ടൂര്‍ണമെന്റ് പാതിവഴിയിലെത്തി നില്‍ക്കെയാണ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നല്‍കിക്കൊണ്ട് ലൂണയ്ക്ക് പരിക്കേറ്റിരിക്കുന്നത്. താരത്തിന് ആര്‍ത്രോസ്കോപ്പിക് ശസ്ത്രക്രിയ വിജയകരമായി നടത്തിയെന്നും, പൂര്‍ണ്ണമായ ശാരീരിക ക്ഷമതയ്ക്കായി അദ്ദേഹം ഇപ്പോള്‍ വിശ്രമത്തിന്റെയും വീണ്ടെടുക്കലിന്റെയും പാതയിലാണെന്നും കഴിഞ്ഞ ദിവസം ക്ലബ്ബ് അറിയിച്ചിരുന്നു.
എന്നാലിപ്പോള്‍ പരിക്കിനെ കുറിച്ചും തന്റെ മാനസികാവസ്ഥയെക്കുറിച്ചും ആരാധകരോട് സോഷ്യല്‍ മീഡിയയിലൂടെ മനസ് തുറന്നിരിക്കുകയാണ് മഞ്ഞപ്പടയുടെ നായകൻ.
“പരിശീലനത്തിനിടെ എനിക്ക് പരിക്കേല്‍ക്കുകയും കാല്‍മുട്ടുകളില്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഞാൻ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. എന്നത്തേക്കാളും ശക്തനായി തിരിച്ചുവരുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്. എല്ലാ പരിചരണങ്ങള്‍ക്കും ക്ലബ്ബിനും മെഡിക്കല്‍ ടീമിനും നന്ദി,” ലൂണ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ച ലൂണ, സഹതാരങ്ങള്‍ക്ക് ആശംസകളും നേര്‍ന്നു.