാനം സംരക്ഷിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കുമെന്നതാണ് പലരുടെയും പ്രശ്‌നം. കീഴ്ഘടക റിപ്പോര്‍ട്ടിങ്ങില്‍ ഇത്തരം ചോദ്യങ്ങളുയരുമെന്നത് തീര്‍ച്ചയാണ്. ഇതിനുള്ള മറുപടിയില്ലായ്മയാണ് പല നേതാക്കളെയും വിഷമത്തിലാക്കുന്നത്. പാര്‍ട്ടി അംഗങ്ങളില്‍ നല്ലൊരു ഭാഗവും വിശ്വാസികളാണെന്നാണ് വിലയിരുത്തല്‍.

Back to top button
error: