ഇനി സൗദിയിലേക്ക് തൊഴില്‍ വിസ സ്റ്റാമ്ബ് ചെയ്യാൻ ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫീസില്‍ നേരിട്ടെത്തി വിരലടയാളം നല്‍കണം. സൗദി കോണ്‍സുലേറ്റ് ട്രാവല്‍ ഏജൻസികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് പുതിയ വിവരം വ്യക്തമാക്കിയിരിക്കുന്നത്.
ഇതോടെ ഉംറ വിസയൊഴികെ സൗദി അറേബ്യയിലേക്കുള്ള എല്ലാത്തരം വിസകളുടെയും കാര്യത്തില്‍ വിരലടയാളം നിര്‍ബന്ധമായി മാറുകയാണ്. ഉംറക്ക് ഇലക്ട്രോണിക് വിസയാണ് നല്‍കുന്നത്.
കേരളത്തില്‍ രണ്ട് വി.എഫ്.എസ് ശാഖകളാണുള്ളത്. കൊച്ചിയിലും കോഴിക്കോട്ടും. വിസിറ്റ്, ടൂറിസ്റ്റ് വിസാനടപടികളാണ് ഇപ്പോള്‍ ഇവിടെ കൈകാര്യം ചെയ്യുന്നത്. ഇനി തൊഴില്‍ വിസ കൂടി ഇവരുടെ പരിധിയിലേക്ക് വരുന്നതോടെ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
രാജ്യത്ത് ആകെ 10 ഇടങ്ങളില്‍ മാത്രമാണ് വി.എഫ്.എസ് ശാഖകളുള്ളത്. മുംബൈ, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളുരു, ലഖ്‌നൗ, ന്യൂ ഡല്‍ഹി, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് ഇത്.