കൊച്ചി: ജോലി സമയം കഴിഞ്ഞ് നവകേരള സദസിൻറെ പോസ്റ്റർ ഒട്ടിക്കാൻ പെരുമ്പാവൂർ നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് നഗരസഭാ സെക്രട്ടറിയുടെ നിർദേശം. അനുസരിക്കാത്തവർ ജോലിക്ക് വരണ്ടെന്ന് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി തൊഴിലാളികൾ ആരോപിച്ചു. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ സെക്രട്ടറിയുടെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
പുലർച്ചെ ആറ് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നഗര ശുചീകരണം. നടുവൊടിയുന്ന ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് ശുചീകരണ തൊഴിലാളികൾക്ക് കെട്ട് കണക്കിന് നവകേരള സദസിൻറെ പ്രചാരണ പോസ്റ്ററുകൾ കയ്യിലേക്ക് ലഭിക്കുക. നഗരത്തിൽ എല്ലായിടത്തും ഒട്ടിക്കണമെന്നാണ് നിർദേശം. പോസ്റ്ററുകൾ ഒട്ടിക്കുന്നതിന് പ്രശ്നമില്ലെന്നും പക്ഷേ അതിന് കൂലി കൂട്ടി നൽകണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ ഡ്യൂട്ടി ഓഫ് നൽകണം. അതുമല്ലെങ്കിൽ രാവിലെ ജോലിക്കിടെ തന്നെ പോസ്റ്റർ ഒട്ടിക്കാൻ അനുവദിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
എന്നാൽ, തൊഴിലാളികളുടെ മൂന്ന് നിർദേശങ്ങളും സെക്രട്ടറി തള്ളി. പോസ്റ്റർ ഒട്ടിക്കാൻ തയ്യാറാകാത്ത ശുചീകരണ തൊഴിലാളികൾ തൻറെ അനുമതിയില്ലാതെ ജോലിക്ക് പ്രവേശിക്കേണ്ടെന്ന് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂർ നഗരസഭയിലെ സെക്രട്ടറിയുടെ നടപടിയിൽ ചെയർമാൻ തന്നെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. തുച്ഛമായ വരുമാനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളിൽ പലരും നഗരസഭാ സെക്രട്ടറിയുടെ ഭീഷണിക്ക് വഴങ്ങി പോസ്റ്റർ ഒട്ടിക്കാനായി ഇറങ്ങിയിരിക്കുകയാണ്.