കേരളത്തിൽ മുൻപ് തന്നെ ഒരു സ്മാർട്ട് നഗരസഭ ഉണ്ടായിരുന്നു എന്ന് നിങ്ങളിൽ എത്ര പേർക്കറിയാം?
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒരു സർട്ടിഫിക്കറ്റ് കിട്ടാൻ മാസങ്ങൾ കാത്തിരിക്കണമെന്ന് നിരന്തരം ലേഖന പരമ്പരകളെഴുതിക്കൊണ്ടിരുന്ന മനോരമ, സേവനങ്ങളെല്ലാം മുൻപ് തന്നെ വേഗത്തിൽ കിട്ടിയിരുന്നു എന്ന് സ്ഥാപിക്കാൻ ഇപ്പോൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. അഞ്ച് വർഷമായി ഗുരുവായൂരിലെ കല്യാണങ്ങൾക്ക് അതിവേഗം സർട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലാണ് മനോരമയ്ക്ക് മുൻകാല പ്രാബല്യത്തോടെ സ്ഥാപിക്കേണ്ടത്.
ഇത് നഗരസഭയോടുള്ള എന്തെങ്കിലും സ്നേഹം കൊണ്ടല്ല, കെ സ്മാർട്ടിനെ എങ്ങനെയും എതിർക്കുക എന്ന ലക്ഷ്യം മുൻനിർത്തി മാത്രമാണ്. അല്ലെങ്കിൽ ഗുരുവായൂരിലെ ഈ സ്മാർട്ട് നഗരസഭയെക്കുറിച്ച് ഈ അഞ്ച് കൊല്ലവും മനോരമ പറഞ്ഞ് നിങ്ങളാരെങ്കിലും അറിഞ്ഞിട്ടുണ്ടോ? നമുക്ക് വസ്തുതകളിലേക്ക് വരാം
എന്തായിരുന്നു ഗുരുവായൂരിൽ മുൻപ് ഉണ്ടായിരുന്ന സംവിധാനം?
ഗുരുവായൂരിൽ വിവാഹ രജിസ്ട്രേഷന് ഉണ്ടായിരുന്ന ആ ‘സ്പെഷ്യൽ’ സോഫ്റ്റ് വെയറിന്റെ പേര് സേവന എന്നാണ്. ഇനി ഈ ഈ സ്പെഷ്യൽ സോഫ്റ്റ്വെയർ മനോരമ പറയും പോലെ ഗുരുവായൂരിൽ മാത്രമല്ല, കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഉണ്ടായിരുന്നു. പഞ്ചായത്തുകളിൽ എപ്പോഴുമുണ്ട്. അതുകൊണ്ട് കേരളത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും അഞ്ച് വർഷമായി സ്മാർട്ട് ആയിരുന്നുവെന്ന് മനോരമ സമ്മതിക്കുമോ? കെ സ്മാർട്ട് രൂപകൽപ്പന ചെയ്ത ഇൻഫർമേഷൻ കേരള മിഷൻ തന്നെയാണ് സേവനയും രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടുതൽ വിവാഹങ്ങൾ നടക്കുന്ന സ്ഥലമായതിനാൽ വരനും വധുവിനും നേരിട്ട് ഹാജരാക്കാൻ ഗുരുവായൂർ ക്ഷേത്രത്തിന് സമീപം രണ്ട് കൗണ്ടർ ഉണ്ട്. ഇത് ഞായറാഴ്ചയും പ്രവർത്തിക്കുന്നു. ഈ രണ്ട് കാര്യങ്ങളാണ് മറ്റുസ്ഥലങ്ങളിൽ നിന്ന് ഗുരുവായൂരിൽ അധികമായുണ്ടായ സൗകര്യങ്ങൾ.
സംസ്ഥാനത്തിന്റെ അകത്തുനിന്നും പുറത്തുനിന്നുമുള്ള നിരവധിപേരുടെ വിവാഹം നടക്കുന്നു, പലർക്കും പിന്നെ വന്ന് സർട്ടിഫിക്കറ്റ് വാങ്ങാൻ കഴിയാത്തവരാണ്. ഇങ്ങനെയുള്ളവർക്ക് വേണ്ടി അപേക്ഷയും വിവാഹ സംബന്ധമായ എല്ലാ രേഖകളുമായി വിവാഹത്തിന് ശേഷം, വധുവും വരനും സാക്ഷികളും നേരിട്ട് കൗണ്ടറിൽ ക്യൂ നിന്ന് ഹാജരാകണം. എല്ലാ രേഖകളും കൃത്യമാണെങ്കിൽ അപേക്ഷ സ്വീകരിക്കും. ഇതിന് രജിസ്ട്രാർ അംഗീകാരം നൽകുന്നത് അനുസരിച്ച് സർട്ടിഫിക്കറ്റ് ഓൺലൈനിൽ ലഭിക്കും. രേഖകളുടെ മുഴുവൻ പരിശോധനയും ഫിസിക്കലാണ് എന്നതിനാൽ സമയം എടുക്കുന്ന പ്രക്രിയയാണ്. അതേ ദിവസം സർട്ടിഫിക്കറ്റ് ലഭിച്ചവരുണ്ടാകുമോ? അന്ന് ലഭിച്ചവരുണ്ടാകും, തിരക്ക് മൂലം വൈകി ലഭിക്കുന്നവരുണ്ട്, പിന്നെ വന്ന് രജിസ്റ്റർ ചെയ്യുന്നവരും ധാരാളം. ഇതാണ് സേവനയിൽ മുൻപുണ്ടായിരുന്ന സംവിധാനം.
കൗണ്ടർ അടയ്ക്കുന്ന സമയം വരെ മാത്രമേ രജിസ്ട്രേഷൻ നടപടികൾ നടത്താനാകൂ. ഇനി അഥവാ വിവാഹദിനത്തിലെ തിരക്കിൽ സമയത്തിന് ഹാജരാകാൻ കഴിഞ്ഞില്ലെങ്കിലോ രേഖകളിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലോ പിന്നീട് വീണ്ടും വരനും വധുവും ഒരുമിച്ച് വന്ന് നേരിട്ട് ഹാജരായി ഈ നടപടി പൂർത്തീകരിക്കണം.
കെ സ്മാർട്ടിൽ എങ്ങനെ?
വിവാഹത്തിന് ശേഷം രേഖകൾ ഓൺലൈനിൽ സ്വയം സമർപ്പിക്കാം. ആധാർ ഉൾപ്പെടെ ഓൺലൈനായി വെരിഫൈ ചെയ്യും എന്നതിനാൽ ചുരുക്കം രേഖകൾ മാത്രമേ ആവശ്യമുള്ളൂ. സിസ്റ്റം തന്നെ പ്രാഥമികമായി ഈ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തും.
വധുവോ വരനോ സാക്ഷികളോ ആരും നേരിട്ട് ഹാജരാകേണ്ടതില്ല. വിവാഹത്തിന് ശേഷം ഗുരുവായൂരിൽ കാത്തുനിന്നുതന്നെ വിവാഹത്തിന്റെ രജിസ്ട്രേഷൻ നിർവ്വഹിക്കണമെന്നുമില്ല. വിവാഹം കഴിഞ്ഞ് മടങ്ങിയ ശേഷം വീട്ടിലിരുന്ന് വേണമെങ്കിലും രജിസ്റ്റർ ചെയ്യാം. ലോകത്തിന്റെ ഏത് കോണിലിരുന്നും രേഖകൾ സമർപിച്ച് ഗുരുവായൂരിൽ രജിസ്റ്റർ ചെയ്യാം. സാക്ഷികൾക്ക് ഒടിപി ഉപയോഗിച്ച് വിവാഹം സാക്ഷ്യപ്പെടുത്താം. നടപടി പൂർത്തിയാകുമ്പോൾ സർട്ടിഫിക്കറ്റും ഓൺലൈനായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
വധുവും വരനും രണ്ടിടത്ത് ആണെങ്കിലും പ്രശ്നമില്ല. വീഡിയോ കെ വൈ സി വഴി രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാം. വ്യത്യസ്ത രാജ്യങ്ങളിലിരുന്ന് ഈ സംവിധാനം വഴി നിരവധി ദമ്പതികൾ ഇതിനകം തന്നെ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
രജിസ്ട്രേഷന് പ്രത്യേക സമയമില്ല, 24 മണിക്കൂറും രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കാം. രജിസ്ട്രാർ അംഗീകാരം നൽകുന്ന നിമിഷം തന്നെ ഓൺലൈനായി സർട്ടിഫിക്കറ്റ് ലഭിക്കും.
ഇനി ഭാഗ്യയുടെയും ശ്രേയസിന്റെയും കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് നോക്കാം
ഭാഗ്യയും ശ്രേയസും കെ സ്മാർട്ടിലൂടെ വിവാഹ രജിസ്ട്രേഷന് അപേക്ഷിച്ചത് വൈകിട്ട് 4:15നാണ്. അപേക്ഷ അംഗീകരിക്കേണ്ട രജിസ്ട്രാർ അന്നേ ദിവസം അവധിയായിരുന്നു. അദ്ദേഹം വൈകിട്ട് ഓൺലൈനായി ലോഗിൻ ചെയ്ത്, അന്നേ ദിവസം ഗുരുവായൂരിൽ നടന്ന വിവാഹങ്ങളിൽ തെറ്റുകളില്ലാതെ സമർപ്പിച്ച മുഴുവൻ അപേക്ഷകളും വീട്ടിലിരുന്ന് അപ്രൂവ് ചെയ്തു. കെ സ്മാർട്ടിലൂടെയാണ് ഇതു സാധ്യമായത്. ശ്രദ്ധിക്കണം ഒരാളുടെ മാത്രമല്ല, സാധുവായ എല്ലാ അപേക്ഷകളും അംഗീകരിച്ചു. മുൻപുള്ള സംവിധാനത്തിൽ അടുത്ത ദിവസം ഓഫീസിൽ രജിസ്ട്രാർ എത്തിയാൽ മാത്രമേ ഈ നടപടികൾ പൂർത്തിയാക്കാൻ കഴിയുമായിരുന്നുള്ളൂ. സംവിധാനങ്ങൾക്കൊപ്പം ഉദ്യോഗസ്ഥരും സ്മാർട്ടായി എന്ന് ചുരുക്കം.
വധൂവരന്മാർ അപേക്ഷിച്ചതും സർട്ടിഫിക്കറ്റ് കിട്ടിയതും ഓൺലൈനിലുടെയാണ്. അപ്രൂവ് ചെയ്തതും വളരെ ദൂരെയിരുന്ന് അവധിയിലായിരുന്ന ഒരു ഉദ്യോഗസ്ഥൻ. ഇതിനെയല്ലെങ്കിൽ മറ്റ് എന്തിനെയാണ് നാം സ്മാർട്ടെന്ന് വിളിക്കേണ്ടത്. സർട്ടിഫിക്കറ്റ് ഓൺലൈനായി ഫോണിലെത്തി, ഓഫീസിലേക്ക് വരേണ്ട കാര്യം തന്നെ ഇല്ലായിരുന്നു. ഇരുവരും ഓഫീസിലേക്ക് വന്നതിനാൽ ഈ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് ഔട്ട് ജീവനക്കാർ സന്തോഷപൂർവ്വം കൈമാറുകയാണ് ഉണ്ടായത്.
ഇത് ഗുരുവായൂരിലെ മാത്രം കാര്യമല്ല, കേരളത്തിലെ എല്ലാ നഗരസഭകളിലും ഇതുപോലെ വളരെ ചെറിയ സമയം കൊണ്ട് വിവാഹവും മരണവും ജനനവുമെല്ലാം രജിസ്റ്റർ ചെയ്യുന്നു. ഉപയോക്താക്കൾക്ക് എളുപ്പത്തിലും വേഗത്തിലും സേവനങ്ങൾ ഉറപ്പാക്കാൻ കഴിയുന്നു. എത്രയോ പേർ ആ പോസ്റ്റിൽ തന്നെ ഇങ്ങനെ സർട്ടിഫിക്കറ്റ് ലഭിച്ച അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. വയനാട്ടിലും കാനഡയിലും ഇരുന്ന് ഭാര്യയും ഭർത്താവും വിവാഹം രജിസ്റ്റർ ചെയ്തതുൾപ്പെടെ നിരവധി പേരുടെ അനുഭവം ഈ പേജിലൂടെ തന്നെ അറിയിച്ചിട്ടുണ്ട്. കണ്ണൂരിലെ ആന്തൂർ നഗരസഭയിൽ ആദ്യ വിവാഹ സർട്ടിഫിക്കറ്റ് നൽകിയപ്പോൾ, നടപടിക്രമങ്ങളുടെ വേഗത്തിനെ വിശേഷിപ്പിക്കാൻ ഇതേ മനോരമ ഉപയോഗിച്ച തലക്കെട്ട് ‘ടപ്പേ’ എന്നാണ്.
പക്ഷേ അതൊന്നും ഇപ്പോൾ മനോരമ സമ്മതിക്കില്ല, കെ സ്മാർട്ട് മഹാ മോശമാണ് എന്ന ക്യാമ്പയിനിലാണ് മനോരമ. കെ സ്മാർട്ട് വരുന്നതിൽ നഷ്ടം വരുന്ന ചില കൂട്ടർ ചിലയിടത്ത് ആഞ്ഞുപണിയുന്നുണ്ട്. അവരുടെ നാവായിട്ടാണ് അറിഞ്ഞോ അറിയാതെയോ മനോരമ ന്യൂസ് പ്രവർത്തിക്കുന്നത് എന്ന് തോന്നിപ്പോകും. പുതിയതായി ഒരു സംവിധാനം ഏർപ്പെടുത്തുമ്പോഴുള്ള ചെറിയ പ്രശ്നങ്ങളുണ്ടാകും, അത് ഇല്ല എന്നു പറയുന്നില്ല. ഇത്തരം എല്ലാ വിഷയങ്ങളെയും അഭിസംബോധന ചെയ്യാനും പരിഹരിക്കാനും സർക്കാർ സസൂക്ഷ്മം ഇടപെടുന്നുണ്ട്. ക്രിയാത്മകമായ ഒരു നിർദേശത്തോടും സർക്കാർ മുഖംതിരിച്ച് നിൽക്കുന്നില്ല. ഇതോടൊപ്പം ചിലർ കെ സ്മാർട്ട് പൊളിക്കാനുള്ള ബോധപൂർവ്വമായ നീക്കം നടത്തുന്നതിനെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നുണ്ട്. അതിൽ മനോരമയും ഭാഗഭാക്കാവരുത് എന്നേ പറയാനുള്ളൂ.
ചൈനീസ് ആപ്പിൽ പോയി കെ സ്മാർട്ടിനെതിരെ വാർത്ത കൊടുത്ത് ഒടുവിൽ കയ്യോടെ ജനം പിടികൂടിയപ്പോൾ ഖേദം പ്രകടിപ്പിച്ചതിന്റെ ക്ഷീണം മാറ്റാനാണ് ഇത്തരം വാർത്തകളെങ്കിൽ സാരമില്ല. അതിനപ്പുറം കെ സ്മാർട്ടിനെത്തന്നെ ഉന്നം വെക്കുന്ന ശക്തികൾക്ക് വേണ്ടിയാണെങ്കിൽ അത് ജനങ്ങൾ പൊറുക്കില്ല