NEWSWorld

ഷാര്‍ജയില്‍ വാഹനാപകടം: തിരുവനന്തപുരം സ്വദേശികളായ 2 പേർ മരിച്ചു, മൂന്ന് പേര്‍ പരിക്കുകളോടെ ആശുപത്രിയിൽ

ദുബൈ: ഷാര്‍ജയില്‍ മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 2 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ ആര്യനാട് പാങ്ങോട് പരന്‍തോട് സനോജ് മന്‍സിലില്‍ എസ്.എൻ‍ സനോജ് (37), പരപ്പാറ തോളിക്കോട് ജസ്‌ന മന്‍സിലില്‍ ജസീം സുലൈമാന്‍ (31) എന്നിവരാണ് മരിച്ചത്.

ജസീമിന്റെ ഭാര്യ ഷിഫ്‌ന ഷീന അബ്ദുല്‍ നസീര്‍, മക്കളായ ഇഷ ഫാത്തിമ, ആദം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷാര്‍ജ- അജ്മാന്‍ റോഡില്‍ തിങ്കളാഴ്ച വൈകിട്ട് 7.30ഓടെയായിരുന്നു സംഭവം. പുതുവത്സരം ആഘോഷിക്കാനായി ജാസിമും കുടുംബവും സനോജും വാഹനത്തില്‍ ഫുജൈറയില്‍നിന്നും തിരിച്ചുവരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

മരിച്ച ജാസിമിന്റെ ഭാര്യ ഷിഫ്‌ന അബ്ദുല്‍ നസീറിനെ ഗുരുതരാവസ്ഥയില്‍ ഷാർജയിലെ ദൈദ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.  മക്കളായ ഇഷ, ആദം എന്നിവരും അപകടത്തില്‍പ്പെട്ടിരുന്നു. മൂത്തമകളായ ഇഷ പരിക്കുകളോടെ ദൈദ് ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ആദമിന് പ്രാഥമിക ശുശ്രൂഷ നല്‍കി ബന്ധുക്കളുടെ കൂടെവിട്ടയച്ചു.

Back to top button
error: